തിരുവനന്തപുരം: ഐഎസ്ഐ ബന്ധമുള്ള പാക്കിസ്ഥാന് മാധ്യമ പ്രവര്‍ത്തകയുമായി കേന്ദ്ര മന്ത്രി ശശിതരൂരിന്റെ ചങ്ങാത്തം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ബിജെപി. തരൂരിന്റെ ഭാര്യ സുനന്ദപുഷ്കര്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ അത്യന്തം ഗൗരവമുള്ളതും ജനങ്ങളില്‍ ആശങ്കയുണ്ടാക്കുന്നതുമാണ്. ഒരു കേന്ദ്രമന്ത്രിയില്‍ നിന്നുതന്നെയുണ്ടാകുന്ന ഇത്തരം നടപടികള്‍ രാജ്യസുരക്ഷയെ ആകെ ബാധിക്കുന്നതാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സുനന്ദ പുഷ്കറിന്റെ മരണം ദേശീയതലത്തില്‍ വലിയ വിവാദങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്. ഐഎസ്ഐ ബന്ധമുള്ള പാക്കിസ്ഥാന് മാധ്യമപ്രവര്‍ത്തകയുമായുള്ള ചങ്ങാത്തം വേണ്ടത്ര ചര്‍ച്ചയാകുകയും അന്വേഷണം നടത്തുകയും ചെയ്യേണ്ടതുണ്ട്. സുനന്ദയുടെ മരണത്തിനുത്തരവാദി ശശിതൂര്‍ തന്നെയാണെന്നതിലേക്കാണ് തെളിവുകള്‍ വിരല്‍ചൂണ്ടുന്നത്. ഐപിഎല്‍ അഴിമതിയുമായി ബന്ധപ്പെട്ടും തരൂരിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇതു സംബന്ധിച്ചെല്ലാം വിശദമായ അന്വേഷണം നടക്കണം. തരൂര്‍ രാജിവച്ച് അന്വേഷണം നേരിടണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് ആവശ്യപ്പെട്ടു.
ടി.പി.ചന്ദ്രശേഖരന് വധക്കേസിന്റെ വിധി വരാനിരിക്കുകയാണ്. ഏതു തരത്തിലുള്ള വിധിയാണെങ്കിലും ധാരാളം ചോദ്യങ്ങള്‍ അതു സംബന്ധിച്ച് ഉയരും. ഇപ്പോള്‍ പിടിക്കപ്പെട്ട് വിചാരണ നേരിടുന്ന പ്രതികളിലാരും ഗൂഢാലോചനയില്‍ പങ്കെടുത്തവരല്ല. ഗൂഢാലോചനയില്‍ പങ്കെടുത്തവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാതെ അന്വേഷണം പൂര്‍ത്തിയാകില്ല. ഗൂഢാലോചനക്കാരായ ഉന്നത നേതാക്കളെ രക്ഷിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസ്സുമായി നടത്തിയ ഒത്തുകളി പുറത്തായിരിക്കുകയാണ്. മാറാട് കേസന്വേഷണത്തിലും എസ്എന്‍സി ലാവ്ലിന് കേസിലും കെ.ടി.ജയകൃഷ്ണന് വധക്കേസിന്റെ അന്വേഷണത്തിലും സോളാര്‍ സമരത്തിലും ടി.പി.വധക്കേസിലും ഇടതുമുന്നണിയും യുഡിഎഫും തമ്മില്‍ ഒത്തുതീര്‍പ്പ് ഗൂഢാലോചന നടത്തിയിട്ടുണ്ട്. ജനങ്ങളെ പറ്റിക്കുന്ന ഇരുമുന്നണികളുടെയും സമീപനത്തിനെതിരെ ജനരോഷം ഉയരേണ്ടതുണ്ട്. ഈ ഒത്തുകളി രാഷ്ട്രീയത്തിന് അറുതി വരുത്തണം.
ഇരുമുന്നണികളും മാറിമാറി ഭരിച്ച് അഴിമതിയുടെ കേന്ദ്രമായി നാടുമാറിയിരിക്കുന്നു. ഇതിനെതിരായ ജനമുന്നേറ്റമുണ്ടാകണം. കേരളത്തില്‍ പുതിയ വികസന സംസ്കാരം ഉണ്ടാകണം. അതിനുള്ള ആഹ്വാനവും ചുവടുവയ്പ്പുമാണ് ഫെബ്രുവരി 9ന് നരേന്ദ്രമോദി മങ്കെടുക്കുന്ന മഹാസമ്മേളനത്തോടെ തുടക്കമാകുന്നത്. ഈ മാസം 25, 26 തീയതികളില്‍ കേരളത്തിലെ ലക്ഷക്കണക്കിനു വീടുകളില്‍ ബിജെപി പ്രവര്‍ത്തകര്‍ നരേന്ദ്രമോദിയുടെ സന്ദേശം എത്തിക്കുമെന്നും മുരളീധരന് പറഞ്ഞു. ഫെബ്രുവരി 9ന് വൈകിട്ട് തിരുവനന്തപുരത്ത് ശംഖുമുഖത്തു നടക്കുന്ന മഹാസമ്മേളനത്തിലും രാത്രി 7.30ന് എറണാകുളത്ത് മറൈന്‍ഡ്രൈവില്‍ നടക്കുന്ന കെപിഎംഎസിന്റെ കായല്‍സമ്മേളന വാര്‍ഷികത്തിലും നരേന്ദ്രമോദി സംബന്ധിക്കും. മഹാസമ്മേളനത്തില്‍ ബിജെപി അധ്യക്ഷന്‍ രാജ്നാഥ് സിംഗും പങ്കെടുക്കും.
ലോകസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നത് നിയോജകമണ്ഡലാടിസ്ഥാനത്തില്‍ പ്രവര്‍ത്തകരുടെ അഭിപ്രായം കൂടി മാനിച്ചാകുമെന്ന് വി.മുരളീധരന് പറഞ്ഞു. നിയോജകമണ്ഡലങ്ങളിലെ ബിജെപി നേതൃത്വം അഭിപ്രായം സംസ്ഥാന തെരഞ്ഞെടുപ്പ് സമിതിയെ അറിയിക്കുകയും അത് കേന്ദ്രപാര്ളമെന്ററി ബോര്‍ഡിനെ അറിയിക്കുകയും ചെയ്യും. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നത് കേന്ദ്രപാര്ളമെന്ററി ബോര്‍ഡാണ്. സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്ന നടപടികള്‍ ആരംഭിച്ചതായും മുരളീധരന് പറഞ്ഞു.
ബിജെപി പിന്തുണയോടെ സ്വതന്ത്രസ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുണ്ടാകുമോ എന്ന ചോദ്യത്തിന് അത്തരം നല്ല നിര്‍ദ്ദേശങ്ങള്‍ വന്നാല്‍ പരിഗണിക്കുമെന്ന് മുരളീധരന് അറിയിച്ചു. സംസ്ഥാന അധ്യക്ഷന്റെ നേതൃത്വത്തിലുള്ള 15 അംഗ തെരഞ്ഞെടുപ്പു സമിതിയാണ് കേരളത്തില്‍ സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ നിര്‍ദ്ദേശിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: