തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ നിന്നും സമരങ്ങള്‍ക്കൊരു പൊതുവേദി കണ്ടെത്തുന്ന കാര്യത്തില്‍ ഉടന്‍ സര്‍വകക്ഷി യോഗം ചേരുമെന്ന് ആഭ്യന്തര മന്ത്രി രമേശ്ചെന്നിത്തല. സെക്രട്ടേറിയറ്റിനു മുന്നില്‍ ദിനംപ്രതി പെരുകുന്ന സമരങ്ങള്‍ മൂലം പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നഷ്ടപ്പെടുകയാണ്.
സെക്രട്ടേറിയേറ്റിനു മുന്നില്‍ മാത്രമല്ല, കിലോമീറ്റര്‍ നീളുന്ന ഗതാഗതസ്തംഭനമാണ് ഉണ്ടാകുന്നത്. വിദ്യാലയങ്ങള്‍, ആശുപത്രികള്‍, സര്‍ക്കാരിതിര സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളേയും സമരങ്ങള്‍ ബാധിക്കുന്നുണ്ട്. മറ്റു ദൈനംദിന ജോലികള്‍ നോക്കാത്ത വിധം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സമരങ്ങള്‍ മൂലം ബുദ്ധിമുട്ടുണ്ടാകുകയാണ്. വിവിധ രാഷ്ട്രീയ, സാമുദായിക സംഘടനകളുടെ സമരവേദി ശംഖുംമുഖത്തേക്ക് മാറ്റണമെന്ന നിര്‍ദേശം ശക്തമാണ്. ഇതുസംബന്ധിച്ചു ചര്‍ച്ച ചെയ്യാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ അതു നടന്നില്ല. എന്നാല്‍, ഉടന്‍ തന്നെ ഇക്കാര്യത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും യോഗം വിളിച്ച് തീരുമാനമെടുക്കും. പൗരന്മാര്ക്ക് ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന മൗലിക അവകാശമായ സഞ്ചാര സ്വാതന്ത്ര്യം ലഭ്യമാക്കണമെങ്കില്‍ സെക്രട്ടേറിയറ്റിനു മുന്നിലെ സമരവേദി മാറ്റണമെന്നും ബെന്നി ബെഹന്നാന് എംഎല്‍എയുടെ സബ്മിഷന് മന്ത്രി മറുപടി നല്കി.
കൊരട്ടിയിലെ വൈഗാ ത്രെഡ്സ് കമ്പനിയിലെ പ്രശ്നങ്ങള്‍ പരിഹരിച്ച് ഭൂമിയും കെട്ടിടവും സര്‍ക്കാര്‍ ഏറ്റെടുക്കുന്നതു സംബന്ധിച്ച ചര്‍ച്ച തുടരുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. കമ്പനിയുമായി ബന്ധപ്പെട്ട് കര്‍ണാടക ഹൈക്കോടതിയില്‍ നടക്കുന്ന കേസില്‍ യൂണിയനുകള്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്. കമ്പനി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് റവന്യൂ മന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍, ഇതിനു ശേഷം കേസ് പരിഗണിക്കാത്തതിനാല്‍, യോഗതീരുമാനങ്ങള്‍ കോടതിയെ അറിയിക്കാന്‍ സാധിച്ചിട്ടില്ല. കേസ് പരിഗണിച്ച ശേഷം ഇക്കാര്യത്തില്‍ തുടര്‍ ചര്‍ച്ച നടത്തി അനുകൂല തീരുമാനം കൈക്കൊള്ളുമെന്നും ബി.ഡി.ദേവസ്സിയുടെ സബ്മിഷ്ണ മുഖ്യമന്ത്രി മറുപടി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: