തിരുവനന്തപുരം:ഇക്കഴിഞ്ഞ ശബരിമല തീര്‍ത്ഥാടനത്തില്‍ കേരള മോട്ടോര്‍ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള പോലീസ് സേഫ് സോണ്‍ വിജയകരമായി നടപ്പിലായതായി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ്സിംഗ്. 72 പേര് 6 സ്ക്വാഡുകളായി തിരിഞ്ഞ് 24 മണിക്കൂറും ഏകദേശം 200 കി.മീറ്റര്‍ ദൈര്‍ഘ്യത്തില്‍ ശബരി പാതയില്‍ പട്രോളിംഗ് നടത്തി നിയമലംഘനങ്ങളും കുറ്റകൃത്യങ്ങളും അപകടങ്ങളിലേക്ക് നയിക്കാവുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കി.
സുഗമമായ സുരക്ഷിത പാത ഒരുക്കുവാനായി വിവിധ ഡിപ്പാര്‍ട്ടുമെന്റുകളെ കൂടാതെ 18 ഓളം വാഹന നിര്‍മ്മാതാക്കളുടെ റിപ്പയറിംഗ് സ്ക്വാഡുകളും 3 റിക്കവറി യൂണിറ്റുകളും 3 ക്രെയിന്‍ യൂണിറ്റും ഒരു ടയര്‍ റിപ്പയര്‍ യൂണിറ്റും ഒരു ആംബുലന്‍സും 24 മണിക്കൂറും സേവന സന്നദ്ധരായി ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. 72 സ്വാമിഭക്തര്‍ക്ക് നിസാര പരിക്കുകളല്ലാതെ ഗുരുതരമായ പരിക്കുകളോ മരണമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പൂര്‍ണമായും അഗ്നിക്കിരയായ രണ്ട് വാഹനങ്ങളുടെ കാര്യത്തിലും അയ്യപ്പന്മാരെ പൂര്‍ണ്ണമായും രക്ഷപ്പെടുത്തുവാന്‍ കഴിഞ്ഞു. സേഫ് സോണില്‍ 20 വരെ 12316 ബ്രേക്ക് ഡൗണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ആന്ധ്രാപ്രദേശ് കൊപ്പം എന്ന സ്ഥലത്ത് നിന്നും വന്ന എര്‍ട്ടിഗ ഇനത്തില്‍ പെട്ട വാഹനം വടകരയില്‍ നിന്നും മോഷണം പോയി സേഫ് സോണിന്റെ പ്രവര്‍ത്തനഫലമായി വണ്ടിപിടിച്ചെടുത്തു. കുറ്റകരമായ അനാസ്ഥയ്ക്കും അപകടകരമായ ഡ്രൈവിംഗിനുമായി 24 പേര്‍ക്കെതിരെയും അതില്‍ തന്നെ 4 പേരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതിനും 270 ഓളം കേസുകളും സേഫ് സോണില്‍ നടപടിയെടുത്തു.
ശബരിപാതയില്‍ 6 നിരീക്ഷണക്യാമറകളും വളവുകളിലെ യാത്ര സുഗമമാക്കുന്നതിനായി 4 കോണ്‍വെക്സ് കണ്ണാടികളും വളവുകളില്‍ സ്ഥാപിച്ചിരുന്നു. ബോധവത്കരണത്തിന്റെ ഭാഗമായി 6 ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ അച്ചടിച്ച സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ ഡ്രൈവര്‍മാര്‍ക്കും തീര്‍ത്ഥാടകര്‍ക്കുമായി വിതരണം ചെയ്തിരുന്നു.നോഡല്‍ ഓഫീസറായിരുന്ന പി.ഡി.സുനില്ബാബുവിന്റെയും ടീം അംഗങ്ങളുടെയും കൂട്ടായ പ്രവര്‍ത്തനം സേഫ് സോണ്‍ വിജയിപ്പിക്കുന്നതിന് പ്രധാന പങ്കുവഹിച്ചു.
ഏകദേശം 20 ലക്ഷത്തോളം വാഹനങ്ങളാണ് ഇത്തവണ ശബരിമലയിലെത്തിയത്. മകരവിളക്ക് ദര്‍ശനത്തിന് തിരക്ക് നിയന്ത്രിക്കാനായി മോട്ടോര്‍ വാഹന വകുപ്പിന്റെ തെക്കന്‍ മേഖലയിലെ ഏകദേശം 60 ഓളം ഓഫീസര്‍മാരും 30 ഓളം വാഹനങ്ങളും അധികമായി വിന്യസിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: