വധശിക്ഷയെക്കുറിച്ചുള്ള സുപ്രീംകോടതി പരാമര്‍ശം വ്യത്യസ്ത പ്രതികരണങ്ങളാണ് സമൂഹത്തിന്റെ വിവിധകോണുകളില്‍ നിന്നും ഉയര്‍ത്തുന്നത്. ഇക്കാര്യത്തില്‍ നിയമവിഗ്ധര്‍ തന്നെ പല തട്ടിലാണ്. ജന്മഭൂമിയുടെ കൊച്ചി ബ്യൂറോ നടത്തിയ അഭിപ്രായസര്‍വ്വേ.
ജസ്റ്റിസ് ജെ.ബി.കോശി
മരണം ഭയന്ന് ജീവിക്കുന്നതിനേക്കാള്‍ ഭേദം വധശിക്ഷ നടപ്പിലാക്കുന്നതാണെന്ന് കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ചെയര്മാന് ജസ്റ്റിസ് ജെ.ബി.കോശി പറയുന്നു. രാഷ്ട്രപതിയുടെ മുന്നിലെത്തുന്ന ദയാഹര്‍ജി പരിഗണിക്കുന്നതില്‍ കാലതാമസം നേരിടരുതെന്നും അദ്ദേഹം പറഞ്ഞു. ദയാഹര്‍ജിയില്‍ തീരുമാനം എടുക്കുന്നതിന് സമയപരിധി നിശ്ചയിച്ചുകൊണ്ട് നിയമം നടപ്പാക്കണം. കൊല്ലപ്പെടുന്നത് പ്രമുഖ വ്യക്തിയാണോ എന്നതല്ല പ്രധാനം. നിയമം എല്ലാവര്ക്കും ഒരേപോലെ ബാധകമാവണം. ഒരു സംഭവം നടന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ശിക്ഷ വിധിക്കുകയാണെങ്കില്‍ ജനങ്ങള്‍ ആ സംഭവം തന്നെ മറന്ന് പോയിട്ടുണ്ടാകും. അപ്പോള്‍ പിന്നെ ശിക്ഷ നടപ്പാക്കുന്നത് കൊണ്ട് എന്താണ് പ്രയോജനമെന്നും അദ്ദേഹം ചോദിക്കുന്നു. പാര്‍ലമെന്റ് ആക്രമണം നടന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കുറ്റക്കാരനായ അഫ്സല് ഗുരുവിനെ തൂക്കിലേറ്റിയത്. ദയാഹര്‍ജി പരിഗണിക്കുന്നതിലെ കാലതാമസമാണ് ഇതിന് കാരണം. അത്യപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസില്‍ മാത്രമേ വധശിക്ഷ വിധിക്കാന്‍ പാടുള്ളുവെന്നാണ് തന്റെ നിലപാടെന്നും കോശി വ്യക്തമാക്കി.
60 ശതമാനം കേസുകളിലും കീഴ്കോടതി തന്നെ വെറുതെ വിടുന്നതായാണ് കാണുന്നത്. രണ്ട് ശതമാനം കേസുകളില്‍ മാത്രമാണ് വധശിക്ഷ വിധിക്കപ്പെടുന്നത്. വധശിക്ഷ പൂര്‍ണമായും നിര്‍ത്തലാക്കുകയാണെങ്കില്‍ അത് വാടക കൊലയാളികളെ കൂടുതല്‍ സൃഷ്ടിക്കാന്‍ ഇടയാക്കുകയും ചെയ്യുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പല രാഷ്ട്രീയ താല്‍പ്പര്യങ്ങളും ദയാഹര്‍ജിയില്‍ തീരുമാനം എടുക്കുന്നതിന് തടസ്സമാകാറുണ്ട്. പീഡനമായാലും കൊലപാതകമായാലും ഇരകളാകുന്നവരെ സമൂഹം തന്നെ മറന്നതിന് ശേഷം ശിക്ഷ നടപ്പാക്കുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളതെന്ന് അദ്ദേഹം ചോദിക്കുന്നു.
അഡ്വ. സുവിദത്ത്
വധശിക്ഷക്ക് വിധിക്കപ്പെട്ടയാള്‍ സമര്‍പ്പിക്കുന്ന ദയാഹര്‍ജിയില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ തീരുമാനം എടുക്കണമെന്ന അഭിപ്രായമാണ് സുപ്രീംകോടതിയില്‍ അഭിഭാഷകനായ സുവിദത്തിനുള്ളത്. രാഷ്ട്രപതി ദയാഹര്‍ജി തള്ളിയാല്‍ പോലും ശിക്ഷ നടപ്പാക്കുന്നത് പലകാരണത്താല്‍ അനിശ്ചിതമായി നീണ്ടുപോകുന്നുണ്ട്. ഹര്‍ജി തള്ളിയ അന്ന് മുതല്‍ 14 ദിവസത്തിനുള്ളില്‍ ശിക്ഷ നടപ്പാക്കണമെന്ന നിയമം പലപ്പോഴും പാലിക്കപ്പെടുന്നില്ല.
ദയാഹര്‍ജി നല്കുമ്പോഴേക്കും പലപ്പോഴും പ്രതിയുടെ മാനസിക നിലതന്നെ തെറ്റിയ സ്ഥിതിയിലായിരിക്കും. വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതിയെ ജയിലില്‍ ഒറ്റയ്ക്കൊരു സെല്ലില്‍ പാര്‍പ്പിക്കുകയാണ് ചെയ്യുക. ഇത് മനുഷ്യാവകാശങ്ങളുടെ കടുത്ത ലംഘനമാണ്. തടവിലാണ് എന്ന് കരുതി അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നില്ല. 8-10 വര്‍ഷം തടവില്‍ കഴിയുമ്പോഴേക്കും ആ വ്യക്തി മാനസികമായി തകര്‍ന്ന നിലയിലായിരിക്കും. ഇങ്ങനെയുള്ള വ്യക്തികള്‍ മനോരോഗത്തിന് അടിമയാണെന്ന് ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് നല്കിയാല് അവരെ തൂക്കിലേറ്റാന്‍ പാടില്ല. പ്രതികള്‍ക്ക് മാനസിക പരിവര്‍ത്തനത്തിനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് പ്രധാനം. കുറ്റം ചെയ്യുന്ന വ്യക്തിയുടെ പ്രായവും ശിക്ഷ വിധിക്കുമ്പോള്‍ പ്രധാനഘടകം ആണ്. 1993 ലെ ദല്‍ഹി ഹൈക്കോടതി സ്ഫോടനത്തിലെ പ്രതി ദേവീന്ദര്‍ സിംഗ് ഫുല്ലറിന്റെ ദയാഹര്‍ജി 2012ല്‍ തള്ളി. എന്നാല്‍ വധശിക്ഷ 2014 ആയിട്ടും നടപ്പാക്കിയിട്ടില്ല. പല കേസുകളും ഉദ്യോഗസ്ഥരുടെ അനാസ്ഥയാല്‍ ചുവപ്പ് നാടയില്‍ കുരുങ്ങിയിരിക്കുകയാണെന്നും സുവിദത്ത് പറയുന്നു. വധശിക്ഷ നടപ്പാക്കാന്‍ ആരാച്ചാരെ കിട്ടാത്തതും പ്രശ്നമാണ്. പ്രതികളെ തൂക്കിലേറ്റിയ ശേഷം ആരാച്ചാര്‍മാര്‍ക്ക് സാധാരണ ജീവിതം നയിക്കാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളതെന്നും അദ്ദേഹം പറയുന്നു. ദയാഹര്‍ജിയില്‍ ഒപ്പു ചാര്‍ത്തുന്നതോടെ രാഷ്ട്രപതിയുടെ ഉത്തരവാദിത്തം അവസാനിക്കുന്നു. എന്നാല്‍ കുറ്റബോധം പേറേണ്ടി വരുന്നത് തൂക്കിലേറ്റുന്ന വ്യക്തിയാണ്.
ജസ്റ്റിസ് ഡി. ശ്രീദേവി
ഉദ്യോഗസ്ഥതലത്തിലെ അനാസ്ഥയാണ് ദയാഹര്‍ജി പരിഗണിക്കുന്നതിലെ കാലതാമസത്തിന് പ്രധാനകാരണമെന്ന് മുന്‍ വനിതാ കമ്മീഷന് അധ്യക്ഷയും ഹൈക്കോടതി ജഡ്ജിയുമായിരുന്ന ജസ്റ്റിസ് ഡി.ശ്രീദേവി പറയുന്നു. ദയാഹര്‍ജി നല്കി തീരുമാനം കാത്തുകിടക്കുന്നതിലും നല്ലത് ശിക്ഷ ജീവപര്യന്തമാക്കുന്നതാണ്. ഉദ്യോഗസ്ഥതലത്തില്‍ അടി മുതല്‍ മുടിവരെ അഴിമതിയാണ്. ഇത്തരക്കാര്‍ക്ക് ഒരാള്‍ മരിക്കണോ വേണ്ടയോ എന്ന് വരെ തീരുമാനിക്കാന്‍ സാധിക്കും.
സമൂഹത്തില്‍ കൊള്ളരുതാത്തവനെയാണ് വധശിക്ഷയ്ക്ക് വിധിക്കുക. എന്നാല്‍ മനുഷ്യനെ ശിക്ഷിക്കുന്നതിനും ഒരു പരിധിയുണ്ടെന്ന് ശ്രീദേവി പറയുന്നു. വ്യക്തിപരമായി വധശിക്ഷ നല്‍കുന്നതിനോട് എതിരാണെന്നും അവര്‍ പറഞ്ഞു. വധശിക്ഷ നല്‍കുന്നത് കൊണ്ട് കുറ്റകൃത്യങ്ങള്‍ കുറയുന്നുമില്ല. ജീവപര്യന്തം എന്നത് ജീവിതാവസാനം വരെയാണെന്ന് സുപ്രീം കോടതിയും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇന്ന് നല്ലനടപ്പിന്റെ പേരില്‍ പലര്‍ക്കും ശിക്ഷയില്‍ ഇളവ് നല്‍കുന്നുണ്ട്. മനുഷ്യനെ മൃഗമാക്കി മാറ്റുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാത്തിടത്തോളം കാലം കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുമെന്നും ഡി.ശ്രീദേവി പറഞ്ഞു.
അഡ്വ.ജോര്‍ജ്ജ് മെര്ളോ പള്ളത്ത്
ദയാഹര്‍ജിയില്‍ തീരുമാനമെടുക്കുന്നത് അനിശ്ചിതമായി നീളുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് എറണാകുളം ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ.ജോര്‍ജ്ജ് മെര്ളോ പള്ളത്ത് അഭിപ്രായപ്പെട്ടു. പ്രണബ് മുഖര്‍ജി രാഷ്ട്രപതിയായി ചുമതലയേറ്റ ശേഷം ദയാഹര്‍ജികള്‍ വേഗത്തില്‍ പരിഗണിക്കുന്നുണ്ട്. രാഷ്ട്രീയ താല്പര്യങ്ങളാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കുന്നതിന് കാലതാമസം നേരിടാന്‍ കാരണം. വധശിക്ഷ നടപ്പാക്കുന്നത് കൊണ്ട് മാത്രം കുറ്റകൃത്യങ്ങള്‍ കുറയുന്നുമില്ല. പകരം നിയമങ്ങള്‍ കര്‍ശനമാക്കി നടപ്പാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ജസ്റ്റിസ് വി.ആര്.കൃഷ്ണയ്യര്‍
ഏതൊരു വിശുദ്ധനും ഒരു ഭൂതകാലം ഉണ്ടെന്നതുപോലെ ഏതൊരു പാപിക്കും ഒരു ഭാവി കാലം ഉണ്ടെന്ന് താന്‍ ഒരു വിധിപ്രഖ്യാപനത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. അതേപോലെ ഏതൊരു കുറ്റവാളിക്കും അന്തിമ വിധി വരുന്നതുവരെ മനുഷ്യാവകാശങ്ങള്‍ അനുസരിച്ച് ജീവിക്കുവാനുള്ള അവകാശവും നിഷേധിക്കപ്പെടരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: