ആലപ്പഴ: കുട്ടനാട്ടില്‍ മിച്ചഭൂമി ആവശ്യത്തിലേറെ ഉണ്ടായിട്ടും സര്‍ക്കാര്‍ ഭൂരഹിതര്‍ക്ക് കാസര്‍കോഡ് ജില്ലയില്‍ ഭൂമി അനുവദിക്കുന്നതില്‍ ദുരൂഹത. ടൂറിസം കുത്തകകളുടെയും റിസോര്‍ട്ട് മാഫിയകളുടെയും ഇടപെടലുകളാണ് ഇതിന് പിന്നിലെന്നാണ് ആരോപണം.
ജില്ലയില്‍ പട്ടിക വിഭാഗത്തിലും പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവരുമാണ് ഭൂമിക്കായുള്ള അപേക്ഷകരില്‍ ഏറെയും. വിവരാവകാശ രേഖകള്‍ പ്രകാരം ലഭിച്ച മറുപടിയില്‍ കഴിഞ്ഞ ഏപ്രില്‍ വരെ 1504.51 ഹെക്ടര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ടെന്നും 33.92 ഹെക്ടര്‍ ഭൂമി ഇനിയും ഏറ്റെടുക്കേണ്ടതുണ്ടെന്നുമാണ് അറിയിച്ചത്. ഇത്രയും ഭൂമി കുട്ടനാട് താലൂക്കില്‍ ലഭ്യമായിട്ടും കുട്ടനാട്ടിലെ അപേക്ഷകര്‍ക്ക് കാസര്‍കോഡ് ജില്ലയില്‍ ഭൂമി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.
ടൂറിസം മാഫിയകള്‍ ഏറ്റവും കൂടുതല്‍ ലക്ഷ്യം വെയ്ക്കുന്ന പ്രദേശമാണ് കുട്ടനാട്. കര്‍ഷകത്തൊഴിലാളികള്‍ അടക്കമുള്ള ഭൂരഹിതര്‍ക്ക് ഭൂമി നല്‍കാതെ മാഫിയകളെ സഹായിക്കുന്ന നിലപാടാണ് റവന്യു വകുപ്പിന്റേതെന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ കുട്ടനാട്ടില്‍ വ്യാപകമായി കൃഷിഭൂമി നികത്തുകയും തരിശിടുകയുമാണ്. ഈ സാഹചര്യത്തില്‍ കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും ഭൂമി പതിച്ചു നല്കി കൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്.
കൃഷിയോഗ്യമല്ലാത്ത മൊട്ടക്കുന്നുകള്‍ പതിച്ച് നല്‍കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ ഔദാര്യം നിഷേധിക്കാനുള്ള ആലോചനയിലാണ് ജില്ലയിലെ ഭൂരഹിതര്‍.
പി. ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: