ഹാമില്ട്ടണ്: ന്യൂസിലന്റിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും. രാവിലെ 6.30ന് തുടങ്ങുന്ന കളി സോണി സിക്സില് ലൈവ്. പരമ്പരയില്‍ തിരിച്ചുവരവിന് ഇന്ത്യ കൊതിക്കുമ്പോള്‍ തുടര്‍ ജയത്തോടെ ആധിപത്യം ഉറപ്പിക്കുകയാവും കിവികളുടെ ഉന്നം.
ഹാമില്‍ട്ടണിലെ കളത്തില്‍ ഇറങ്ങുന്ന നേരം ആശങ്കകളേറെയുണ്ടാവും മഹേന്ദ്രസിങ് ധോണിയുടെയും കൂട്ടുകാരുടെയും മനസില്‍. ജയിക്കാനാവുമായിരുന്ന ഒരു മത്സരം തോറ്റതിലെ നിരാശയും അതിന് ആക്കംകൂട്ടും. വിരാട് കോഹ്ലിയെ അമിതമായി ആശ്രയിക്കുന്നതാണ് ടീം ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്നം. ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയ്ക്കും മികച്ച തുടക്കം നല്കാന് കഴിയുന്നില്ല. ധോണിയും സുരേഷ് റെയ്നയും രവീന്ദ്ര ജഡേജയുമൊക്കെ നിറം മങ്ങുകയും ചെയ്യുന്നു.
കോഹ്ലിയില് തന്നെ ഇത്തവണയും ഇന്ത്യയുടെ പ്രതീക്ഷ. ബാറ്റിങ്ങിലെ മറ്റു വന്‍ തോക്കുകള്‍ കൂടി ഗര്‍ജിച്ചാല്‍ ധോണിപ്പടയ്ക്ക് പുതുജീവന്‍ ലഭിക്കും. ഇഷാന്ത് ശര്‍മയും ആര്. അശ്വിനും വിദേശപിച്ചില്‍ പാളുന്നത് ഇന്ത്യന്‍ ബൗളിങ്ങിനെയും പിന്നോട്ടടിക്കുന്നു. നേപ്പിയറില്‍ ഇന്ത്യയുടെ പന്തേറുകാരെ ന്യൂസിലാന്റ് അനായാസം കൈകാര്യം ചെയ്തിരുന്നു. മറുവശത്ത് ബ്ലാക്ക് ക്യാപ്സിന്റെ ബാറ്റിങ്ങില്‍ കാര്യമായ പ്രശ്നങ്ങളൊന്നുമില്ല. കീന്‍ വില്യംസണ്, റോസ് ടെയ്ലര്, കോറി ആന്ഡേഴ്സന് എന്നിവര്‍ അവസരത്തിനൊത്ത് ഉയര്‍ന്നുകഴിഞ്ഞു. ഇനി നായകന് ബ്രണ്ടന്‍ മക്കല്ലവും മാര്ട്ടിന് ഗുപ്റ്റിലും ജെസി റൈഡറും ഒന്നുണര്‍ന്നാല്‍ മതി. സമ്മര്‍ദ്ദ നിമിഷങ്ങളെ അതിജീവിക്കാന്‍ ബൗളര്‍മാര്‍ മിടുക്കരാണെന്നതും ആതിഥേയര്‍ക്ക് കരുത്തേകുന്നു. യുവ പേസര്‍ ആദം മില്‍നെ പരിക്കേറ്റു പുറത്തായതാണ് അവര്‍ക്കേറ്റ ഏക തിരിച്ചടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: