തിരുവനന്തപുരം: മഹാകവി കുമാരനാശാനെ സാംസ്കാരിക വകുപ്പും മറന്നു. ആശാന്റെ 90-ാം ചരമവാര്‍ഷികം കടന്നു പോയത് സംസ്ഥാന സാംസ്കാരിക വകുപ്പ് അറിഞ്ഞില്ല. ജനുവരി 16-ന് ആയിരുന്നു മലയാളത്തിന്റെ കാവ്യലോക പ്രതിഭയുടെ ജീവിതം വിധിയുടെ ആഴത്തില്‍ മുങ്ങി മറഞ്ഞത്.
സാംസ്കാരിക വകുപ്പെന്നല്ല, സാംസ്കാരിക കേരളംതന്നെ അതറിഞ്ഞില്ലെന്നു വേണം വിലയിരുത്താന്‍. സാഹിത്യത്തിന്റെ പേരില്‍ നിസ്സാര കാര്യങ്ങളുണ്ടാക്കി അതാഘോഷിക്കുന്ന ഭാഷാപ്രേമികളും ആശാനെ മറന്നു.
മഹാകാവ്യം എഴുതാതെതന്നെ മഹാകവി എന്നു വിളിപ്പിക്കുമെന്നു പ്രഖ്യാപിക്കുകയും അതു പ്രാവര്‍ത്തികമാക്കുകയും ചെയ്തു ആശയ ഗംഭീരന്‍ മണ്മറഞ്ഞത് 1924 ജനുവരി 16ന് ആയിരുന്നു. അന്നു പുലര്‍ച്ചെ പല്ലനയാറ്റില്‍ റെഡീമര്‍ എന്ന ബോട്ടുദുരന്തത്തിലാണ് കവിത്രയങ്ങളില്‍ പ്രധാനിയായ കുമാരനാശാന് കവിതകളുടെ ലോകത്തുനിന്നും യാത്രയായത്. ലോകം മുഴുവന്‍ സുഖനിദ്രയിലാണ്ടിരുന്ന സമയത്തും തന്റെ ശിഷ്യന് സംഭവിച്ചേക്കാവുന്ന ദുരന്തം മുന്‍കൂട്ടി അറിയാമായിരുന്ന ശ്രീനാരായണ ഗുരുദേവന് മാത്രം അന്നുറങ്ങിയില്ലത്രെ.
കരുണയും ചണ്ഡാലഭിക്ഷുകിയും വീണപൂവുമെല്ലാം വേണ്ടുവോളം ആസ്വദിച്ച മലയാളികളും അതില്‍ അഭിമാനം പൂണ്ട സാഹിത്യലോകവും ഇന്ന് കുമാരനാശാന് വേണ്ടത്ര പരിഗണന കൊടുക്കുന്നുണ്ടോ എന്നാണ് സംശയം. അദ്ദേഹത്തിന്റെ ചരമവാര്‍ഷികം ആരും തന്നെ ഗൗനിക്കുന്നില്ല…… എന്തും ആഘോഷിക്കുന്നവരും ആചരിക്കുന്നവരുമാണ് മലയാളികളെന്നിരിക്കിലും.
ചിറയിന്‍കീഴ് താലൂക്കിലെ കായിക്കരയിലെ ആശാന്റെ ജന്മനാട്ടില് സ്ഥിതിചെയ്യുന്ന ആശാന്സ്മാരകവും തോന്നയ്ക്കല്‍ ആശാന് സ്മാരകവും ഒന്ന് സ്മരിച്ചു എന്നല്ലാതെ സംസ്ഥാന ഗവണ്മെന്റും മലയാള സാഹിത്യബുദ്ധിജീവികളും ആശാന്റെ ചരമവാര്‍ഷികത്തെ അപ്പാടെ തഴയുകയായിരുന്നു.
ആശാന് ജനിച്ചുവളര്‍ന്ന കുടുംബമണ്ണിന്റെ ഒരുഭാഗം സെമിത്തേരിക്കായി പള്ളിക്കാര്‍ക്ക് വിറ്റിട്ടും ഭൂമി വില്‍പ്പനക്ക് ബോര്‍ഡ് വച്ചിട്ടും അനങ്ങാതിരിക്കുന്ന കേരളീയ സമൂഹം ആശാന്റെ ചരമദിനം ഓര്‍ത്തില്ല എന്നത് വലിയ കുറ്റമല്ലായിരിക്കാം. സ്വന്തം കവിതകളില്‍ സ്മാരകം തീര്‍ത്ത് അതില്‍ തന്റെ ചരിത്രമെഴുതിയ മഹാകവിയുടെ ആത്മാവ് മലയാളികളുടെ നന്ദികേട് മറക്കുമായിരിക്കും എന്നാണ് ചിലര്‍ പ്രതികരിച്ചത്.
ഹരി.ജി.ശാര്‍ക്കര
പ്രതികരിക്കാൻ ഇവിടെ എഴുതുക: