കോഴിക്കോട്: ടിപി ചന്ദ്രശേഖരന് വധക്കേസിന്റെ വിധി നാളെ വരാനിരിക്കെ കണ്ണൂര്‍, കോഴിക്കോട്, ജില്ലകള്‍ക്ക് പുറമെ മാഹിയിലും കനത്ത സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. പ്രതികളില്‍ നിരവധിപേര്‍ മാഹി സ്വദേശികളായതിനാല്‍ പോലീസ് അതീവജാഗ്രതയാണ് പുലര്‍ത്തുന്നത്. കോഴിക്കോട് എരഞ്ഞിപ്പാലത്തുള്ള പ്രത്യേക കോടതിയാണ് വിചാരണ നേരിടുന്ന 36 പ്രതികളുടെ വിധി നാളെ പ്രഖ്യാപിക്കുക.
കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് ജഡ്ജി ആര് നാരായണ പിഷാരടിയാണ് കേരളം കാത്തിരിക്കുന്ന വിധി പ്രസ്ഥാവിക്കുന്നത്. അതേസമയം പ്രതികളില്‍ മിക്കവരും കണ്ണൂര്‍ ജില്ലക്കാരായതു കൊണ്ട് സംഘര്‍ഷ സാധ്യതയുണ്ടാകുമെന്ന് ഇന്റലിജന്‍സ് വിഭാഗം നേരത്തെ ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വിധി അനുകൂലമായാലും പ്രതികൂലമായാലും പ്രകടനങ്ങളും മറ്റും പാടില്ലെന്ന സി.പി. എം നേതൃത്വത്തിന്റെ നിര്‍ദ്ദേശം പൊലീസ് മുഖവിലക്കെടുക്കുന്നില്ല.
നേതൃത്വത്തിന്റെ അറിവും നിര്ദേശവുമൊന്നുമില്ലാതെ സ്വാഭാവിക പ്രതികരണം എന്ന നിലയില്‍ ഉയര്‍ന്നുവന്നേക്കാവുന്ന സംഘര്‍ഷസാധ്യത പൊലീസ് മുന്‍കൂട്ടി കാണുന്നുണ്ട്. കോഴിക്കോട് ടൗണ്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. വടകര നാദാപുരം മേഖലകളിലും മാഹി ചൊക്ലി പാനൂര്‍ പയ്യന്നൂര്‍ മേഖലകളിലും പൊലീസ് നിരോധനാജ്ഞ നിലവില്‍ വന്നു കഴിഞ്ഞു.
2012 മേയ് നാലിനാണ് സി.പി.എം വിട്ടു ആര്‍എംപി രൂപീകരിച്ച ടി.പി ചന്ദ്രശേഖരനെ വെട്ടി കൊലപ്പെടുത്തിയത്. ഓഗസ്റ്റ് 13ന് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 76 പ്രതികളുണ്ടായിരുന്നെങ്കിലും വിചാരണയുടെ പല ഘട്ടങ്ങളിലായി പ്രതികളുടെ എണ്ണം കുറഞ്ഞു ഒടുവില്‍ 36 ആയി. ലോകസഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടരവേ കേസിലെ വിധി ഏറെ ചര്‍ച്ച ചെയ്യപ്പെടുമെന്ന കാര്യം ഉറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: