കല്‍പ്പറ്റ : സംസ്ഥാനത്തെ മുഴുവന്‍ കുടുംബശ്രീ, അയല്‍ക്കൂട്ട അംഗങ്ങള്‍ക്കും ഇന്‍ഷൂറന്‍സ് പരിരക്ഷ പദ്ധതി നടപ്പാക്കുന്നു. വയനാട് ജില്ലയിലെ പതിനായിരം കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലെ ഒന്നരലക്ഷം അംഗങ്ങള്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. കുടുംബശ്രീയും ലൈഫ് ഇന്‍ഷൂറന്‍സ് കോര്പ്പറേഷന് ഓഫ് ഇന്ത്യയും സംയുക്തമായാണ് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്ത് ആദ്യമായി വയനാട്ടിലാണ് പദ്ധതി ആരംഭിക്കുന്നത്.
കുടുംബശ്രീ അയല്ക്കൂട്ടാംഗങ്ങളായ വനിതകളുടെ ജീവന് പരിരക്ഷ നല്‍കുകയും അവരുടെ ഒന്‍പത് മുതല്‍ 12 ക്ലാസുവരെ പഠിക്കുന്ന രണ്ടു കുട്ടികള്‍ക്ക് പ്രതിവര്‍ഷം 1200 രൂപ വീതം സ്കോളര്‍ഷിപ്പ് ലഭ്യമാക്കുകയും ചെയ്യുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. 18 വയസ്സ് മുതല്‍ 75 വയസ്സുവരെയുള്ള അംഗങ്ങള്‍ക്ക് ഗുണം ലഭിക്കും. ഇന്‍ഷൂറന്‍സുമായി ബന്ധപ്പെട്ട് സിഡിഎസ് ചെയര്‍പേഴ്സണ്‍, വൈസ് ചെയര്‍പേഴ്സണ്‍, അക്കൗണ്ടന്റുമാര്‍ എന്നിവര്‍ക്കുള്ള പരിശീലനം നാളെ രാവിലെ 10 മണിക്ക് കല്‍പ്പറ്റ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
18 മുതല്‍ 75 വയസ്സുവരെയുള്ള കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് പദ്ധതിയില്‍ പങ്കുചേരാം. പദ്ധതിയില്‍ ചേരുന്നതിനുള്ള വാര്‍ഷിക പ്രീമിയമായ 250 രൂപയില്‍ 100 രൂപ കേന്ദ്ര സര്‍ക്കാര്‍ വിഹിതമാണ്. തന്മൂലം അയല്‍ക്കൂട്ട അംഗങ്ങള്‍ വാര്‍ഷിക പ്രീമിയമായി 150 രൂപ മാത്രം അടച്ചാല്‍ മതി. പദ്ധതിയില്‍ അംഗങ്ങളാകുന്നവര്‍ 18 മുതല്‍ 59 വയസ്സുവരെയുള്ള അയല്ക്കൂട്ടാംഗങ്ങള്ക്ക് താഴെപ്പറയുന്ന സാമ്പത്തിക സഹായങ്ങള്‍ ലഭ്യമാകും. സ്വാഭാവിക മരണം സംഭവിച്ചാല്‍ 50,000 രൂപയും അപകടമരണം സംഭവിച്ചാല്‍ 95,000 രൂപയും കുടുംബത്തിന് ലഭിക്കും.
അപകടം മൂലം സ്ഥിരമായ അംഗവൈകല്യം സംഭവിക്കുകയാണെങ്കില്‍ 75,000 രൂപ ലഭിക്കുന്നതാണ്. ഭാഗികമായ അംഗവൈകല്യം സംഭവിക്കുകയാണെങ്കില്‍ 37,500 രൂപയും ലഭിക്കും. അംഗങ്ങളാകുന്ന അയല്‍ക്കൂട്ടാംഗങ്ങളുടെ ഒന്‍പത് മുതല്‍ 12 ക്ലാസുവരെ പഠിക്കുന്ന രണ്ട് കുട്ടികള്‍ക്ക് പ്രതിവര്‍ഷം 1200 രൂപ വീതം സ്കോളര്‍ഷിപ്പും നല്കുന്നു. അംഗങ്ങളായവര്‍ക്ക് മരണം സംഭവിച്ചാല്‍ കുടുംബാംഗങ്ങള്‍ക്ക് അടിയന്തിര സഹായമായി 5,000 രൂപ കുടുംബശ്രീ സംഘടനാ സംവിധാനത്തിലൂടെ ലഭ്യമാക്കും. സാധാരണ 60 വയസ്സുവരെ പ്രായമുള്ളവരെ മാത്രമാണ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്താറുള്ളത്. എന്നാല്‍ കുടുംബശ്രീക്കു വേണ്ടിയുള്ള ഈ പ്രത്യേക പദ്ധതിയില്‍ എല്‍ഐസിയുമായുള്ള തീരുമാന പ്രകാരം 75 വയസ്സുവരെയുള്ളവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് മരണം സംഭവിച്ചാല്‍ അംഗത്തിന്റെ പ്രായത്തിനനുസരിച്ച് 9000, 6000, 4000 രൂപ എന്നിങ്ങനെ സാമ്പത്തിക സഹായം കുടുംബത്തിനു ലഭ്യമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: