തിരുവനന്തപുരം: സംസ്ഥാനത്ത് അന്തര്‍ സംസ്ഥാന ലോട്ടറി മാഫിയ വീണ്ടും ശക്തമായതായി മന്ത്രി കെ.എം.മാണി നിയമസഭയില്‍ അറിയിച്ചു. അനധികൃത ലോട്ടറി വില്പനയും ഇടപാടുകളും നടത്തിയതിന് 63 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ലോട്ടറി സമ്മാനത്തുക കള്ളപ്പണക്കാര്‍ കൈവശപ്പെടുത്താന്‍ ശ്രമിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ചു 35 കേസുകള്‍ ക്രൈം ബ്രാഞ്ചിനു കൈമാറിയിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 18 തവണ പെട്രോളിനും 16 തവണ ഡീസലിനും വിലവര്ധിപ്പിച്ചതായി മന്ത്രി അറിയിച്ചു. പെട്രോളിന് ലിറ്ററിന് 26.21%വും ഡീസലിന് 19.80%വും മണ്ണെണ്ണക്കും പാചകവാതകത്തിനും അഞ്ച് ശതമാനം വീതവും സര്‍ക്കാരിന് നികുതിയിനത്തില്‍ വരുമാനം ലഭിക്കുന്നുണ്ട്. ഭൂരഹിത കേരളം പദ്ധതി പ്രകാരം ഒന്‍പതും ജില്ലകളിലായി 20,789 പേര്‍ക്കു പട്ടയം നല്‍കിയതായി മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു. കടകംപള്ളി ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ ഒരു വില്ലേജ് ഓഫീസര്‍ക്കും ഒരു മുന്‍ സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ക്കും ഒരു മുന്‍ വില്ലേജ് അസിസ്റ്റന്റിനും എതിരെ തിരുവനന്തപുരം ജില്ലാ കളക്ടര്‍ അച്ചടക്കനടപടി സ്വീകരിക്കുകയും ശിക്ഷാനടപടിക്കു വിധേയരാക്കുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: