തിരുവനന്തപുരം: കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിനു പെട്ടെന്ന് മരണകാരണമാകുന്ന മാരകരോഗങ്ങള്‍ ഉണ്ടായിരുന്നില്ലെന്നു മെഡിക്കല്‍ റിപ്പോര്‍ട്ട്. തിരുവനന്തപുരം കിംസ് ആശുപത്രിയിലെ ഡിസ്ചാര്‍ജ്ജ് സമ്മറിയിലാണ് ഇക്കാര്യം പറയുന്നത്. എന്നാല്‍, തനിക്ക് ലൂപ്പസ് രോഗമുണ്ടായിരുന്നതായി സുനന്ദ പുഷ്ക്കര്‍ കിംസ് ആശുപത്രിയിലെ ഡോക്ടര്‍മാരോട് പറഞ്ഞിരുന്നു. വിദഗ്ധ പരിശോധനയിലൂടെ മാത്രമേ അറിയാന്‍ കഴിയുകയുള്ളൂവെന്നതിനാല്‍ ഇക്കാര്യം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിരുന്നില്ല. ലൂപ്പസ് രോഗത്തെത്തുടര്‍ന്നുള്ള കടുത്ത തലവേദനയും മറ്റ് പ്രശ്നങ്ങളും തനിക്കുണ്ടെന്നാണ് സുനന്ദ ഡോക്ടര്‍മാരോട് പറഞ്ഞിരുന്നത്. വിദേശരാജ്യങ്ങളില്‍ ലൂപ്പസിന് പരിശോധന നടത്തിയപ്പോള്‍ രോഗമുണ്ടെന്ന് ഒരിടത്തെ പരിശോധനയില്‍ തെളിഞ്ഞു. ജോഗ്രന് സിന്‍ഡ്രവും ഓവര്‍ലാപ് സിന്‍ഡ്രവും ഉണ്ടായിരുന്നു. മാംസപേശികള്‍ക്കും സന്ധികള്‍ക്കും കടുത്ത വേദനയുണ്ടാക്കുന്ന രോഗങ്ങളാണിവ. ചെറുപ്രായം മുതല്‍ ഇടക്കിടെ പനി ബാധിക്കാറുണ്ട്. ചിലപ്പോള്‍ 104 ഡിഗ്രിവരെ പനിയുണ്ടാകാറുണ്ട്.
അതേസമയം രക്തപരിശോധനയില്‍ കുഴപ്പങ്ങളൊന്നും കണ്ടെത്തിയിരുന്നില്ല. ഹൃദയത്തിന്റെയും വൃക്കകളുടേയും പ്രവര്‍ത്തനവും തൃപ്തികരമാണ്. ചില പരിശോധനാ റിപ്പോര്‍ട്ടുകളുടെ ഫലം വരാനുണ്ടായിരുന്നെങ്കിലും ആശുപത്രി വിടുമ്പോള്‍ സുനന്ദയുടെ നില തൃപ്തികരമായിരുന്നുവെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഈ മാസം 12, 13, 14 തിയ്യതികളിലായിരുന്നു സുനന്ദ കിംസില്‍ ചികില്‍സ തേടിയത്. ലൂപ്പസ് ഉണ്ടെന്ന് സുനന്ദ പറഞ്ഞിരുന്നെങ്കിലും മരണത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമങ്ങളോട് കിംസ് അധികൃതര്‍ ഇക്കാര്യം പറയാന്‍ തയ്യാറായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: