തിരുവനന്തപുരം: സലീംരാജിന്റെ ഭൂമി തട്ടിപ്പിനെ ചൊല്ലി സഭയില്‍ ഉമ്മന്‍ചാണ്ടി-കോടിയേരി തര്‍ക്കം. സലീംരാജിനെതിരെ പരാതി പറയുമ്പോള്‍ മുഖ്യമന്ത്രി അസഹിഷ്ണുത പ്രകടിപ്പിക്കുകയാണെന്ന് കോടിയേരി ആരോപിച്ചു. എന്നാല്‍, വ്യാജരേഖ ചമച്ചതുള്‍പ്പെടെയുള്ള പരാതി കോടിയേരി ആഭ്യന്തരമന്ത്രിയായിരിക്കെ സിവില്‍കേസ് ആണെന്ന് പറഞ്ഞ് എഴുതി തള്ളിയെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. സലീംരാജിന്റെ ഭൂമി തട്ടിപ്പിനെക്കുറിച്ച് ചര്‍ച്ചയാവശ്യപ്പെട്ട് നല്കിയ അടിയന്തരപ്രമേയ നോട്ടീസ് പരിഗണിക്കവെയായിരുന്നു നിയമസഭയിലെ രൂക്ഷമായ തര്‍ക്കം. ഏറ്റുമുട്ടലിനൊടുവില്‍ സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
കടകംപള്ളിയില്‍ 44.5 ഏക്കര്‍ ഭൂമി തട്ടിയെടുക്കാന്‍ ഒരുവിഭാഗം നടത്തിയ ശ്രമവും കളമശ്ശേരിയില്‍ രണ്ട് കുടുംബങ്ങളുടെ കുടിപ്പകയുമായി ബന്ധപ്പെട്ട തര്‍ക്കവുമാണ് കേസിനാധാരമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യാജരേഖ ചമക്കുന്നത് ക്രിമിനല്‍ കേസ് ആണെന്നിരിക്കെ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നാല് വര്‍ഷം അന്വേഷണം നടത്തിയാണ് സിവില്‍ കേസ് ആയി ലഘൂകരിക്കാന്‍ ശ്രമിച്ചത്. അന്ന് സലീംരാജിനെ കേസിലെ പ്രതിയാക്കിയിരുന്നില്ല. സുതാര്യകേരളത്തില്‍ ഇതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചപ്പോള്‍ തന്നെ നടപടിയെടുക്കാന്‍ കളക്ടര്‍ക്ക് നിര്‍ദേശം നല്കി. കുറ്റം ചെയ്തവര്‍ ആരായാലും നിയമത്തിന് മുന്നില്‍ വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാം സുതാര്യമായിരിക്കണമെന്ന് നിര്‍ബന്ധമുള്ള മുഖ്യമന്ത്രി, സലീംരാജിന്റെ ഫോണ്‍ രേഖകള്‍ പിടിച്ചെടുക്കാന്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടപ്പോള്‍ ഡിവിഷന്‍ബെഞ്ചില്‍ എ ജി തന്നെ അപ്പീലുമായി പോയത് എന്തിനെന്ന് കോടിയേരി ചോദിച്ചു. സ്വകാര്യവ്യക്തിക്ക് വേണ്ടി എജി ഹാജരായെന്നും അദ്ദേഹം ആരോപിച്ചു. ഫോണ്‍രേഖ പിടിച്ചെടുക്കാന്‍ നിര്‍ദേശം നല്കിയപ്പോള് മറ്റുകേസുകളിലും സമാന ആവശ്യം ഉയരുമെന്നതിനാലാണ് ഇതിനെ എതിര്‍ത്ത് ഡിജിപിക്ക് വേണ്ടി എജി ഹാജരായതെന്ന് മുഖ്യമന്ത്രി മറുപടി നല്കി. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം യഥാര്‍ത്ഥ ഉടമകളില്‍ നിന്ന് കരം പിരിക്കുന്നത് നിര്‍ത്തിയത് എന്തിനെന്നായിരുന്നു കോടിയേരിയുടെ അടുത്ത ചോദ്യം. ഇന്ന് മുതല്‍ കരം പിരിക്കാന്‍ നിര്‍ദേശം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോടതിയുടെ പരിഗണനയിലായതിനാല്‍ അന്തിമവിധിക്ക് വിധേയമായി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കളമശ്ശേരിയില്‍ 1.16 ഏക്കര്‍ ഭൂമി തങ്ങളുടേതാണെന്ന് ഒരു വിഭാഗം പറയുമ്പോള്‍ സര്‍ക്കാര്‍ ഭൂമിയാണെന്നാണ് സലീംരാജ് ഉള്‍പ്പെടെയുള്ളവരുടെ വാദം. ഇതിലും നിയമപരമായ തീര്‍പ്പുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ട് ഭൂമി തട്ടിപ്പ് കേസിലും സര്‍ക്കാര്‍ നിയമപരമായ എല്ലാനടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് റവന്യൂമന്ത്രി അടൂര്‍പ്രകാശും പറഞ്ഞു. ലാന്റ് റവന്യൂകമ്മീഷണറുടെയും റവന്യൂസെക്രട്ടറിയുടെയും അന്വേഷണ റിപ്പോര്‍ട്ടുകള്‍ പരിഗണിച്ച് റവന്യുഉദ്യോഗസ്ഥര്ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. ലാന്റ് റവന്യു അസിസ്റ്റന്റ് കമ്മീഷണര്‍ സജിത് ബാബുവിനെ സ്ഥലംമാറ്റിയത് ഭൂമി തട്ടിപ്പില്‍ അന്വേഷണം നടത്തിയതിന്റെ പ്രതികാരമാണെന്ന ആരോപണം ശരിയല്ല. കേരളത്തിന്റെ പലഭാഗത്തും കരം പിരിക്കുന്നത് തടസപ്പെടുത്തി ജനങ്ങളെ ബുദ്ധിമുട്ടിച്ചതിനാണ് നടപടിയെടുത്തത്. ഈ സ്ഥലംമാറ്റം റദ്ദാക്കില്ലന്നും റവന്യു മന്ത്രി പറഞ്ഞു.
ബാഹ്യഇടപെടലും പീഡനവും മൂലം റവന്യുസെക്രട്ടറി കമല്വര്ധന റാവു സ്വയംവിരമിച്ചെന്ന പ്രതിപക്ഷത്തിന്റെ ആരോപണവും മന്ത്രി നിഷേധിച്ചു. അമ്മക്ക് സുഖമില്ലാത്തതിനാലാണ് സെക്രട്ടറി അവധി ആവശ്യപ്പെട്ടതെന്നും അന്വേഷണം പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് നല്കിയ ശേഷമാണ് അനുവദിച്ചതെന്നും റവന്യൂമന്ത്രി പറഞ്ഞു.
സസ്പെന്‍ഷനിലുള്ള പോലീസ് ഉദ്യോഗസ്ഥനായ സലീംരാജിന് ഭരണത്തില്‍ ഇപ്പോഴും സ്വാധീനമുണ്ടെന്ന് കോടിയേരി പറഞ്ഞു. ഗണ്‍മാനായി പ്രവര്‍ത്തിച്ചയാള്‍ക്ക് ഇത്രയും തുക എങ്ങിനെ ലഭിച്ചെന്നാണ് കോടതി പോലും ചോദിക്കുന്നതെന്നും കോടിയേരി പറഞ്ഞു. മുഖ്യമന്ത്രിയുടെ സംരക്ഷണയിലാണ് സലീംരാജ് എല്ലാതട്ടിപ്പുകളും നടത്തുന്നതെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: