പുട്ടപര്‍ത്തി: ലോകം ഇന്നഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്കെല്ലാം കാരണം പാരസ്പര്യം, സ്നേഹം, സഹാനുഭൂതി, മാനവികത എന്നിവയുടെ അഭാവമാണെന്ന് ശ്രീ സത്യസായി കല്‍പ്പിത സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലറും സായി റേഡിയോ ഡയറക്ടറുമായ പത്മശ്രീ പ്രൊഫ.വെങ്കിട്ടരാമന് അഭിപ്രായപ്പെട്ടു. പുട്ടപര്‍ത്തി പ്രശാന്തി നിലയത്തിലെ കോണ്‍ഫറന്‍സ് ഹാളില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ മാധ്യമപ്രവര്‍ത്തകര്‍, അഭിഭാഷകര്‍, ഡോക്ടര്‍മാര്‍ എന്നിവര്‍ അടക്കമുള്ളവരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ ദശാസന്ധിയിലാണ് ആന്ധ്രപ്രദേശിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്നും ഒരു ബാലന് ‘മാധവസേവ മാനവസേവ’ എന്ന സന്ദേശവുമായി പുട്ടപര്‍ത്തിയില്‍ തന്റെ ജീവിതനിയോഗം ആരംഭിക്കുന്നത്. പാവപ്പെട്ടവന്റെയും അശരണരുടെയും രോഗഗ്രസ്ഥരായ ആയിരങ്ങളുടെയും ജീവിതദുരിതം നേരിട്ട് കണ്ടറിഞ്ഞ് അതിന് പരിഹാരമാര്‍ഗ്ഗം ആരാഞ്ഞ ആ ബാലനാണ് പിന്നീട് വിശ്വം മുഴുവന്‍ അറിയപ്പെടുന്ന ഭഗവാന് ശ്രീ സത്യസായിബാബയായി മാറിയത്. ചെറുപ്പത്തില്‍ സ്വന്തം കൈപ്പടയില്‍ ബാബ എഴുതി-” ജനങ്ങളില്‍ ആനന്ദം നിറക്കും, ജനങ്ങളെ നേരായ വഴിക്ക് നയിക്കും, ജനങ്ങള്ക്കാവുന്ന സേവനം നല്‍കും”- ഇത് സാര്ത്ഥകമാക്കാനായിരുന്നു തുടര്‍ന്ന് അദ്ദേഹം പരിശ്രമിച്ചത്. ഈ ദൗത്യബോധത്തിന്റെ പരിണത ഫലമാണ് ഇന്ന് പുട്ടപര്‍ത്തിയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമായി പടര്‍ന്ന് കിടക്കുന്ന ആയിരക്കണക്കായ കര്‍മ്മ പദ്ധതികള്‍. പ്രൊഫ.വെങ്കിടരാമന് പറഞ്ഞു.
സേവന പ്രവര്‍ത്തനത്തിന്റേതായ നിരവധി കര്‍മ്മപദ്ധതികള്‍ സത്യസായി സേവാ സമിതി ആവിഷ്കരിച്ച് നടപ്പിലാക്കുന്നുണ്ടെങ്കിലും അതേക്കുറിച്ചുള്ള അറിവ് വേണ്ടത്ര ലഭിക്കാത്ത സാഹചര്യത്തില്‍ അര്‍ഹിക്കുന്ന പലര്‍ക്കും അതിന്റെ ഗുണഫലങ്ങള്‍ ലഭിക്കാത്ത സാഹചര്യമുണ്ട്. ഈ ദൗത്യം നിര്‍വഹിക്കാന്‍ മാധ്യമപ്രവര്ത്തകര്ക്കാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആരോഗ്യപരിപാലന രംഗത്ത് സത്യസായി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹയര്‍ എഡുക്കേഷന്‍ മാതൃകാപരമായ സേവനമാണ് അശരണര്‍ക്ക് നല്‍കുന്നത്. ഇവിടെയെത്തുന്ന ആര്‍ക്കും ജാതി-മത ഭേദമന്യേ തികച്ചും സൗജന്യമായ ചികിത്സയാണ് നല്കിക്കൊണ്ടിരിക്കുന്നത്. പ്രതിവര്‍ഷം മൂവായിരത്തിലേറെപ്പേര്‍ക്ക് കോടിക്കണക്കിന് രൂപ ചെലവു വരുന്ന ഹൃദയശസ്ത്രക്രിയ തികച്ചും സൗജന്യമായി ചെയ്തുകൊടുക്കുന്നു. ആരുടെയെങ്കിലും ശുപാര്‍ശയോ മറ്റോ ഇതിനാവശ്യമില്ല. മറ്റു ചികിത്സകളും ഇവിടെ സൗജന്യമാണ്. പുട്ടപര്‍ത്തിക്ക് പുറത്തും സായി സേവാ സമിതികള്‍ സൗജന്യ ചികിത്സാ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കി വരുന്നുണ്ട്. സാധാരണക്കാര്‍ക്ക് മൂല്യവത്തായ വിദ്യാഭ്യാസം നല്‍കുന്നതിന് എലിമെന്ററി തലം തൊട്ട് പോസ്റ്റ് ഗ്രാജ്വേറ്റ് തലം വരെ വിദ്യാഭ്യാസം നല്കുന്ന കല്‍പ്പിത സര്‍വ്വകലാശാലയും സംഘടനയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. ഇവിടെ നിന്നും പഠിച്ച് പുറത്തു വരുന്ന വിദ്യാര്‍ത്ഥികള്‍ ആതുരസേവനത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശവാഹകരായി രാജ്യത്തെമ്പാടും ഫലേച്ഛ കൂടാതെ കര്‍മ്മപഥത്തില്‍ സജീവമാണ്.
പുട്ടപര്‍ത്തിയിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കുന്ന പദ്ധതി സമിതിയുടെ സാമൂഹ്യ പ്രതിബദ്ധതയുടെ പ്രത്യക്ഷോദാഹരണമാണ്. ഭഗവാന് സത്യസായിബാബയുടെ സമാധിക്ക് ശേഷവും ഈ പ്രവര്‍ത്തനങ്ങള്‍ ഒരു മുടക്കവും കൂടാതെ നടന്നുവരികയാണ്-പ്രൊഫ.വെങ്കിട്ടരാമന് പറഞ്ഞു.
പുട്ടപര്‍ത്തി പ്രശാന്തി നിലയവും പരിസരവും ഇന്ന് ലോകത്തിന്റെ ഒരു പരിച്ഛേദമാണ്. നിത്യേന ആയിരക്കണക്കായ സേവാവ്രതികളാണ് ഒരാഴ്ചയും രണ്ടാഴ്ചയും സേവന പ്രവര്‍ത്തനങ്ങള്‍ക്കായി സ്വന്തം ചെലവില്‍ ഇവിടെയെത്തുന്നത്. ഇവരാണ് ഇവിടെയുള്ള മുഴുവന്‍ സ്ഥാപനങ്ങളിലും ഒരു പ്രതിഫലവും പറ്റാതെ സേവനം നടത്തുന്നത്. സ്ഥാപനത്തിന്റെ നടത്തിപ്പിനായി ലഭിക്കുന്ന ഓരോ രൂപയും കര്ശനമാര്ഗ്ഗ നിര്‍ദ്ദേശക തത്വങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് സ്വീകരിക്കുന്നത്. പണമായി ഒരു രൂപ പോലും സ്വീകരിക്കുന്നില്ലെന്ന് മാത്രമല്ല, ബാങ്ക് വഴി ലഭിക്കുന്ന ചെക്കുകളുടെ ഉറവിടവും സുതാര്യവും സത്യസന്ധവുമാണെന്ന് ഉറപ്പു വരുത്തുകയും ചെയ്യുന്നുണ്ടെന്നും വെങ്കിട്ടരാമന് പറഞ്ഞു.
ശ്രീ സത്യസായി സേവാ സമിതി കേരള ഘടകം പ്രസിഡണ്ട് പ്രൊഫ.മുകുന്ദന്, ഭാരവാഹികളായ അഡ്വ.കെ.പി.രാമചന്ദ്രന്, ഡോ.ആനന്ദ് മോഹന്‍, അഡ്വ.വിജയകുമാര്‍, ബാബു കട്ടയാട്, വിനയകുമാര്‍, ഡോ.കെ.എസ്.എസ്.നായര്‍, മനോജ് എന്നിവരും പരിപാടിയില്‍ സംബന്ധിച്ചു.
പ്രത്യേക ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: