കൊച്ചി: സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കര കയറുവാന്‍ ‘നാഫെഡ്’ നിഷ്ക്രിയ ആസ്തികള്‍ വില്‍ക്കുന്നു. ദേശീയ കാര്‍ഷികോല്‍പ്പന്ന സംഭരണ ഏജന്‍സിയായ ‘നാഫെഡി’നെ കേന്ദ്ര സര്‍ക്കാര്‍ കയ്യൊഴിയുകയും കടബാധ്യത വന്‍ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്തതോടെയാണ് കടുത്ത തീരുമാനവുമായി ആസ്തി വില്പ്പനക്കൊരുങ്ങിയത്. ഇന്ദ്രപ്രസ്ഥത്തിലെ ആസ്ഥാനമന്ദിരമടക്കമുള്ള ആസ്തി വില്‍പ്പനയും ചെലവ് ചുരുക്കല്‍ നടപടികളും ‘നാഫെഡി’ന്റെ ഭാവി പ്രവര്‍ത്തനത്തെ ആശങ്കയിലാഴ്ത്തുകയാണ്. ഇത് കാര്‍ഷികോല്‍പ്പന്ന സംഭരണ പ്രവര്‍ത്തനങ്ങള്‍ക്ക് വന്‍ തിരിച്ചടിയായി മാറുമെന്ന് വിലയിരുത്തുന്നു.
വായ്പ പലിശയിനത്തിലും ഭരണ ചെലവിനത്തിലുമായി വന്‍ സാമ്പത്തിക ബാധ്യത ‘നാഫെഡി’നെ ഒട്ടേറെ കടുത്ത നടപടികള്‍ക്ക് വിധേയമാക്കുകയാണ്. ജീവനക്കാരുടെ ശമ്പളത്തില്‍ 10 ശതമാനം കുറവു വരുത്തിക്കൊണ്ടും ജീവനക്കാര്‍ക്ക് സ്വയം വിരമിക്കല്‍ പദ്ധതി നല്‍കിയും ചെലവിനത്തില്‍ വന്‍ കുറവ് വരുത്താന്‍ ‘നാഫെഡ്’ നടപടികള്‍ എടുത്തുകഴിഞ്ഞു. ഇതിന് തൊട്ടു പിന്നാലെയാണ് ഏഴ് പ്രധാന നഗര ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളടക്കമുള്ള നിഷ്ക്രിയ ആസ്തി വില്‍പ്പനയ്ക്ക് നാഫെഡ് മുന്നിട്ടിറങ്ങിയത്. കെട്ടിട വില്‍പ്പന ഇടപാടുകള്‍ക്കായി ദേശീയ കെട്ടിട നിര്‍മാണ കോര്‍പ്പറേഷനെ (എന്‍ബിസിസി) സമീപിച്ചു കഴിഞ്ഞു. വായ്പ സാധ്യതയുള്ള ബാങ്കുകളുടെ അനുമതിയോടെ കെട്ടിടങ്ങള്‍ എന്‍ബിസിസിക്ക് വില്‍പ്പന നടത്തി സാമ്പത്തിക ഭാരത്തിന് താല്‍ക്കാലിക വിരാമം സൃഷ്ടിക്കുവാനാണ് നാഫെഡിന്റെ നീക്കമെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നു.
ദേശീയ ബാങ്കുകളടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പ പലിശയും വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ 4000 കോടി രൂപയുടെ സംയുക്ത സംരംഭത്തിന്റെ തകര്‍ച്ചയും നാഫെഡിനെ വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചതായാണ് റിപ്പോര്‍ട്ട്. വന്‍ പലിശ ബാധ്യതയും മറ്റു കുടിശികയുമായി 2200 കോടിയോളം രൂപയാണ് അടിയന്തരമായി നാഫെഡ് കണ്ടെത്തേണ്ടത്. 2000 കോടി രൂപയുടെ ബാങ്ക് ബാധ്യതയും 147 കോടി രൂപ മറ്റു കുടിശികയും ഇതിലുള്‍പ്പെടും. എസ്ബിഐയുടെതായി 800 കോടി രൂപയടക്കം പഞ്ചാബ് നാഷണല്‍ ബാങ്ക്, ഓറിയന്റല്‍ ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക്, സെന്‍ട്രല്‍ ബാങ്ക്, കേരളത്തിലെ സൗത്തിന്ത്യന്‍ ബാങ്ക് എന്നിവ നാഫെഡിന്റെ വായ്പാ കുടിശിക ബാങ്ക് പട്ടികയിലുണ്ട്. 2011-12 വര്‍ഷം 1063 കോടി രൂപയുടെ ഇടപാടുകളിലൂടെ 45.68 കോടി രൂപ സഞ്ചിത ലാഭം (ഗ്രോസ് പ്രോഫിറ്റ്)നേടിയ നാഫെഡ് നല്ല പലിശ നല്‍കിയതിനെത്തുടര്‍ന്ന് 188.42 കോടി രൂപയുടെ നഷ്ടക്കണക്കാണ് പ്രകടമാക്കിയത്. ആര്‍ബിഐയുടെ കിട്ടാക്കടം തിരിച്ചുപിടിക്കല്‍ നടപടിയെത്തുടര്‍ന്ന് നാഫെഡിന് പലിശ ബാധ്യത അടച്ചുതീര്‍ക്കാന്‍ തിരക്കിട്ട നടപടികള്‍ കൈക്കൊള്ളേണ്ടി വന്നു.
1958 ല്‍ തുടങ്ങിയ നാഫെഡ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച തറവിലക്ക് കാര്‍ഷികോല്‍പ്പന്നങ്ങള്‍ സംഭരിച്ച് ദേശീയ-അന്തര്‍ദ്ദേശീയ തലത്തില്‍ വില്‍പ്പന നടത്തുന്ന പ്രവര്‍ത്തനമാണ് നടത്തുന്നത്. സംഭരണ വിലയും വില്‍പ്പന വിലയും തമ്മിലുള്ള അന്തരം മൂലം നഷ്ടങ്ങളുണ്ടാകാറുണ്ടെങ്കിലും വായ്പയിനത്തിലൂടെ ചില ഘട്ടങ്ങളില്‍ ഇത് പരിഹരിക്കപ്പെടാറുണ്ട്. സാമ്പത്തിക ഭദ്രത രൂക്ഷമായതോടെ 2000 കോടിരൂപ വായ്പ ആവശ്യപ്പെട്ട് നാഫെഡ് കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചെങ്കിലും ഭരണ കേന്ദ്രങ്ങള്‍ ആവശ്യം നിരാകരിക്കുകയാണ് ചെയ്തത്. തുടര്‍ന്ന് അടിയന്തര സഹായമായി 1000 കോടി രൂപ സഹായം അനുവദിക്കാന്‍ കേന്ദ്ര കൃഷി വകുപ്പിനെ സമീപിച്ചെങ്കിലും കൃഷി വകുപ്പ് അപേക്ഷ തള്ളിക്കളയുകയും ചെയ്തു. സര്‍ക്കാര്‍ കയ്യൊഴിഞ്ഞതോടെ ‘നാഫെഡി’നെ കടബാധ്യത വന്‍ പ്രതിസന്ധിയിലുമാക്കി.
സാമ്പത്തിക പ്രതിസന്ധി പരിഹാരത്തിന് നാഫെഡ് 500 ഓളം വരുന്ന ജീവനക്കാരുടെ ശമ്പളം 10 ശതമാനം കുറവ് വരുത്തിക്കഴിഞ്ഞു. ഒപ്പം സ്വയം വിരമിക്കലും പ്രഖ്യാപിച്ചു. രണ്ടാംഘട്ടമായാണ് നിഷ്ക്രിയ ആസ്തി വില്‍പ്പന. ദല്‍ഹിയിലെ നാഫെഡ് ആസ്ഥാന കെട്ടിടം കൂടാതെ, കൊല്‍ക്കത്ത, മുംബൈ, ചെന്നൈ, പൂന, നാസിക്, ജയ്പൂര്‍ എന്നിവിടങ്ങളിലെ നാഫെഡ് കെട്ടിടങ്ങളുമാണ് വില്‍ക്കാനൊരുങ്ങുന്നത്. വായ്പ സാധ്യതയുള്ള ബാങ്കുകളുടെ അനുമതിക്കായും നാഫെഡ് നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ഒപ്പം ദല്‍ഹി ആസ്ഥാന ഭരണ ചെലവ് 30 കോടി രൂപയാക്കി കുറയ്ക്കുവാനും ആലോചനയുണ്ട്.
കേരളത്തിലെ കൊപ്ര സംഭരണമടക്കം ഒട്ടേറെ പ്രതിസന്ധി ഘട്ടങ്ങളില്‍ കാര്‍ഷികോല്‍പ്പന്ന വില തകര്‍ച്ച ഒഴിവാക്കുവാന്‍ നാഫെഡിന്റെ ഇടപെടലുകള്‍ സഹായകരമായിട്ടുണ്ടെന്ന് കര്‍ഷക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനതല സഹകരണ ഏജന്‍സികളുമായി കൈകോര്‍ത്ത് നാഫെഡ് കാര്‍ഷികോല്‍പ്പന്ന സംഭരണം നടത്തിയും രാജ്യാന്തര തലത്തില്‍ വിപണനം നടത്തിയും ഏറെ സഹായകരമായ പ്രവര്‍ത്തനമാണ് നടത്തിവന്നിരുന്നതെന്ന് വ്യാപാരികളും പറയുന്നു. നാഫെഡിന്റെ ശമ്പളം വെട്ടിച്ചുരുക്കലും ജീവനക്കാരുടെ എണ്ണം കുറയ്ക്കലും ആസ്തി വില്‍പ്പനയുമെല്ലാം കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയുടെ ഭാവിയെപ്പോലും ആശങ്കയിലാഴ്ത്തുന്നു. ഒപ്പം സഹായം നിഷേധിച്ച സര്‍ക്കാര്‍ നടപടിയും പ്രതിഷേധത്തിനിടയാക്കുകയും ചെയ്യും.
എസ്. കൃഷ്ണകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: