ദാവോസ് (സ്വിറ്റ്സര്‍ലന്‍ഡ്): ധനികരും പാവപ്പെട്ടവരും തമ്മില്‍ നിലനില്‍ക്കുന്ന അസമത്വം വരുന്ന ദശകത്തില്‍ ലോകം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ ഭീഷണിയാകുമെന്ന് ലോക സാമ്പത്തിക ഫോറത്തിന്റെ മുന്നറിയിപ്പ്. ബുധനാഴ്ച ആരംഭിക്കുന്ന 44ാമത് സാമ്പത്തിക ഉച്ചകോടിക്കു മുന്നോടിയായി ഇറക്കിയ റിപ്പോര്‍ട്ടിലാണ് ഇത്.
സമൂഹത്തില്‍ നിലനില്‍ക്കുന്ന അസമത്വവും ജനങ്ങള്‍ തമ്മിലുള്ള സാമ്പത്തിക അന്തരവും പരിഹരിക്കാന്‍ ഉച്ചകോടി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് ഫോറത്തിന്റെ മുഖ്യ സാമ്പത്തിക വിദഗ്ധയായ ജെന്നിഫര്‍ ബഌങ്ക് പറഞ്ഞു. പ്രമുഖരായ 700 പേരില്‍ നടത്തിയ സര്‍വേയില്‍ സാമ്പത്തിക അന്തരം, കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ദുരന്തങ്ങള്‍, തൊഴിലില്ലായ്മ തുടങ്ങിയ കാരണങ്ങള്‍ വരുന്ന ദശകത്തില്‍ രാഷ്ട്രങ്ങള്‍ക്ക് കടുത്ത ആഘാതമായിരിക്കും സൃഷ്ടിക്കുകയെന്ന് കണ്ടെത്തിയിട്ടുണ്ട്.
രാഷ്ട്രങ്ങള്‍ തമ്മിലുള്ള സാമ്പത്തികമായ വിടവ് കുറഞ്ഞുവരുന്നുണ്ടെങ്കിലും ധനികരും പാവപ്പെട്ടവരും തമ്മിലുള്ള വ്യത്യാസം കൂടിയതായി അവര്‍ പറഞ്ഞു. ജനങ്ങള്‍ ഈ അവസ്ഥ സഹിച്ച് മുന്നോട്ടു പോകാന്‍ തയാറല്ലെന്നാണ് അറബ് വസന്തവും ബ്രസീല്‍ പോലുള്ള രാജ്യങ്ങളില്‍ നടക്കുന്ന സംഭവങ്ങളും തെളിയിക്കുന്നത്.
‘ഗ്ളോബല്‍ റിസ്ക് 2014 എന്ന റിപ്പോര്‍ട്ട് അടുത്ത പത്തു വര്‍ഷത്തില്‍ ലോകം നേരിടാന്‍ പോകുന്ന വെല്ലുവിളികള്‍ വിശകലനം ചെയ്യുന്നുണ്ട്. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഭരണകര്‍ത്താക്കളും നയം രൂപീകരിക്കുന്നവരും മുന്നറിയിപ്പായി കാണണമെന്ന് തൊഴിലാളികളുടെ രാജ്യാന്തര സംഘടനയായ യൂണിയന് നെറ്റ്വര്‍ക്ക് ഇന്റര്‍നാഷനല്‍ ജനറല്‍ സെക്രട്ടറി ഫിലിപ് ജെന്നിങ്സ് ആവശ്യപ്പെട്ടു.
ഇന്ത്യന്‍ വ്യവസായ സമൂഹത്തില്‍ നിന്ന് വന്‍ പ്രാതിനിധ്യമാണ് ഇത്തവണ ഉച്ചകോടിക്ക്. സൈറസ് മിസ്ട്രി, മുകേഷ് അംബാനി, അസിം പ്രേംജി, രാഹുല്‍ ബജാജ്, നരേഷ് ഗോയല്‍, എം.എ. യൂസഫലി, ഉദയ് കോടാക് എന്നിവരുള്‍പ്പെടുന്ന സംഘം സജീവമായി പങ്കെടുക്കും. ഇന്ത്യയിലെ മാറിവരുന്ന തൊഴില്‍ സാഹചര്യങ്ങളെപ്പറ്റിയുള്ള സെമിനാറില്‍ ലുലു ഗ്രൂപ്പ് മേധാവി എം.എ. യൂസഫലി വിഷയം അവതരിപ്പിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: