ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ താലിബാന് ചാവേറുകള്‍ സൈനിക ആസ്ഥാനത്തിന് നേരെ നടത്തിയ ആക്രമണത്തില്‍ റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനും അഞ്ച് സൈനികരുമുള്‍പ്പെടെ 13 പേര് കൊല്ലപ്പെട്ടു.
ആക്രമണത്തില്‍ 18 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ പുലര്‍ച്ചെ ഇസ്ലാമാബാദിന് സമീപമുള്ള റാവല്‍പിണ്ടി പട്ടണത്തിലെ സൈനികാസ്ഥാനത്തിന് സമീപമായിരുന്നു ചാവേറാക്രമണം ഉണ്ടായത്. താലിബാന് രണ്ട് ദിവസമായി പാക്കിസ്ഥാന് സേനക്കെതിരെ ശക്തമായ കടന്നാക്രമണമാണ് നടത്തി വരുന്നത്.
സൈക്കിളില്‍ വന്ന ചാവേറാണ് സ്ഫോടനം നടത്തിയതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന് ഏറ്റെടുത്തിട്ടുണ്ട്. താലിബാന് ഗ്രൂപ്പിന്റെ മുന്മേധാവികളിലൊരാളായ വാലിയര്‍ റഹ്മാന് കൊല്ലപ്പെട്ടതിന്റെ പകരംവീട്ടലാണ് ഈ ആക്രമണമെന്ന് താലിബാന് വക്താവ് ഷാഹിദുള്ള ഷാഹിദ് ടെലിഫോണ്‍ വഴി വാര്‍ത്ത ഏജന്‍സിയെ അറിയിച്ചു.
കഴിഞ്ഞവര്‍ഷമാണ് യുഎസിന്റെ ആളില്ലാ വിമാനാക്രമണത്തില്‍ റഹ്മാന് കൊല്ലപ്പെട്ടത്. ഇത്തരത്തിലുള്ള ആക്രമണം ഉണ്ടായാല്‍ ഇനിയും തിരിച്ചടിക്കുമെന്ന് വക്താവ് മുന്നറിയിപ്പ് നല്കി.
കഴിഞ്ഞ ദിവസം വടക്കന്‍ വസീരിസ്ഥാന് ഗോത്രമേഖലയിലുണ്ടായ സ്ഫോടനത്തില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: