പാലക്കാട്: ചരിത്രമുറങ്ങുന്ന പാലക്കാടിന്റെ മണ്ണില്‍ കൗമാരോത്സവത്തിന് തിരിതെളിഞ്ഞു. 54-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ കലോത്സവത്തിലൂടെ വളര്‍ന്ന് വന്നവരാണ് മിക്ക കലാകാരന്മാരും. നിരവധി കലാകാരന്മാരെ സ്കൂള്‍ കലോത്സവം സംഭാവന ചെയ്തിട്ടുണ്ട്. എന്നാല്‍ വിദ്യാഭ്യാസകാലത്തിന് ശേഷവും കലാ ജീവിതം തുടരുന്നവര്‍ കുറവാണ്. ഈ പ്രവണത മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശാരീരികാസാസ്ഥ്യത്തെതുടര്ന്ന് എത്താന്‍ കഴിയാഞ്ഞതിനാല്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് അദ്ദേഹം മേള ഉദ്ഘാടനം ചെയ്തത്.
കലോത്സവത്തില്‍ വിജയിയാവുക എന്നതല്ല പ്രധാനം. ഏഷ്യയിലെ ഏറ്റവും വലിയ മേളയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞു എന്നതിലാണ് അഭിമാനിക്കേണ്ടത്. കുട്ടികളുടെ അവകാശ സംരക്ഷണമെന്നതാണ് മേളയില്‍ നാമുയര്‍ത്തുന്ന മുദ്രാവാക്യം. ഇത് ഇന്നത്തെ കാലഘട്ടത്തിന് ഏറ്റവും അനുയോജ്യമാണ്. കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്തുക എന്നത് സര്‍ക്കാരിന്റെയും ജനങ്ങളുടെയും ഉത്തരവാദിത്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കലോത്സവങ്ങള്‍ ചിലപ്പോഴെങ്കിലും കുട്ടികളില്‍ വൈരാഗ്യ ബുദ്ധിയോടെയുള്ള മത്സരങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ടെന്ന് നടന് ബാലചന്ദ്രമേനോന് മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. സ്നേഹവും സൗഹൃദവുമാണ് കലയിലൂടെ വളരേണ്ടത്. കുട്ടികളില്‍ മത്സരബുദ്ധി വളര്‍ത്തുന്നതില്‍ മാധ്യമങ്ങള്‍ക്കും പങ്കുണ്ട്. നിര്‍ഭയം സന്തുഷ്ടം ബാല്യം എന്ന ആശയമാണ് ഇത്തവണത്തെ കലോത്സവം മുന്നോട്ട് വയ്ക്കുന്നത്. സന്തുഷ്ടമായ ബാല്യമാണ് നാം കുട്ടികള്‍ക്ക് നല്‍കേണ്ടത്. അതിനായി എല്ലാവരും പരിശ്രമിക്കണമെന്നും ബാലചന്ദ്രമേനോന് പറഞ്ഞു.
മന്ത്രി പി.കെ. അബ്ദുറബ് അധ്യക്ഷത വഹിച്ചു. മന്ത്രി കെ.സി. ജോസഫ് ദീപം തെളിയിച്ചു. മന്ത്രി എ.പി. അനില്‍കുമാര്‍, എംപി. രാജേഷ് എംപി, എംഎല്‍എമാരായ എ.കെ. ബാലന്, ഷാഫി പറമ്പില്‍, കെ. അച്യുതന്, എന്‍. ഷംസുദ്ദീന്, എം. ഹംസ, പി. ചെന്താമരാക്ഷന്, വി.ടി. ബലറാം, എം. ചന്ദ്രന്, കെ.എസ്. സലീഖ, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്, ഡിപിഐ ബിജു പ്രഭാകര്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, നഗരസഭ ചെയര്മാന് അബ്ദുല്‍ ഖുദ്ദൂസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍. കണ്ടമുത്തന്‍ എന്നിവര്‍ സംസാരിച്ചു. മന്ത്രി അബ്ദുറബ് ദീപം തെളിയിക്കാതെ ഇത്തവണയും വിട്ടുനിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: