പാലക്കാട്: കോട്ട മൈതാനത്തെ അഞ്ചാമത്തെ വേദിയായ ‘നിലാവില്’ നിന്ന് നാടോടിപ്പാട്ടിന്റെ ശീലുകള്‍ ഒഴുകിയെത്തി. 54-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ആദ്യദിനത്തില്‍ നടന്ന ഹൈസ്ക്കൂള് വിഭാഗം ആണ്‍കുട്ടികളുടെ നാടോടിനൃത്തമത്സരം നിറഞ്ഞ കയ്യടിയോടെയാണ് സദസ് സ്വീകരിച്ചത്. ആവര്‍ത്തന വിരസതയുണ്ടായിരുന്നുവെങ്കിലും മേളയിലെ ഗ്ലാമര്‍ ഇനമായ നാടോടിനൃത്തമാസ്വദിക്കാന് പ്രായഭേദമന്യേ ആസ്വാദകര്‍ വേദിയിലേക്ക് ഒഴുകിയെത്തി.
നാടോടിപാട്ടിന്റെ താളവും, ഈണവും ജനങ്ങള്‍ ഏറ്റെടുത്തു. പാട്ടിനൊപ്പം കാണികളും താളമിട്ടു. തെയ്യവും, കോമരവും, അയ്യന്‍ങ്കാളിയും, ശ്രീനാരായണഗുരുവുമൊക്കെയായി കുട്ടികള്‍ വേദിയിലെത്തി. തലയ്ക്കല്‍ ചന്തുവിന്റെ ധീരമൃത്യു അരങ്ങിലെത്തിയപ്പോള്‍ നിറഞ്ഞ കയ്യടിയോടെയാണ് സദസ് സ്വീകരിച്ചത്. അടിമത്തത്തിനെതിരെ പോരാടിയ അയ്യന്‍ങ്കാളിയും, ശ്രീനാരായണ ഗുരുവുമൊക്കെ നാടന്‍ ശീലുകളായുയര്ന്നപ്പോഴേക്കും കോട്ടമൈതാനം നിറഞ്ഞു കവിഞ്ഞിരുന്നു.
സാങ്കേതിക തകരാറും കാണികള്‍ക്ക് ഇരിപ്പിടമടക്കമുള്ള സൗകര്യമൊരുക്കിയതിലെ സംഘാടന പിഴവും മാറ്റി നിര്‍ത്തിയാല്‍ കൗമാര മേളയെ ആസ്വാദകര്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: