പാലക്കാട്: അനധ്യാപക സംഘടനകള്‍ക്ക് സംസ്ഥാന കലോത്സവ കമ്മറ്റികളില്‍ പങ്കാളിത്തം നല്യില്ലെന്നാരോപിച്ച് കലോത്സവത്തിന്റെ പ്രധാന വേദിയ്ക്ക് മുമ്പില്‍ വായ മൂടി കെട്ടി പ്രതിഷേധം. ഇത് കലോത്സവത്തിന്റെ ആദ്യ ദിനത്തില്‍ കല്ലുകടിയായി. മുദ്രാവാക്യം വിളിയുമായി കലോത്സവവേദിക്ക് മുന്നില്‍ പ്രതിഷേധവുമായെത്തിയ സംഘടനാപ്രതിനിധികളെ മാറ്റാന്‍ പോലീസെത്തിയത് വാക്കേറ്റത്തില്‍ കലാശിച്ചു. ഘോഷയാത്ര വന്ന് ചേരുന്ന പ്രധാന വേദിക്കു മുന്നിലേക്കാണ് പ്രതിഷേധവുമായി പ്രവര്‍ത്തകരെത്തിയത്.
കലോത്സവ നടത്തിപ്പിന് ഇരുപതോളം കമ്മറ്റികളുണ്ടായിട്ടും ഒന്നില്‍പോലും ഉള്‍പ്പെടുത്താതെ തങ്ങളെ അവഗണിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് സംഘടനാപ്രതിനിധികള്‍ ആരോപിച്ചു. ക്ലാസ് റൂം അടിച്ചു വാരുക, ഉച്ചക്കഞ്ഞി വിതരണം തുടങ്ങിയ ജോലികള്‍ ചെയ്യുന്ന തങ്ങളെ കമ്മറ്റികളില്‍ ഉള്‍പ്പെടുത്താന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. മാനുവല്‍ പരിഷ്കരണത്തിലൂടെ കലോത്സവ കമ്മറ്റികളില്‍ നിന്ന് അനധ്യാപക സംഘടനകളെ ഒഴിവാക്കിയത് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നിവേദനങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും പ്രതികരണമുണ്ടായില്ലെന്നും അവര്‍ ആരോപിച്ചു. കേരള എയ്ഡഡ് നോണ്‍ ടീച്ചര്‍ ആന്റ് സ്റ്റാഫ് അസോസിയേഷന്, കേരള നോണ്‍ ടീച്ചര്‍ എംപ്ലോയീസ് ഓര്ഗനൈസേഷന് എന്നീ സംഘടനകള്‍ സംയുക്തമായാണ് പ്രതിഷേധിച്ചത്. തുടര്‍ച്ചയായി നാലാം തവണയാണ് ഇവര്‍ പ്രതിഷേധവുമായി രംഗത്ത് വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: