ശബരിമല: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനക്കാലത്തിന് സമാപനംകുറിച്ച് ശബരിമല ക്ഷേത്ര നട ഇന്ന് അടയ്ക്കും. രാവിലെ അഞ്ചിന് നടതുറന്ന് തന്ത്രി കണ്ഠരര് മഹേശ്വരുടെ കാര്‍മികത്വത്തില്‍ മഹാഗണപതിഹോമം നടക്കും. തുടര്‍ന്ന് തിരുവാഭരണങ്ങളടങ്ങിയ പേടകവുമായി ഗുരുസ്വാമിമാര്‍ പതിനെട്ടാംപടിയിറങ്ങും. പിന്നീടാണ് അയ്യപ്പന്റെ പിതൃസ്ഥാനീയനായ പന്തളം രാജ പ്രതിനിധി മകംനാള്‍ ദിലീപ് വര്‍മ്മ ദര്‍ശനം നടത്തുന്നത്. ശേഷം ഏഴുമണിയോടെ ഭസ്മാഭിഷിക്തനായ അയ്യപ്പസ്വാമിയെ യോഗദണ്ഡും ജപമാലയും അണിയിച്ച് ഹരിവരാസനം ചൊല്ലി തന്ത്രി കണ്ഠരര് മഹേശ്വരരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി പി.എന്‍.നാരായണന് നമ്പൂതിരി നട അടയ്ക്കും. തുടര്‍ന്ന് മേല്‍ശാന്തി ശ്രീകോവിലിന്റെ താക്കോലും. ഈവര്‍ഷത്തെ പൂജാ ചെലവുകളുടെ മിച്ചം എന്ന നിലയില്‍ പണക്കിഴിയും രാജപ്രതിനിധിക്ക് കൈമാറും.
പതിനെട്ടാംപടിയിറങ്ങുന്ന രാജപ്രതിനിധി ശ്രീകോവിലിന്റെ താക്കോലും അടുത്ത വര്‍ഷത്തെ പൂജാ ചെലവുകള്‍ക്കായി എന്ന സങ്കല്‍പ്പത്തില്‍ പണക്കിഴിയും ദേവസ്വം മാനേജരെ ഏല്‍പ്പിച്ച് മടങ്ങുന്നതോടെ ഈവര്‍ഷത്തെ തീര്‍ത്ഥാടനക്കാലത്തിന് പരിസമാപ്തിയാകും.
ഇന്നലെ രാത്രി ഒമ്പതിന് അത്താഴപൂജവരെയാണ് തീര്‍ത്ഥാടകര്‍ക്ക് അയ്യപ്പദര്‍ശനത്തിന് അവസരമുണ്ടായിരുന്നത്. അന്യസംസ്ഥാനക്കാരടക്കമുള്ള തീര്‍ത്ഥാടകര്‍ ദര്‍ശനത്തിനായി എത്തിയിരുന്നു. 9.30ന് ഹരിവരാസനം ചൊല്ലി നടഅടച്ച ശേഷം പത്തുമണിയോടെ മാളികപ്പുറത്ത് ഗുരുതി നടന്നു. പന്തളം രാജപ്രതിനിധിയുടെ സാന്നിദ്ധ്യത്തിലാണ് മലദൈവങ്ങളുടെ പ്രീതിയ്ക്കായി ഗുരുതി നടത്തിയത്. വന്‍ ഭക്തജനത്തിരക്കാണ് ഈവര്‍ഷം അനുഭവപ്പെട്ടത്. മകരവിളക്ക് ഉത്സവത്തിന്റെ അവസാനഘട്ടത്തില്‍ പോലീസ് അയ്യപ്പന്മാരെ കൈയേറ്റം ചെയ്ത സംഭവങ്ങള്‍ ഒഴിച്ചാല്‍ കാര്യമായ അനിഷ്ഠ സംഭവങ്ങള്കൂടാതെയാണ് ഈ തീര്‍ത്ഥാടനക്കാലം പൂര്‍ത്തിയാക്കിയത്.
കുംഭമാസ പൂജകള്‍ക്കായി ഫെബ്രുവരി 12 ന് വൈകിട്ട് 5.30ന് ശബരീശ സന്നിധി വീണ്ടും തുറക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: