തിരുവനന്തപുരം: സമരപരമ്പരകള്‍ പൊളിഞ്ഞതിന്റെ സര്‍വകാല റിക്കോര്‍ഡ് ഇനി സിപിഎമ്മിന് സ്വന്തമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിലക്കയറ്റത്തിനെതിരേ അനിശ്ചിതകാല നിരാഹാരസമരം പ്രഖ്യാപിച്ചശേഷം വെറും നാലുദിവസം കൊണ്ട് സിപിഎം മറ്റൊരു സമരമുഖത്തുനിന്നുകൂടി പിന്മാറി. പാര്‍ട്ടിയുടെയോ, ജനങ്ങളുടെയോ പിന്തുണയില്ലാതെ സമരപ്പന്തല്‍ ശുഷ്കമായ പശ്ചാത്തലത്തിലാണ് മറ്റു സമരങ്ങള്‍ പോലെ ഈ സമരവും പൊട്ടിയത്. നിയമന നിരോധനമെന്നു പറഞ്ഞ് ഡിവൈഎഫ്ഐ നടത്തിയ സമരവും പാടേ പൊളിഞ്ഞു. സിപിഎം നടത്തുന്ന എല്ലാ സമരമുറകളും പരാജയപ്പെടുന്നത് എന്തുകൊണ്ടെന്ന് അവര്‍ പുനര്‍വിചിന്തനം ചെയ്യണമെന്ന് ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സബ്സിഡിയോടു കൂടിയ പാചകവാതക സിലിണ്ടറുകളുടെ എണ്ണം 9ല്‍ നിന്ന് 12 ആക്കിയെന്ന പിടിവള്ളിയില്‍ പിടിച്ചാണ് സിപിഎം സമരത്തില്‍ നിന്ന് ഊരിയത്. സിലിണ്ടറുകളുടെ എണ്ണം കൂട്ടിയതും സിപിഎം സമരവും തമ്മില്‍ യാതൊരു ബന്ധവും ഇല്ലെന്ന് എല്ലാവര്ക്കും അറിയാം.കേരളത്തില്‍ 77.21 ലക്ഷം കുടംബങ്ങളാണ് ഗ്യാസ് സിലിണ്ടര്‍ ഉപയോഗിക്കുന്നത്. ഇതില്‍ 96.95 % ഉപഭോക്താക്കളും 9 സിലിണ്ടറിനു താഴെ മാത്രം ഉപയോഗിക്കുന്നവരാണ്. എങ്കിലും 12 സിലിണ്ടറായി ഉയര്‍ത്തണമെന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ ഞാന്‍ ഉള്‍പ്പെടെ എല്ലാവരും ആവശ്യപ്പെട്ടിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ഈ ആവശ്യമാണ് അംഗീകരിച്ചിരിക്കുന്നത്. ഇത് സിപിഎം സമരംമൂലമാണെന്ന് അവകാശപ്പെടുന്നത് തികച്ചും ബാലിശമാണ്.
പിഎസ്സി നിയമനങ്ങള്‍ക്ക് നിരോധനം ഉണ്ടെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ നടത്തിയ സമര പൊളിഞ്ഞത് വസ്തുതകളുമായി പുലബന്ധം ഇല്ലാത്തതുകൊണ്ടാണ്. നിയമനങ്ങള്‍ക്കോ, പുതിയ തസ്തികകള്‍ ആവശ്യാനുസരണം നല്‍കുന്നതിനോ യാതൊരുവിധ വിലക്കോ, നിസഹരണ സമീപനമോ സര്‍ക്കാരിനില്ല. സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 2013 ഡിസംബര്‍ വരെ 85,164 പേര്‍ക്ക് പിഎസ്
സി നിയമനം നല്‍കിയിട്ടുണ്ട്. കഅധ്യാപക പാക്കേജില്‍ 10,553 അധ്യാപകര്‍ക്ക് സ്ഥിരനിയമനം നല്കി. കഴിഞ്ഞ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അനുവദിച്ചിട്ടും തസ്തികകള്‍ അനുവദിച്ചിരുന്നില്ല.
കെഎസ്ആര്‍ടിസിയില്‍ 3386 എംപാനല്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തി. ആശ്രിത നിയമനത്തില്‍ 905 പേരെ അധിക തസ്തിക സൃഷ്ടിച്ച് നിയമനം നല്കി. വികലാംഗ ക്വാട്ടയില്‍ 2799 പേര്‍ക്ക് നിയമനം നല്കി . സ്പോര്‍ട്സ് ക്വാട്ടയില്‍ 103 പേരെ നിയമിച്ചു. ആരോഗ്യവകുപ്പില്‍ 3539 തസ്തികകള്‍ സൃഷ്ടിച്ചു .പിഎസ്സി ലിസ്റ്റ് ഉണ്ടായിട്ടും സ്ഥിരം തസ്തികകള്‍ നികത്താത്ത ഏതെങ്കിലും സംഭവം ഉണ്ടെന്നു ചൂണ്ടിക്കാട്ടിയാല്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാണ്. ആരും സമരത്തിന് പോകേണ്ടതില്ല. കെഎസ്ആര്‍ടിസി കണ്ടക്ടര്‍, ഡ്രൈവര്‍ ലിസ്റ്റില്‍ ഒഴിവുകളുണ്ടായിട്ടും നിയമനം നടത്തിയില്ലെന്ന പിഎസ്സി റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്റെ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വിവരം നല്കുമ്പോള് എണ്ണത്തില്‍ വന്ന പാളിച്ചയാണെന്നാണ് അറിഞ്ഞത്. തെറ്റുപറ്റിയ ഉദ്യോഗസ്ഥനോട് വിശദീകരണം ചോദിക്കാനേ കഴിയൂ. അനുമതി നല്കിയ തസ്തികകളിലെ നിയമനങ്ങളില്‍ ഒരെണ്ണത്തില്‍പ്പോലും കുറവ് വരാന്‍ അനുവദിക്കില്ല.
നിയമനം നടപ്പാക്കുന്ന ട്രാഫിക്, ലീഗല്‍ മെട്രോളജി, മൈനിംഗ് വകുപ്പുകളില്‍ വേണ്ടത്ര തസ്തികകളില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പുതിയ തസ്തികകളില്ലെന്നത് ശ്രദ്ദയില്‍പ്പെട്ടിട്ടുണ്ട്. പുതിയ തസ്തികകള്‍അനുവദിക്കുന്നതിന് സ്വാഭാവിക പരിമിതിയുണ്ട്. എല്ലാ പഞ്ചായത്തുകളിലും ഹയര്‍സെക്കന്ററി സ്കൂള്‍ അനുവദിക്കുമെന്ന പ്രഖ്യാപനം നടപ്പാക്കാനായിട്ടില്ല. അടുത്തവര്‍ഷം ഇത് നടപ്പാക്കും. ആയുര്‍വേദത്തില്‍ 115ഉം ഹോമിയോപ്പതിയില്‍ 117 ഉം ആശുപത്രികള്‍ അടുത്തവര്‍ഷം തുടങ്ങും.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ജനനമരണ സര്‍ട്ടിഫിക്കറ്റില്‍ ചെറിയ തിരുത്തലുകള്‍ വരുത്താന്‍പോലും വലിയ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടതുണ്ട്. ഇത് എങ്ങനെ പരിഹരിക്കാമന്ന് പരിശോധിക്കും. സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കലില്‍ സേവന സോഫ്റ്റ്വെയര് ഒഴിവാക്കി ടാറ്റാ കണ്സള്ട്ടന്റിയെ ചുമതല ഏല്‍പ്പിക്കുന്നതിനെക്കുറിച്ച് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
യുഡിഎഫില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ല. ഘടകകക്ഷികല്ക്ക് സീറ്റ് ചോദിക്കാന്‍ പാടില്ല എന്ന നിബന്ധനയില്ല. ഘടകകള്‍ സീറ്റ് ചോദിക്കുന്നതിനെ തെറ്റായി കാണുന്നില്ല. പരസ്പര വിശ്വാസത്തോടെ മാത്രമേ മുന്നോട്ടുപോകൂ. യുഡിഎഫ് കക്ഷികളെ താന്‍ പൊളിക്കുന്ന എന്ന കൊടിയേരിയുടെ പരാമര്‍ശം വലിയ അംഗീകാരം ആണ്. അത്രയും വലിയ കഴിവ് തനിക്കില്ല. യുഡിഎഫിനു മുന്നില്‍ സിഎംപി ഒന്നുമാത്രമേയുള്ളു.
ഗണേഷ്കുമാര് വിഷയത്തില്‍ ഷിബുബേബിജോണ്‍ നല്ല രീതിയിലാണ് ഇടപെട്ടത് എന്നാണ് തന്റെ അഭിപ്രായം. ഇനി ഒരു ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കും താനില്ല എന്ന പ്രസ്താവന ഏതു സാഹചര്യത്തിലാണ് ഷിബുബേബിജോണ്‍ പറഞ്ഞതെന്നറിയില്ല. ഓരോ സാഹചര്യത്തിലുമുള്ള അനുഭവങ്ങളില്‍ നിന്നാവും ഓരോ പാഠങ്ങള്‍ പഠിക്കുകയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: