കോട്ടയം:ജാതിയില്ലാത്ത മതസമൂഹങ്ങള്‍ക്ക് ജാതി സംവരണം എന്തടിസ്ഥാനത്തിലാണെന്ന് മതസമൂഹങ്ങള്‍ വ്യക്തമാക്കണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്.ബിജു ആവശ്യപ്പെട്ടു. ജാതിസമൂഹങ്ങള്ക്കായി നിശ്ചയിച്ച സംവരണവ്യവസ്ഥ മതസമൂഹങ്ങള്‍ക്കും നല്‍കണമെന്ന ശുപാര്‍ശ ഭരണഘടനാവിരുദ്ധമാണ്.
പട്ടികജാതി സമൂഹത്തിന്റെ സംവരണാവകാശവും, പ്രത്യേകപദവിയും ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കണമെന്നും, ഒബിസി വിഭാഗങ്ങള്‍ക്ക് നല്കുന്ന കേന്ദ്രസംവരണം 27ശതമാനത്തില്‍ നിന്നും 15ശതമാനം മുസ്ലിങ്ങള്‍ക്കും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കും നല്‍കണമെന്ന ശുപാര്‍ശ ചെയ്യുന്നതാണ് ജസ്റ്റിസ് രംഗനാഥമിശ്ര കമ്മീഷന് റിപ്പോര്‍ട്ട്. ഡോ. അംബേദ്കര്‍ ഭരണഘടനയിലെഴുതിച്ചേര്ത്ത പട്ടികജാതി സംവരണവ്യവസ്ഥയെ തുരങ്കം വയ്ക്കാനും അട്ടിമറിക്കുവാനുമാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്.
ഭൂരഹിതരില്ലാത്ത കേരളം പ്രഖ്യാപിച്ച സര്‍ക്കാര്‍ കൃഷിഭൂമിയും സര്‍ക്കാര്‍ ഭൂമിയും മിച്ചഭൂമിയും ഭൂമാഫിയകള്‍ക്കും, കയ്യേറ്റക്കാര്‍ക്കും വിട്ടുകൊടുത്ത് കാസര്‍കോട് ജില്ലയിലെ പാറക്കെട്ടുകള്‍ ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാന്‍ പദ്ധതിയിട്ടിരിക്കുകയാണ്. ഇത് കൊടിയ വഞ്ചനയാണ്. കേന്ദ്രഭൂരിപരിഷ്കരണ നയത്തില്‍ 10 സെന്റ് വീടുവയ്ക്കാനും ഒരേക്കര്‍ കൃഷിഭൂമിയും ഭൂരഹിതര്‍ക്ക് ശുപാര്‍ശ ചെയ്യുമ്പോള്‍ കേരള സര്‍ക്കാര്‍ മൂന്ന് സെന്റ് കോളനികളില്‍ ഭൂരഹിതരെ ഒതുക്കാനാണ് ശ്രമിക്കുന്നത്.
പട്ടികജാതി-വര്‍ഗ്ഗ മറ്റ് പിന്നോക്ക ജനവിഭാഗങ്ങളുടെ അവകാശാധികാരങ്ങളും, പട്ടികജാതി പദവിയും, കവര്‍ന്നെടുക്കുന്ന ജസ്റ്റിസ് രംഗനാഥമിശ്ര കമ്മീഷന് റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നും, സംസ്ഥാനത്തെ ഭൂരഹിത ജനസമൂഹത്തിന് ഭൂമി വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ട് ഹിന്ദുഐക്യവേദിയുടെയും സാമൂഹ്യനീതി കര്‍മ്മസമിതിയുടെയും നേതൃത്വത്തില്‍ ജനുവരി 22 ന് ജില്ലാ കേന്ദ്രങ്ങളില്‍ സായാഹ്നധര്‍ണ്ണ നടത്തും. കേന്ദ്ര-കേരള സര്‍ക്കാരിന്റെ ഹിന്ദുവഞ്ചനക്കെതിരെ തുടര്‍ പ്രക്ഷോഭങ്ങള്‍ ആസൂത്രണം ചെയ്യുമെന്നും ബിജു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: