റോം: കടല്‍ക്കൊലക്കേസില്‍ പ്രതികളായ നാവികരുടെ വിചാരണയുമായി ബന്ധപ്പെട്ട് ഇറ്റലി അന്താരാഷ്ട്ര സഹായം തേടാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. വിഷയം രാജ്യാന്തര തലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരുമെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി എന്റിക്ക ലെറ്റ പറഞ്ഞു. സംഭവം നടന്നത് ഇന്ത്യന്‍ അതിര്‍ത്തിക്ക് പുറത്തായതിനാല്‍ ലോകസമുദ്രനിയമപ്രകാരമായിരിക്കണം നടപടി എന്നാണ് ഇറ്റലിയുടെ വാദം.
ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നു എന്നതിനാല്‍ നീതി ലഭിക്കില്ലെന്ന് ഇറ്റാലിയന്‍ സര്‍ക്കാര്‍ ആശങ്കപ്പെടുന്നു. ഭീകരവാദികളോടുള്ള നിയമ നടപടികളാണ് ഇന്ത്യ ഇക്കാര്യത്തില്‍ ഇറ്റാലിയന്‍ നാവികരോട് തുടുരുന്നതെന്നും ആശങ്കയുണ്ട്. ഇന്ത്യയില്‍ നാവികരുടെ വിചാരണ വൈകുന്നതു മൂലമാണ് രാജ്യാന്തര സഹായം തേടുന്നത്. ഇറ്റാമലിയന് പാര്‍ലമെന്ററി സംഘം ഇന്ത്യയിലത്തുമെന്നും എന്റിക്ക ലെറ്റപറഞ്ഞു. നാവികര്‍ക്ക് വധശിക്ഷ ലഭിക്കുന്ന കുറ്റം ചുമത്തില്ലെന്ന ഉറപ്പ് ഇന്ത്യ പാലിക്കണമെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് ഇറ്റാലിയന്‍ പ്രതിരോധ, വിദേശകാര്യ മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചക്കു ശേഷമാണ് ഇറ്റാലിയന്‍ പ്രധാനമന്ത്രി പ്രസ്താവന ഇറക്കിയത്. നാവികര്‍ക്ക് വധശിക്ഷ ലഭിക്കുന്ന കുറ്റം ചുമത്തിയാല്‍ ഇന്ത്യയുമായുള്ള വ്യാപാര കരാര്‍ ഒപ്പിടുന്നതില്‍ നിന്ന് പിന്മാറുമെന്ന് യൂറോപ്യന്‍ യൂണിയനും വ്യക്തമാക്കിയിരുന്നു. വിചാരണ നീളുന്ന സാഹചര്യത്തില്‍ നാവികരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് ഇറ്റലി സുപ്രീംകോടതിയില്‍ ബുധനാഴ്ച അപേക്ഷ നല്‍കിയിരുന്നു. കേസ് തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് ഇറ്റലിയുടെ പുതിയ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: