മുംബൈ: ആദര്‍ശ് ഫ്ളാറ്റ് അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്നും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്റെ പേര് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ സമര്‍പ്പിച്ച ഹരജി കോടതി തള്ളി. ഇതുസംബന്ധിച്ച ഹരജി ബുധനാഴ്ചയാണ് സിബിഐ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചത്.
ജസ്റ്റിസ് ഡിഗിന്റേ ഒറ്റവരി ഉത്തരവിലൂടെയാണ് സിബിഐ ആവശ്യം തള്ളിയത്. ഇതോടെ ആദര്‍ശ് ഫ്ളാറ്റ് അഴിമതിക്കേസില്‍ അശോക് ചവാന് ആരോപിതനായി തുടരും. ചവാനടക്കം പന്ത്രണ്ട് പേരാണ് പ്രതിപ്പട്ടികയിലുള്ളത്. പ്രതിപ്പട്ടികയില്‍ തന്നെ ഉള്‍പ്പെടുത്തിയത് ചവാന് ചോദ്യം ചെയ്തിരുന്നു. ആദര്‍ശ് അഴിമതിയെ തുടര്‍ന്നാണ് ചവാന് മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടത്.
നേരത്തേ ചവാനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നല്കാന് ഗവര്‍ണര്‍ കെ. ശങ്കരനാരായണന് വിസമ്മതിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പ്രതിപ്പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ കോടതിയെ സമീപിച്ചത്.
കാര്‍ഗില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട ഭടന്മാരുടെ ആശ്രിതര്‍ക്കു വേണ്ടി നിര്‍മ്മിച്ച ആദര്‍ശ് ഫ്ളാറ്റ് രാഷ്ട്രീയക്കാരും സേനാ ഉദ്യോഗസ്ഥരും ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വന്തമാക്കിയെന്നതാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: