ലണ്ടന്‍: വിവിധ രാജ്യങ്ങളില്‍ നിന്നും ഒരു ദിവസം 200 മില്യണ്‍ ടെക്സ്റ്റ് മെസേജുകള്‍ അമേരിക്കന്‍ സുരക്ഷാ ഏജന്‍സിയായ എന്‍എസ്എ ശേഖരിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്.
അമേരിക്കക്കെതിരെ എഡ്വേര്‍ഡ് സ്നോഡന് നടത്തുന്ന ഏറ്റവും ഒടുവിലത്തെ വെളിപ്പെടുത്തലാണിത്. ഇതിന് ബ്രിട്ടീഷ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും കൂട്ടുനിന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗാര്‍ഡിയനും ബ്രിട്ടീഷ് മാധ്യമമായ ചാനല്‍ ഫോര്‍ ന്യൂസുമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മിസ്ഡ് കോള്‍, റോമിങ് ചാര്‍ജുകള്‍, ക്രഡിറ്റ് കാര്‍ഡ് ഉപയോഗം എന്നിവയെക്കുറിച്ചുള്ള എസ്എംഎസുകളാണ് എന്‍എസ്എ പരിശോധിച്ചിരുന്നതെന്ന ് മാധ്യമങ്ങള്‍ പറയുമ്പോഴും സ്വകാര്യതയിലേക്ക് കടന്നു കയറിയിരിക്കാമെന്ന റിപ്പോര്‍ട്ടും തള്ളിക്കളയുന്നില്ല.
മൊബെയില്‍ വഴി ക്രെഡിറ്റ്് കാര്‍ഡ് ഉപയോഗിക്കുന്നവരുടെ വിവരങ്ങളും അമേരിക്ക തത്സമയം നിരീക്ഷിച്ചിരുന്നു. മെസേജുകള്‍ ശേഖരിച്ചത് നിയമപരമായാണെന്ന് എന്‍എസ്എ അധികൃതര്‍ അറിയിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ യുഎസിന്റെ ഇലക്ട്രോണിക് സര്‍വെയ്ലെന്‍സ് പ്രോഗ്രാം നയം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. അമേരിക്കന്‍ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥന് എഡ്വേര്‍ഡ് സ്നോഡന് ഫ്രീഡം ഓഫ് ദി പ്രസ് ഫൗണ്ടേഷന് ഡയറക്ടറാകുന്നു എന്ന വാര്‍ത്ത പുറത്ത് വന്നതിന് തൊട്ടു പിന്നാലെയാണ് പുതിയ വെളിപ്പെടുത്തല്‍.
വിവിധ രാജ്യങ്ങളില്‍ നിന്നും പൗരന്മാരുടെ വിവരം അമേരിക്ക ചോര്‍ത്തുന്നതായി ഒരു പത്രത്തിലൂടെ എന്‍എസ്എയുടെ മുന്‍ കരാര്‍ ജീവനക്കാരനായ സ്നോഡന് പുറത്തുവിട്ടിരുന്നു. ഇതിനെ തുടര്‍ന്ന് രാജ്യം വിടേണ്ടി വന്ന സ്നോഡന് ഹോങ്കോങ്ങിലെ വിമാനത്താവളത്തിലും മോസ്കോയിലെ വിമാനത്താവളത്തിലും കുറച്ച് നാള് ചെലവഴിച്ചു. തുടര്‍ന്ന് റഷ്യ അദ്ദേഹത്തിന് രാഷ്ട്രീയ അഭയം നല്‍കുകയായിരുന്നു.
സ്നോഡന്റെ വെളിപ്പെടുത്തലിന്റെ ചുവടുപിടിച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍ അമേരിക്കക്കെതിരെ തിരിഞ്ഞിരുന്നു. ഇത് മറ്റ് രാജ്യങ്ങള്‍ക്ക് അമേരിക്കയോടുള്ള വിശ്വാസ്യത നഷ്ടപ്പെടാന്‍ കാരണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: