തിരുവനന്തപുരം: മാവോയിസ്റ്റ് വേട്ടയില്‍ കേരളാ പോലീസിന്റെ വാദഗതികള്‍ക്കെതിരെ ഝാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് വിരുദ്ധ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ഉന്നത ഉദ്യോഗസ്ഥന്. മലയാളിയും ഝാര്‍ഖണ്ഡിലെ മാവോയിസ്റ്റ് വിരുദ്ധ സേനാ സൂപ്രണ്ടുമായ ചന്ദ്രമോഹനാണ് കേരളത്തില്‍ മാവോയിസ്റ്റ് സാന്നിധ്യം ശക്തമാണെന്ന് മുന്നറിയിപ്പു നല്‍കിയത്.
സംസ്ഥാനത്ത് കഴിഞ്ഞ നാലുവര്‍ഷമായി മാവോയിസ്റ്റു പ്രവര്‍ത്തനം ശക്തമാണ്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ മാവോയിസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഝാര്‍ഖണ്ഡ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നുമുള്ളവര്‍ കേരളത്തില്‍ എത്തിയിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാരിന് പലപ്പോഴും വിവരം നല്‍കിയിട്ടുണ്ട്. ഝാര്‍ഖണ്ഡില്‍ അറസ്റ്റിലായവരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. കേന്ദ്ര ഇന്റലിജന്‍സും ഇക്കാര്യം കേരളത്തെ അറിയിച്ചിട്ടുണ്ട്. പക്ഷേ ഒരു മാവോയിസ്റ്റു പ്രവര്‍ത്തകനെ പോലും കസ്റ്റഡിയിലെടുക്കാന്‍ കേരളാ പോലീസിനു കഴിഞ്ഞിട്ടില്ലെന്ന് ചന്ദ്രമോഹന് വെളിപ്പെടുത്തി.
ഇടുക്കി, വയനാട്, കണ്ണൂര്‍, മലപ്പുറം, കാസര്‍ഗോഡ്, ആലപ്പുഴ എന്നീ ജില്ലകളിലാണ് മാവോയിസ്റ്റു പ്രവര്‍ത്തനം സജീവമായിട്ടുള്ളത്. കേരളത്തിന്റെ തീരദേശത്തും മാവോയിസ്റ്റുകള്‍ സുരക്ഷിത താവളം ഒരുക്കിയിട്ടുണ്ട്. കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന് പ്രവര്‍ത്തകരെ എത്തിക്കുന്നത് ഒഡീഷ, ഛത്തീസ്ഗഡ്, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നുമാണ്. വിദേശ സഹായവും രാജ്യാന്തര തലത്തില്‍ ഭീകരവാദികള്‍ ഉപയോഗിക്കുന്ന ആയുധങ്ങളും മാവോയിസ്റ്റുകള്‍ക്ക് ലഭിക്കുന്നുണ്ട്. ചൈനയില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നും സഹായം ലഭിക്കുന്ന മാവോയിസ്റ്റുകള്‍ സംസ്ഥാന പോലീസിനെക്കാള്‍ സായുധമായി സജ്ജമാണ്.
1970 കളില്‍ സജീവമായിരുന്ന നക്സലുകളുടെ പേരുകളാണ് ഇവര്‍ ആശയവിനിമയത്തിന് ഉപയോഗിക്കുന്നത്. സംസ്ഥാനങ്ങള്‍ മാറുന്നതനുസരിച്ച് ഇവര്‍ പേരുകളും മാറ്റും. കേരളത്തിലെ ആദിവാസി മേഖലകളില്‍ നിന്നുള്ളവരെ പരിശീലനത്തിനായി മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോയിട്ടുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കേരളത്തിലെ പല നക്സല്‍ സംഘടനകളിലുള്ളവരെയും മാവോയിസ്റ്റുകള്‍ കൂടെ കൂട്ടിയിട്ടുണ്ട്. മാവോയിസ്റ്റുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചിട്ടില്ലെങ്കില്‍ പത്തുവര്‍ഷത്തിനകം കേരളത്തിന് ഭീഷണിയാകുന്ന തരത്തില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ടാകുമെന്ന് ചന്ദ്രമോഹന് മുന്നറിയിപ്പു നല്കി.
അതേസമയം മാവോയിസ്റ്റു പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദ റിപ്പോര്‍ട്ടുകളുണ്ടായിട്ടും വയനാട്ടിലെ കാടുകളില്‍ നിരന്തര തിരച്ചില്‍ നടത്തുന്ന മാവോയിസ്റ്റ് വിരുദ്ധ സേനയ്ക്ക് ഒരാളെപ്പോലും കണ്ടെത്താനായിട്ടില്ലെന്നതാണ് വിചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: