കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ കഞ്ചാവ് വേട്ട എന്ന പേരില്‍ പോലീസും ചില മാധ്യമങ്ങളും ചേര്‍ന്ന് നടത്തുന്ന നീക്കത്തില്‍ വന്‍ പ്രതിഷേധം.
കോളേജിന്റെ സല്പേരിനെ കളങ്കപ്പെടുത്താനും തകര്‍ക്കാനും ഉദ്ദേശിച്ചുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നാണ് സംശയമുയരുന്നത്. മഹാരാജാസ് കാമ്പസില്‍ കഞ്ചാവ് ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്ന പ്രചരണവും പോലീസ് നടപടികളും ക്യാമ്പസിന്റെ പ്രവര്‍ത്തനത്തെ താളം തെറ്റിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി പോലീസ് നിരീക്ഷണം നടത്തിയിട്ടും ഇതുവരെ ഇതിന് തെളിവൊന്നും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ കോളേജിനെതിരെ നടക്കുന്നത് തെറ്റിദ്ധാരണാജനകമായ കുപ്രചരണമാണെന്ന് പ്രിന്‍സിപ്പല്‍ ഡോ. ലതാരാജ് അഭിപ്രായപ്പെട്ടു. കോളേജിന് സ്വതന്ത്രപദവി ലഭിക്കുന്നത് തടയാനുള്ള ശ്രമമാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് സംശയമുയരുന്നത്. നഗരത്തില്‍ സ്വതന്ത്രപദവി ലഭിക്കുന്നതിന് ശ്രമം നടത്തിയ സ്വകാര്യ കോളേജുകള്‍ക്ക് അത് ലഭിക്കാത്ത സാഹചര്യത്തില്‍ മഹാരാജാസിന് സ്വതന്ത്രപദവി ലഭിക്കുന്നത് തടയുകയാണ് ഇവരുടെ ലക്ഷ്യം. ചില മതസംഘടനകളാണ് ഈ ഗൂഢാലോചനക്ക് പിന്നിലെന്നാണ് സംശയം. ഒരു മുത്തശ്ശി പത്രം നിരന്തരം കോളേജിനെതിരെ ഇത്തരം വാര്‍ത്തകള്‍ ചമക്കുന്നതിലും പ്രതിഷേധം ഉയരുന്നുണ്ട്. കോളേജിനെ മോശമായി ചിത്രീകരിക്കുന്ന ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തണമെന്നും പ്രിന്‍സിപ്പല്‍ ഡോ. ലതാരാജ് കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ തന്നെ ആവശ്യപ്പെട്ടിരുന്നു. പോലീസിന് പരിശോധന നടത്താന്‍ എല്ലാവിധ സൗകര്യങ്ങളും കോളേജ് അധികൃതര്‍ ഒരുക്കിക്കൊടുത്തിട്ടുണ്ട്. എന്നിട്ടും ഇതുവരെയായി കഞ്ചാവ് വില്‍പ്പനയുടെ തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ല. നഗരത്തില്‍ പൊതുവെ കഞ്ചാവ്, മയക്കുമരുന്ന് മാഫിയ സജീവമാണ്. ഇതിന്റെ ഭാഗമായി ആരെങ്കിലും ക്യാമ്പസിലും കഞ്ചാവ് ഉപയോഗിക്കുകയോ മറ്റോ ചെയ്തിട്ടുണ്ടാകാമെങ്കിലും അതിനെ പര്‍വ്വതീകരിച്ച് കോളേജിനെ അപകീര്‍ത്തിപ്പെടുത്താന്‍ നടത്തുന്ന ശ്രമം ശരിയല്ലെന്നാണ് കോളേജിനെ സ്നേഹിക്കുന്നവര്‍ അഭിപ്രായപ്പെടുന്നത്. കേരളത്തിലെ ഏറ്റവും മികച്ച അക്കാദമിക് പാരമ്പര്യവും സര്‍ഗാത്മക ചരിത്രവുമുള്ള ക്യാമ്പസാണ് മഹാരാജാസിന്റേത്. ഈ പാരമ്പര്യത്തെ തകര്‍ക്കുകയാണ് ഗൂഢാലോചനയുടെ ലക്ഷ്യമെന്നും പ്രിന്‍സിപ്പലും അധ്യാപകരും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: