മരട്: ഭിക്ഷാടനമാഫിയകള്‍ കൊച്ചി നഗരത്തിലും പരിസരപ്രദേശങ്ങളിലും വീണ്ടും സജീവമായതായി സൂചന. കഴിഞ്ഞദിവസം കുണ്ടന്നൂര്‍ ജംഗ്ഷനില്‍ കൈക്കുഞ്ഞുമായി ഭിക്ഷയെടുത്തിരുന്ന സ്ത്രീയെ മനുഷ്യാവകാശ പ്രവര്‍ത്തകരെത്തി മോചിപ്പിച്ചിരുന്നു. നാട്ടുകാരും മറ്റും വിവരം അറിയിച്ചതനുസരിച്ചാണ് കൊച്ചിയിലെ മനുഷ്യാവകാശ സംഘടന വിഷയത്തില്‍ ഇടപെട്ടത്.
പുകയിലവെള്ളം കുടിപ്പിച്ച് മയക്കിയ കൈക്കുഞ്ഞിനെ തോളത്തുകിടത്തി പ്രദര്‍ശിപ്പിച്ചാണ് അന്യഭാഷക്കാരിയായ സ്ത്രീ നിരത്തില്‍ ഭിക്ഷാടനം നടത്തിവന്നത്. ഒരു കുട്ടിയെതന്നെ പലദിവസങ്ങളില്‍ സ്ത്രീകള്‍ മാറിമാറി ഭിക്ഷാടനത്തിനായി ഉപയോഗിച്ചുവന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇത് സംശയത്തിനിടയാക്കി. തുടര്‍ന്നാണ് മരട് പോലീസ് വഴി സംഭവം മനുഷ്യാവകാശപ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഇതേത്തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തകര്‍ പ്രദേശത്തെ ഭിക്ഷാടകരെ നിരീക്ഷിച്ചുവരികയായിരുന്നു. സ്ത്രീയേയും കുട്ടിയേയും കുണ്ടന്നൂര്‍ ജംഗ്ഷനില്‍ വാഹനത്തിലെത്തിക്കുകയാണെന്നത് ഇതിനിടെ ശ്രദ്ധയില്‍പ്പെട്ടു.
ഭിക്ഷയാചിക്കാന്‍ പിഞ്ചുകുട്ടികളുമായി അന്യഭാഷക്കാരായ സ്ത്രീകളെ നിരത്തിലിറക്കുന്നതിന് പിന്നില്‍ മാഫിയാസംഘമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇതോടെയാണ് ഇവരെ മോചിപ്പിക്കാന്‍ മനുഷ്യാവകാശ സംഘടന തീരുമാനിച്ചത്.
ഇന്നലെ വൈകിട്ട് കുണ്ടന്നൂര്‍ ജംഗ്ഷനില്‍ ഭിക്ഷ യാചിക്കുകയായിരുന്ന സ്ത്രീയെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കയ്യോടെ പിടികൂടുകയായിരുന്നു. ഇതിനിടെ ഇവര്‍ കുട്ടിയുമായി ബസ്സില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചത് സ്ഥലത്ത് നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു. ഇതിനിടെ ബൈക്കുകളില്‍ സ്ഥലത്തെത്തിയ രണ്ടുപേര്‍ മനുഷ്യാവകാശപ്രവര്‍ത്തകരെ തടഞ്ഞ് പിന്തിരിപ്പിക്കാന് ശ്രമിച്ചു. തുടര്‍ന്നാണ് മരട് പോലീസില്‍ വിവരം അറിയിച്ചത്. ഇതിനിടെ വഴിയാത്രക്കാരും നാട്ടുകാരും മറ്റുമായ നിരവധിപേര്‍ സ്ഥലത്ത് തടിച്ചുകൂടി. വിവരം ലഭിച്ച് സ്ഥലത്തെത്തിയ മരട് പോലീസിന്റെ ജീപ്പ്പില്‍ സ്ത്രീയേയും കുഞ്ഞിനേയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. രാത്രിയോടെ ഇവരെ റസ്ക്യൂ ഹോമിലേക്ക് മാറ്റി.
ഇരുന്നൂറില്‍പ്പരം സ്ത്രീകളെ ഭിക്ഷാടനമാഫിയ ഭിക്ഷ യാചിക്കാനായി കൊച്ചി നഗരത്തില്‍ കൊണ്ടുവന്നിട്ടുണ്ടെന്നാണ് മനുഷ്യാവകാശസംഘടനാ പ്രവര്‍ത്തകര്‍ പറയുന്നത്. തട്ടിയെടുക്കുന്ന കൊച്ചുകുട്ടികളെ പുകയിലവെള്ളം കുടിപ്പിച്ച് മയക്കി സ്ത്രീകളുടെ കൈയില്‍ കൊടുത്തയക്കും. ഈ കുട്ടികളെ പ്രദര്ശനവസ്തുവാക്കിയാണ് ഭിക്ഷാടനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: