കാഞ്ഞങ്ങാട്: നബിദിന റാലിയില്‍ പട്ടാള വേഷം ധരിച്ച് മാര്‍ച്ച് നടത്തിയ മതതീവ്രവാദിസംഘം പോലീസിനെ അക്രമിച്ചു. വെള്ളരിക്കുണ്ട് സിഐ കെ.വി.അനില്‍കുമാര്‍, കാഞ്ഞങ്ങാട് അഡീ. എസ്ഐ സുരേന്ദ്രന്, കാസര്‍കോട് എ.ആര്.ക്യാമ്പിലെ സീനിയര്‍ പോലീസ് സൂപ്രണ്ട് രതീഷ് എന്നിവര്‍ പരിക്കേറ്റ് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. വ്യാഴാഴ്ച രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. നബിദിന റാലിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചര്ക്ക് സമ്മാനം നല്‍കുന്നതിന് ആറങ്ങാടി നൂറുല്‍ഹുദ മദ്രസയുടെ അങ്കണത്തില്‍ ചടങ്ങ് സംഘടിപ്പിച്ചിരുന്നു.
നബിദിന റാലിയിലെ പട്ടാള വേഷങ്ങള്‍ക്കും സമ്മാനം നല്‍കണമെന്ന ആവശ്യം ചിലര്‍ ഉയര്‍ത്തിയതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ആവശ്യം ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ടും സെക്രട്ടറിയും സമ്മാന ദാനം നിര്‍വ്വഹിച്ചുകൊണ്ടിരുന്ന എക്സൈസ് ഉദ്യോഗസ്ഥന് അസീസും നിരസിച്ചതോടെ വേദിയില്‍ വച്ചുതന്നെ അടിപിടിയുണ്ടായി.
അടുത്തവീട്ടില്‍ ഓടിക്കയറിയാണ് അസീസ് രക്ഷപ്പെട്ടത്. സംഘര്‍ഷമറിഞ്ഞ് സ്ഥലത്തെത്തിയ വെള്ളരിക്കുണ്ട് സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വേദിയിലെ കാഴ്ചകള്‍ ക്യാമറയില്‍ പകര്‍ത്തി. ഇത് കണ്ട ചിലര്‍ പോലീസിനെ ആക്രമിച്ച് ക്യാമറകള്‍ തല്ലിപ്പൊട്ടിച്ച് മര്‍ദ്ദിക്കുകയായിരുന്നു. ഇരുട്ടിന്റെ മറവില്‍ പോലീസിന് നേരെ വ്യാപകമായി കല്ലേറുണ്ടായി. പോലീസ് കുറവായിരുന്നതിനാല്‍ പിന്മാറുകയായിരുന്നു. തുടര്‍ന്ന് കൂടുതല്‍ പോലീസ് എത്തിയപ്പോഴേക്കും അക്രമികള്‍ സ്ഥലം വിട്ടു. കണ്ടാലറിയാവുന്ന 50 ഓളം ആളുകളുടെ പേരില്‍ പോലീസിനെ അക്രമിച്ചതിന് കേസെടുത്തിട്ടുണ്ട്. ആറങ്ങാടിയിലെ ജമീലയുടെ മകന് ജംഷീര്‍, ഇസ്മയിലിന്റെ മകന് റഷീദ്, കോട്ടിക്കുളം മുഹമ്മദ് കുഞ്ഞിയുടെ മകന് ഷഫീഖ്, ഷാഫി, സാലി എന്നീ പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു.
കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് ആറങ്ങാടി നൂറുല്‍ ഹുദ മദ്രസ കമ്മിറ്റി നടത്തിയ നബിദിന റാലിയിലാണ് പട്ടാള വേഷം ധരിച്ച 25ഓളം ആളുകളുണ്ടായിരുന്നത്. ഇവര്‍ക്കെതിരെ നിസ്സാരമായ വകുപ്പുകള്‍ മാത്രം ചേര്‍ത്താണ് പോലീസ് കഴിഞ്ഞ ദിവസം കേസെടുത്തത്.
ജില്ലയിലെ പ്രധാന തീവ്രവാദ പരിശീലന കേന്ദ്രങ്ങളിലൊന്നായാണ് ആറങ്ങാടിയെ രഹസ്യന്വേഷണ വിഭാഗങ്ങള്‍ പോലും അടയാളപ്പെടുത്തിയിരിക്കുന്നത്. പകല്‍ പോലും ഭൂരിപക്ഷ സമുദായത്തിലെ സ്ത്രീകള്‍ ഒറ്റക്ക് സഞ്ചരിക്കാന്‍ മടികാണിക്കുന്ന സ്ഥലമാണ് ആറങ്ങാടി. രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളോടും വര്‍ഗ്ഗീയ സംഘര്‍ഷങ്ങളോടും പോലീസ് കാണിക്കുന്ന മൃദു സമീപനമാണ് ഇത്തരത്തിലുള്ള ഗ്രൂപ്പുകള്‍ വളര്‍ന്നുവരാന്‍ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: