ന്യൂദല്‍ഹി: രാജ്യത്തെ ജനതയെ ഭരണപരമായി ഒന്നാക്കാന്‍ കഴിവുള്ള ശക്തി അധികാരത്തിലെത്തണമെന്ന് പ്രശസ്ത പത്രപ്രവര്ത്തകന് ടിവിആര്‍ ഷേണായി പറഞ്ഞു. മാധ്യമപ്രവര്ത്തകന് മുരളി പാറപ്പുറം രചിച്ച നരേന്ദ്രമോദി നവഭാരതത്തിന്റെ നായകന് എന്ന പുസ്തകത്തിന്റെ ദല്‍ഹിയിലെ പ്രകാശന ചടങ്ങില്‍ ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം ശോഭാ സുരേന്ദ്രനില്‍ നിന്നും പുസ്തകം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാംസ്ക്കാരികമായി ഒന്നായി ജീവിക്കുന്ന രാജ്യത്തെ ജനതയെ ഭരണപരമായി ഒന്നാക്കി മാറ്റുകയെന്നതാണ് രാജ്യ പുരോഗതിക്കാവശ്യം. വിവിധ സംസ്ഥാനങ്ങളില്‍ ജനാധിപത്യത്തിന്റെ പേരില്‍ ഏകാധിപതികളായി പ്രവര്‍ത്തിക്കുന്ന ഭരണകര്ത്താക്കളാണുള്ളതെന്ന് ബംഗാള്‍,തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളെ ചൂണ്ടിക്കാട്ടി ടിവിആര്‍ ഷേണായി കൂട്ടിച്ചേര്‍ത്തു. ഇത്തരത്തിലുള്ള സംവിധാനങ്ങള്‍ മാറ്റി എല്ലാവരേയും ഭരണപരമായി ഒന്നാക്കി നിലനിര്‍ത്താന്‍ പ്രാപ്തിയുള്ള ശക്തി കേന്ദ്രത്തില്‍ അധികാരത്തില്‍ വരണമെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തു മുഴുവനുമുള്ള ഇന്ത്യാക്കാര്‍ ഭാവി പ്രതീകമായി ഉറ്റുനോക്കുന്ന നരേന്ദ്രമോദിയെ അടുത്തറിയാന്‍ മലയാളികളെ സഹായിക്കുന്ന പുസ്തകമാണ് നരേന്ദ്രമോദി നവഭാരതത്തിന്റെ നായകന് എന്ന് പ്രകാശനം നിര്‍വഹിച്ചുകൊണ്ട് ശോഭാ സുരേന്ദ്രന് പറഞ്ഞു. മോദിയെ കൂടുതല്‍ അടുത്തറിയാന്‍ മലയാളി വായനക്കാര്‍ക്ക് അതിയായ ആഗ്രഹമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ബുദ്ധ ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ റെക്കോര്‍ഡ് വില്‍പ്പനയെന്നും കേരളത്തിനകത്തും പുറത്തുമുള്ള മലയാളികള്‍ പുസ്തകം വാങ്ങുന്നത് ഇതിന്റെ തെളിവാണെന്നും അവര്‍ പറഞ്ഞു. രാജ്യത്തിന്റെ ഭാവിയുടെ പ്രതീകമായി മാറിയ മോദിയെ നവഭാരതത്തിന്റെ നായകന് എന്ന വിശേഷണത്തോടെ തയ്യാറാക്കിയ പുസ്തകം കാലിക പ്രസക്തമാണെന്നും ശോഭാ സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു. ബിജെപി ദല്‍ഹി സംസ്ഥാന സമിതിയംഗം പ്രസന്നന് പിള്ള, എസ്എന്‍ഡിപി ദല്‍ഹി യൂണിയന് പ്രസിഡന്റ് ടി.കെ.കുട്ടപ്പന്, അഡ്വ.പി.കെ ജയന്, മുരളീധരന് എന്നിവര്‍ പ്രസംഗിച്ചു. ഗംഗ ചാരിറ്റബിള്‍ ടസ്റ്റും ചൈതന്യയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: