ആലപ്പുഴ: തൃക്കുന്നപ്പുഴ കടപ്പുറത്ത് പാക്കിസ്താന് അനുകൂല മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയത് ബംഗ്ലാദേശികളെന്ന് സംശയം. ഇവരുടെ സംരക്ഷകരെന്ന നിലയില്‍ നാല്പതംഗ സംഘം അനുഗമിച്ചിരുന്നതായും അറിയുന്നു. രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തി ആഴ്ചകള്‍ കഴിഞ്ഞിട്ടും പ്രതികളെകുറിച്ച് പോലീസിന് യാതൊരു വിവരവുമില്ല. എന്നാല്‍ ഇത് സംബന്ധിച്ച് കേന്ദ്ര ഇന്റലിജന്റ്സ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തൃക്കുന്നപ്പുഴ പതിയാങ്കര ഭാഗത്ത് നിന്നും ആറാട്ടുപുഴയിലേക്കാണ് പന്ത്രണ്ടംഗ അന്യസംസ്ഥാന യുവാക്കള്‍ പ്രകടനം നടത്തിയത്. ഇവര്‍ ആസാദ് കാശ്മീര്‍ തുടങ്ങി ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളാണ് പ്രകടനത്തിലുടനീളം വിളിച്ചത്. പ്രകടന വിവരം നാട്ടുകാര്‍ തൃക്കുന്നപ്പുഴ പോലീസില്‍ അറിയിച്ചെങ്കിലും അവരെത്തിയിരുന്നില്ല. ഏതാണ്ട് ഒരു മണിക്കൂറോളം ഇവര്‍ പ്രകടനം നടത്തിയതായാണ് അറിയുന്നത്.
അതിനിടെ പത്തിശേരിയിലുള്ള കെട്ടിടത്തിലേക്ക് അന്യസംസ്ഥാന യുവാക്കളും അന്യദേശക്കാരും വരുന്നതായി സമീപവാസികള്‍ പറയുന്നു. ഈ സ്ഥലത്ത് ആയുധ പരിശീലനം നടക്കുന്നതായി സൂചനയുണ്ട്. രണ്ടാള് പൊക്കത്തില്‍ മതിലുകള്‍ ഉയര്‍ത്തി അകത്തുള്ള പീലിങ് ഷെഡിലാണ് പരിശീലനം നടക്കുന്നത്. ഈ കെട്ടിടം പീലിങ് ഷെഡ് നടത്താനെന്ന പേരിലാണ് ലൈസന്‍സ് വാങ്ങിയിട്ടുള്ളത്. തെക്കും വടക്കും കിഴക്കും പൂര്‍ണമായും മതില് കെട്ടി ഉയര്‍ത്തിയ നിലയിലാണ്. ഇതിന്റെ പ്രവേശന കവാടം കടലില്‍ നിന്നാണ്. ഇതാണ് ദുരൂഹത വര്‍ധിക്കാന്‍ കാരണം.
തീരദേശത്തു കൂടി ഇവിടേക്ക് ആയുധങ്ങള്‍ കടത്തുന്നുണ്ടോയെന്ന സംശയവും നിലവിലുണ്ട്. റോഡിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് ഇതിനകത്ത് നടക്കുന്നത് എന്താണെന്ന് അറിയാന്‍ കഴിയാത്ത രീതിയിലാണ് നിര്‍മാണം നടത്തിയിരിക്കുന്നത്. തീരപരിപാലന നിയമം ലംഘിച്ചാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. പീലിങ് ഷെഡിന്റെ മതില് കടല്‍ഭിത്തിയോട് ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.
ഈ പ്രദേശത്ത് 1,500ലധികം അന്യസംസ്ഥാന യുവാക്കള്‍ ഉള്ളതായാണ് വിവരം. എന്നാല്‍ ഇത് സംബന്ധിച്ച് പോലീസിന് യാതൊരു വിവരവുമില്ല. ഇവരുടെ വിലാസമോ, ഫോട്ടോയോ, വിരലടയാളമോ പോലീസ് സ്റ്റേഷനില്‍ ഉണ്ടാകണമെന്നാണ് നിയമം. തൃക്കുന്നപ്പുഴ ഭാഗത്ത് തീരപരിപാലന നിയമം ലംഘിച്ച് നിരവധി കെട്ടിടങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്നും യാതൊരു കാരണവശാലും ഇത് അനുവദിക്കാന്‍ പാടില്ലെന്ന് കാട്ടി ആലപ്പുഴ മുന്‍ എസ്പിയും കളക്ടറും ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല.
ആര്. അജയകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: