മനാഡോ: ഇന്തോനേഷ്യയില്‍ തുടരുന്ന കനത്ത പ്രളയത്തില്‍ മരണസംഖ്യ 13 ആയി. 40,000-ത്തോളം വീടുകള്‍ ഒലിച്ചുപോയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വടക്കന്‍ സുലാവേസി ദ്വീപില്‍ പ്രളയവും മണ്ണിടിച്ചിലും രൂക്ഷമാണ്.
വടക്കന്‍ മേഖലകളില്‍ തീരങ്ങള്‍ ഇടിച്ചുതകര്‍ത്ത് നദികള്‍ കരകവിഞ്ഞു. മനാഡോ നഗരത്തിലും പരിസരപ്രദേശങ്ങളിലേക്കും കുതിച്ചെത്തിയ നദീജലം വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നാശനഷ്ടമുണ്ടാക്കി. ചെറുവള്ളങ്ങളിലും ബോട്ടുകളിലുമായി ജനങ്ങള്‍ പലായനം തുടരുകയാണ്.
വീടു നഷ്ടപ്പെട്ടവര്‍ സര്‍ക്കാര്‍ കെട്ടിടങ്ങളിലും ദേവാലയങ്ങളിലുമായി അഭയം പ്രാപിച്ചു. 40,000-ത്തോളം പേരാണ് പലായനം ചെയ്തത്. അടുത്ത മൂന്നു ദിവസങ്ങളില്‍ കൂടുതല്‍ ശക്തമായ മഴ പ്രതീക്ഷിക്കുന്നതായി ദുരന്തനിവാരണ സേനാ വക്താവ് സുട്ടോപോ പര്‍വോ നുഗ്രോഹോ അറിയിച്ചു.
ആറ് ജില്ലകളേയും വടക്കന്‍ സുലാവേസി പ്രവിശ്യയിലെ നഗരങ്ങളേയുമാണ് പ്രളയം രൂക്ഷമായി ബാധിച്ചത്. മനാഡോയില്‍ പ്രളയത്തില്‍ അഞ്ചുപേരും ടോമോഹോന്, മിനാഹാസാ നഗരങ്ങളില്‍ മണ്ണിടിച്ചിലില്‍ എട്ടുപേരുമാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: