കെയ്റോ: ഈജിപ്റ്റില്‍ പുതിയ ഭരണഘടനയ്ക്ക് രൂപം നല്കുന്നതിനു വേണ്ടി രണ്ട് ദിവസങ്ങളിലായി നടന്ന ഹിതപരിശോധനയില്‍ രാജ്യത്തിന്റെ പലഭാഗങ്ങളിലും സംഘര്‍ഷം. ഹിതപരിശോധനയെ എതിര്‍ക്കുന്ന മുസ്ലീം ബ്രദര്‍ ഹുഡ് പ്രവര്‍ത്തകര്‍ രാജ്യത്ത് പരക്കെ ആക്രമണം അഴിച്ച് വിടുകയായിരുന്നു. കഴിഞ്ഞ ദിവസം ഹിതപരിശോധന പൂര്‍ത്തിയായി. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നടന്ന ഒറ്റപ്പെട്ട ആക്രമണത്തില്‍ മുര്‍സി അനുകൂലികള്‍ ഉള്‍പ്പെടെ പതിനൊന്നോളം പേര് കൊല്ലപ്പെട്ടതായാണ് ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈജിപ്റ്റിന്റെ മുന്‍ ഭരണാധികാരി മുര്‍സി സര്‍ക്കാര്‍ രൂപം നല്കിയ ഭരണഘടന അപ്പാടെ മാറ്റി പുതിയ ഭരണഘടനയ്ക്ക് രൂപം നല്‍കുകയായിരുന്നു. സൈനിക പിന്തുണയോടെയാണ് നിലവിലെ സര്‍ക്കാര്‍ പുതിയ ഭരണഘടന തയ്യാറാക്കിയിരിക്കുന്നത്. ഈ ഭരണഘടന നടപ്പിലാക്കുന്നതിലേക്കാണ് ജനഹിതപരിശോധന നടത്തുന്നത്.
പ്രക്ഷോഭകാരികള്‍ ടയറുകള്‍ കത്തിച്ചും, സുരക്ഷാ ഉദ്യോഗസ്ഥരെ കല്ല്, പെട്രോള്‍ ബോംബ് തുടങ്ങിയവ കൊണ്ട് നേരിട്ടുമാണ് ആക്രമണം നടത്തിയത്. പ്രതിഷേധങ്ങള്‍ക്കും മുസ്ലീം ബ്രദര്‍ഹുഡിന്റെ ബഹിഷ്കരണ ആഹ്വാനങ്ങള്‍ക്കും നടുവിലാണ് ഈജിപ്റ്റിലെ ഭരണഘടനാ ഹിതപരിശോധന നടന്നത്. പോളിങ്ങ് സ്്റ്റേഷനു മുന്നില്‍ സംഗീതവും ഈജിപ്റ്റ്കാര്‍ പരസ്പരം ചുംബിക്കുന്ന ചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്. രാജ്യത്തെ 23 പ്രവിശ്യകളിലായി നടക്കുന്ന ഹിതപരിശോധനക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും ഭീകരതയെ തങ്ങള്‍ ഭയപ്പെടുന്നില്ലെന്നും ഇത് ജനങ്ങള്‍ തെളിയിക്കണമെന്നും പ്രസിഡന്റ് ആദ്ലി മന്‍സൂര്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പിന്റെ ആദ്യ ദിനത്തില്‍ അത്ഭുതപ്പെട്ടുവെന്നും 50 ശതമാനത്തില്‍ കൂടുതല്‍ പോളിങ്ങ് സ്റ്റേഷനും സജീവമായിരുന്നെന്നും നിയമമന്ത്രാലയം അറിയിച്ചതായി അല്‍ഹയാത്ത് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സൈനികമേധാവി സിസിയുടെ അധികാരമോഹമാണ് പുതിയ ഭരണഘടനക്ക് പിന്നിലെന്നും ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിനാണ് ഹിതപരിശോധനയെന്നും മുര്‍സിയെ അനുകൂലിക്കുന്ന സംഘടനയായ മുസ്ലിം ബ്രദര്‍ഹുഡ് ആരോപിച്ചു. ഹിതപരിശോധനക്കെതിരെ ബ്രദര്‍ഹുഡ് ആഹ്വാനം ചെയ്ത പ്രതിഷേധം പലയിടങ്ങളിലും അക്രമത്തില്‍ കലാശിച്ചു. ബ്രദര്‍ഹുഡിന്റെ ബഹിഷ്കരണാഹ്വാനത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ഹിതപരിശോധനാ നടപടികള്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. 400,000 സൈനികരെ രാജ്യത്താകമാനം വിന്യസിച്ചിട്ടുണ്ട്.
രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ ഉള്‍പ്പെടെ 50 അംഗ സമിതിയാണ് പുതിയ ഭരണഘടനക്കു രൂപം നല്‍കിയത്. ഇതില്‍ മുര്‍സിയുടെ ഇസ്ലാമിസ്റ്റ് പാര്‍ട്ടിയെ പ്രതിനിധീകരിച്ച് രണ്ട് പേരെയാണ് സമിതിയില്‍ ഉള്‍പ്പെടുത്തിയത്. പ്രസിഡന്റിനെ കുറ്റവിചാരണ ചെയ്യാന്‍ പാര്‍ലമെന്റിന് അംഗീകാരം നല്‍കുന്നതാണ് പുതിയ ഭരണഘടന. കൂടാതെ അടുത്ത 8 വര്‍ഷത്തേക്ക് ഈജിപ്ഷ്യന്‍ പ്രതിരോധമന്ത്രിയെ നിയമിക്കുവാനുള്ള അവകാശം സൈന്യത്തിനായിരിക്കും. മതത്തിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ രൂപീകരിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തുന്ന വ്യവസ്ഥയും പുതിയ ഭരണഘടനയിലെ ശ്രദ്ധേയമായ ഭാഗമാണ്. സ്ത്രീക്കും പുരുഷനും തുല്യത, ന്യൂനപക്ഷങ്ങളുടെ സംരക്ഷണം തുടങ്ങിയ നിയമങ്ങള്‍ക്കും ഭരണഘടന സംരക്ഷണം നല്കുന്നു. ഈജിപ്റ്റില്‍ ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഭരണാധികാരിയാണ് മുഹമ്മദ് മുര്‍സി.
2012 ല്‍ 64 ശതമാനം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മുര്‍സി അധികാരത്തിലേറിയത്. എന്നാല്‍ ആ തെരഞ്ഞെടുപ്പില്‍ രാജ്യത്ത് മുപ്പത് ശതമാനം പോളിങ് മാത്രമെ നടന്നുള്ളു. സൈന്യത്തിന്റെ പിന്തുണയോടെ മുര്‍സിയെ സ്ഥാനഭ്രഷ്ടനാക്കിയതിനെ തുടര്‍ന്ന് രാജ്യത്ത് ഉയര്‍ന്ന പ്രക്ഷോഭത്തില്‍ 1000 ക്കണക്കിന് പേരാണ് കൊല്ലപ്പെട്ടത്. ഭരണഘടനക്ക് അംഗീകാരം ലഭിക്കുന്നതോടെ ഈജിപ്തില്‍ അടുത്ത് തന്നെ തെരഞ്ഞെടുപ്പുണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ നല്കുന്ന സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: