ചെന്നൈ: ആം ആദ്മി പാര്‍ട്ടി തമിഴ്നാട്ടില്‍ വേരോട്ടം തുടങ്ങുമ്പോഴെ പിളര്‍പ്പിന്റെ വക്കിലേയ്ക്ക്. ഔദ്യോഗിക പക്ഷമെന്നും അനൗദ്യോഗിക പക്ഷമെന്നുമാണ് രണ്ടുവിഭാഗം. പാര്‍ട്ടിയിലെ സ്വഭാവഗുണമില്ലാത്ത ആറുപേരെ പുറത്താക്കണമെന്ന് കഴിഞ്ഞ ആഴ്ച ചേര്‍ന്ന സമ്മേളനത്തില്‍ പാര്‍ട്ടിയുടെ ട്രഷറര്‍ ആനന്ദ് ഗണേഷ് പറഞ്ഞിരുന്നു.
അതെ ദിവസം തന്നെ മറുപടിയുമായി മറുപക്ഷം രംഗത്ത് എത്തി. കെ യു ബാലകൃഷ്ണന് താന്‍ സംസ്ഥാന സെക്രട്ടറിയാണെന്ന് പ്രഖ്യാപിക്കുകയും താന്‍ സംസ്ഥാന സെക്രട്ടറിയാണെന്ന് കാണിച്ചുള്ള സംസ്ഥാന കണ്‍വീനര്‍ ക്രിസ്റ്റീന സ്വാമിയുടെ ഈ മെയില്‍ സന്ദേശം കിട്ടിയെന്നും പറഞ്ഞു. തുടര്‍ന്ന് കെ യു ബാലകൃഷ്ണനെയും മറ്റ് അഞ്ച് അംഗങ്ങളെയും പാര്‍ട്ടിയില്‍ നിന്ന് സസ്പെന്റ് ചെയ്തു. സ്വഭാവ ദൂഷ്യത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് കുറച്ച് അംഗങ്ങളെ പുറത്താക്കിയെന്ന് ട്രഷറര്‍ ആനന്ദ് ഗണേഷ് വ്യക്തമാക്കിയിരുന്നു.
ഇതിനു പിന്നില്‍ ചില രാഷ്ട്രീയ പാര്ട്ടികളാന്നെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് ഒരു ദേശീയ പാര്‍ട്ടിയാണെന്നും പ്രാദേശിക പ്രശ്നത്തിന്റെ പേരില്‍ പാര്‍ട്ടിയുടെ സംഘടനാ തത്വങ്ങള്‍ക്ക് മാറ്റംവരുത്തുവാന്‍ കഴിയില്ലെന്നും ഒരു സുപ്രഭാതത്തില്‍ ഒരാള്‍ താനാണ് പാര്‍ട്ടിയുടെ തലവന്‍ എന്ന് പറഞ്ഞാല്‍ ആര്‍ക്കാണ് അംഗീകരിക്കാനാകുകയെന്നും ആനന്ദ് പറഞ്ഞു. എഎപി തമിഴ്നാട് ഘടകത്തിന്റെ കണ്‍വീനറായ ക്രിസ്റ്റീന സ്വാമിയുടെ നേതൃത്വത്തില്‍ സംസ്ഥാനകമ്മിറ്റി പ്രവര്‍ത്തനം തുടങ്ങിയെങ്കിലും ഇതുവരെയും മറ്റുള്ള സ്ഥാനത്തേക്ക് ആരും ചുമതല ഏറ്റെടുത്തിട്ടില്ലെന്ന് പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറി പങ്കജ് ഗുപ്ത ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. പ്രശ്നപരിഹാരത്തിനായി കേന്ദ്രകമ്മറ്റിയില്നിന്ന് രണ്ട് അംഗങ്ങള്‍ ചെന്നൈയില്‍ എത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: