ന്യൂദല്‍ഹി: ഡി.എം.കെ.അധ്യക്ഷന്‍ കരുണാനിധിയുടെ മകളും രാജ്യസഭാംഗവുമായ കനിമൊഴി, മുന്‍ ടെലികോം മന്ത്രി എ.രാജ എന്നിവര്‍ക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് വകുപ്പ് ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും.
2ജി സ്പെക്ട്രം വിതരണത്തിലെ അഴിമതി വഴി സമ്പാദിച്ച പണം വെളുപ്പിച്ചെന്ന കേസിലാണ് ഇരുവര്ക്കുമെതിരെ് കുറ്റപത്രം തയ്യാറാക്കിയത്. അറ്റോര്‍ണി ജനറലിന്റെ ഓഫീസ് ഇത് പരിശോധിച്ച് അംഗീകാരം നല്കിയ ശേഷം നിയമവകുപ്പിന് തിരിച്ചയച്ചിട്ടുണ്ട്.
വിചാരണക്കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള നടപടിക്രമങ്ങള്‍ എന്‍ഫോഴ്സ്മെന്റ് വകുപ്പ് തുടങ്ങിക്കഴിഞ്ഞു.
സ്പെക്ട്രം ലഭിച്ച ‘ഡി.ബി.റിയാലിറ്റി’ എന്ന സ്ഥാപനത്തില്‍ നിന്ന് കലൈഞ്ജര്‍ ടി.വി.യുടെ അക്കൗണ്ടിലേക്ക് 200 കോടി രൂപ കൈമാറിയതുമായി ബന്ധപ്പെട്ടാണ് കേസ്. കനിമൊഴിക്ക് ചാനലില്‍ 20 ശതമാനം ഓഹരിയുണ്ട്. ഇരുവര്‍ക്കുമെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കേസെടുക്കാമെന്ന് കഴിഞ്ഞ വര്‍ഷം ജൂലായില്‍ സോളിസിറ്റര്‍ ജനറല്‍ മോഹന്‍ പരാശരന് വകുപ്പിന് നിയമോപദേശം നല്‍കിയിരുന്നു.
കനിമൊഴിയെയും രാജയെയും നേരത്തേ ഈ കേസില്‍ എന്‍ഫോഴ്സ്മെന്റ് വകുപ്പ് ചോദ്യം ചെയ്തിരുന്നു. ഒട്ടേറെ രേഖകളും പരിശോധിച്ചു. കേസിലുള്‍പ്പെട്ട മറ്റു ചില പ്രതികള്‍ക്കെതിരായ നടപടികളും പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: