ബെയ്ജിങ്: ഒരു നൂറ്റാണ്ടുമുമ്പ് നടന്ന കപ്പല്‍ഛേദത്തിന്റെ ഓര്‍മകള്‍ അനശ്വരമാക്കി ടൈറ്റാനിക്കിന്റെ അതേ വലുപ്പത്തിലുള്ള പകര്‍പ്പുമായി ചൈന. ‘മുങ്ങാത്ത കപ്പലെ’ന്ന പേരില്‍ ചൈനീസ് നഗരമായ സിചുവാനില്‍ ഒരുക്കുന്ന ടൈറ്റാനിക് പകര്‍പ്പ് 2016 ഓടെ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കും.
ഏഷ്യക്കും സ്വന്തം ടൈറ്റാനിക് മ്യൂസിയം എന്ന ലക്ഷ്യത്തോടെയാണ് 10 കോടി ഡോളര്‍ ചെലവില്‍ പദ്ധതിയൊരുക്കുന്നതെന്ന് നിര്‍മാതാക്കളായ സെവന് സ്റ്റാര്‍ എനര്‍ജി ഇന്വെസ്റ്റ്മെനൃ ഗ്രൂപ്പ് മേധാവി സു ഷവോജുന് പറഞ്ഞു. യഥാര്‍ഥ കപ്പലിന്റെ പകര്പ്പെന്നതിലുപരി 1912ല്‍ നടന്ന ദുരന്തത്തിന്റെ നേരനുഭവം സന്ദര്‍ശകര്‍ക്ക് പകര്ന്നുനല്കാനും തീം പാര്‍ക്ക് ലക്ഷ്യമിടുന്നു. ഇതിന് പ്രത്യേക ജല ക്രമീകരണങ്ങളും ശബ്ദ, വെളിച്ച സംവിധാനവും ഒരുക്കുന്നുണ്ട്.
1912 ഏപ്രില്‍ 15നാണ് ഇംഗ്ലീഷ് നഗരമായ സതാമ്പ്ടണില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള കന്നി യാത്രയില്‍ ടൈറ്റാനിക് മഞ്ഞുപാളിയിലിടിച്ച് തകര്‍ന്നത്. 1500 ഓളം പേര് മരിച്ച ദുരന്തം മുന്‍നിര്‍ത്തി 1997ല്‍ എടുത്ത സിനിമ 220 കോടി ഡോളര്‍ നേടി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വരുമാനം നേടിയ സിനിമയായിരുന്നു. ചിത്രത്തില്‍ ക്യാപ്റ്റന്‍ എഡ്വേഡ് സ്മിത്തിന്റെ വേഷമണിഞ്ഞ ബെര്‍ണാഡ് ഹില്‍ ചൈനീസ് പതിപ്പിന്റെ പ്രചാരണത്തിന് കഴിഞ്ഞദിവസം ഹോങ്കോങ്ങിലെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: