ചെന്നൈ: പ്രശസ്ത തെലുങ്കു നടി അഞ്ജലിദേവി(86) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെതുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ടോടെയായിരുന്നു അന്ത്യം.
1927-ല്‍ ആന്ധ്രയില്‍ ജനിച്ച അഞ്ജലി 1936-ല്‍ ബാലതാരമായാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. അഞ്ജനികുമാര്‍ എന്നായിരുന്നു ആദ്യത്തെ പേര്. തെലുങ്ക് സംവിധായകന് സി.പുല്ലയ്യയാണ് അഞ്ജലി ദേവി എന്ന പേര് നടിക്ക് സമ്മാനിച്ചത്. 1947-ല്‍ ബലരാജു എന്ന സിനിമയിലാണ് അഞ്ജലി നായികാവേഷത്തിലെത്തിയത്. സിനിമയില്‍ രംഗപ്രവേശം ചെയ്യുന്നതിന് മുമ്പ് നാടക നടിയായിരുന്നു. പുരാണ ഇതിഹാസവും കുടുംബപശ്ചാത്തലത്തിലുമുള്ള നാടകങ്ങളില്‍ അവിസ്മരണീയ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു. ലവ കുശ, ഭക്ത പ്രഹ്ലാദ തുടങ്ങിയ സിനിമകള്‍ അഞ്ജലിയുടെ മികച്ച വേഷങ്ങളായിരുന്നു.
തെലുങ്കിന് പുറമെ ഏതാനും തമിഴ് സിനിമകളിലും അഞ്ജലി അഭിനയിച്ചിട്ടുണ്ട്. ദേവത, ശ്രീരാം വനവാസ് തുടങ്ങിയ ഹിന്ദി സിനിമകളിലും പിന്നീട് പ്രതിഭ തെളിയിച്ചു.
അഭിനയത്തിനൊപ്പം അഞ്ജലി പിക്ചേഴ്സ് എന്ന നിര്‍മ്മാണ കമ്പനിയുടെ ബാനറില്‍ 20 ഓളം സിനിമകളും നിര്‍മ്മിച്ചിട്ടുണ്ട്. ഫിലിംഫെയര്‍ പുരസ്ക്കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ അഞ്ജലിയെത്തേടിയെത്തിയിട്ടുണ്ട്. അന്തരിച്ച തെലുങ്ക് സംഗീത സംവിധായകന് പി. ആദിനാരായണ റാവുവാണ് ഭര്‍ത്താവ്. സത്യസായി ബാബയുടെ കടുത്ത ഭക്തയായിരുന്ന അഞ്ജലി തെലുങ്കില്‍ സത്യസായിബാബയെക്കുറിച്ചുള്ള ഒരു സീരിയലും നിര്‍മ്മിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: