ബാങ്കോക്ക്: തായ്ലന്റില് പ്രധാനമന്ത്രി യിംഗ്ലക്ക് ഷിനവത്രെ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ഒരു മാസമായി തുടരുന്ന പ്രക്ഷോഭം അതിരൂക്ഷം. തായ്ലന്റ് തലസ്ഥാനമായ ബാങ്കോക്കിലെ പ്രധാന റോഡുകളെല്ലാം ഇന്നലെ പ്രക്ഷോഭകര്‍ തടഞ്ഞു. പ്രധാനമന്ത്രി രാജിവെയ്ക്കാതെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കില്ലെന്നും പ്രക്ഷോഭകര്‍ അറിയിച്ചു. ഒരു മാസത്തിലേറെയായി തുടരുന്ന പ്രക്ഷോഭം ഇടക്കാലത്ത് നിര്‍ത്തിവെച്ചെങ്കിലും വീണ്ടും ശക്തമാവുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന പ്രക്ഷോഭത്തിനിടെ എട്ടോളം പേര് കൊല്ലപ്പെട്ടിരുന്നു.
കഴിഞ്ഞ രാത്രിയില്‍ സര്‍ക്കാര്‍ കോപ്ലക്സിന് സമീപം പ്രതിഷേധം നടത്തിയവര്‍ക്കുനേരെയുണ്ടായ വെടിവെപ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റു.
ഷിനവത്രെ സര്‍ക്കാരിനെ മാറ്റി പകരം പീപ്പിള്‍സ് കൗണ്‍സിലിനെ തെരഞ്ഞെടുക്കണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം. അഴിമതി ഭരണത്തെ ഉന്മൂലനം ചെയ്യാനും മറ്റ് പരിഷ്ക്കാരങ്ങള്‍ നടപ്പാക്കാനും പീപ്പിള്‍സ് കൗണ്‍സിലിലൂടെ സാധിക്കുമെന്നാണ് ഇവരുടെ വാദം. പ്രധാനമന്ത്രി രാജിവെച്ച് പീപ്പിള്‍സ് കൗണ്‍സില്‍ രൂപീകരിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കുമെന്നും പ്രക്ഷോഭകര്‍ മുന്നറിയിപ്പ് നല്കി. ഫെബ്രുവരി 2-നാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
സര്‍ക്കാരിനെതിരെയുള്ള യുദ്ധമാണ് ഈ പ്രതിഷേധം. ഇതില്‍ പരാജയം പരാജയവും, വിജയം വിജയവുമാണ്. എന്നാല്‍ സര്‍ക്കാരുമായി ഒരു ഉടമ്പടിക്കും തയ്യാറല്ലെന്നും പ്രതിഷേധകര്‍ പറഞ്ഞു.
പ്രതിഷേധം ശക്തമായതോടെ ബാങ്കോക്കിലെ സ്കൂളുകളും ഷോപ്പിങ് മാളുകളും അടച്ചിട്ടിരിക്കുകയാണ്. യിംഗ്ലക്കിന്റെ സഹോദരനും മുന്‍ പ്രധാനമന്ത്രിയുമായ താക്സിന് ഷിനവത്രെ ഭരണത്തില്‍ സ്വാധീനം ചെലുത്തുന്നുവെന്നാരോപിച്ചാണ് സര്‍ക്കാരിനെതിരെ പ്രതിപക്ഷം സമരം തുടങ്ങിയത്. സൈന്യം പുറത്താക്കിയ താക്സിന് വിദേശത്തു പ്രവാസജീവിതം നയിക്കുകയാണ്. സമരം ശക്തമായതോടെ പാര്‍ലമെന്റ് പിരിച്ചുവിട്ട് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും പ്രക്ഷോഭകര്‍ നിലപാട് മാറ്റിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: