ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് മുന്‍ കരുതല്‍ നടപടിയെന്ന നിലയ്ക്ക് ഇസഡ് കാറ്റഗറി സുരക്ഷയൊരുക്കും. സുരക്ഷ വേണ്ടെന്ന കെജ്രിവാളിന്റെ നിലപാട് മറികടന്നാണ് യുപി പോലീസിന്റെ തീരുമാനം.
കെജ്രിവാള് കുടുംബത്തോടൊപ്പം താമസിക്കുന്ന യുപി പോലീസിന്റെ അധികാരപരിധിയിലുള്ള ഗാസിയാബാദിലെ കൗശംബിയിലുളള അപ്പാര്‍ട്ട്മെന്റില്‍ മുപ്പതോളം പോലീസ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന് സുരക്ഷയൊരുക്കും. രണ്ടു ഹെഡ് കോണ്‍സ്റ്റബിള്‍മാരും എട്ടു കോണ്‍സ്റ്റബിള്‍മാരും വീടിനു പുറത്ത് സദാസമയവും ഉണ്ടാകും. സുരക്ഷയുടെ വിശദാംശങ്ങള്‍ തയാറാക്കാനായി അദ്ദേഹത്തിന് രണ്ടു പേഴ്സണല്‍ സുരക്ഷാ ഉദ്യോഗസ്ഥരെയും അനുവദിക്കും.
ഗാസിയാബാദില്‍ സഞ്ചരിക്കുമ്പോള്‍ കെജ് രിവാളിന് സായുധരായ രണ്ടു ഹെഡ്കോണ്‍സ്റ്റബിള്‍മാരും ആറു കോണ്‍സ്റ്റബിള്‍മാരും അടങ്ങുന്ന രണ്ട് എസ്കോര്‍ട്ട് വാഹനങ്ങള്‍ അകമ്പടിയുണ്ടാകും. നേരത്തെ സുരക്ഷയൊരുക്കാമെന്ന ഗാസിയാബാദ് പോലീസിന്റെ നിര്‍ദേശം കെജ് രിവാള്‍ നിരസിച്ചിരുന്നു.
എന്നാല്‍ കെജ് രിവാളിനെതിരേ ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാല്‍ തങ്ങളുടെ നേര്‍ക്കും ചോദ്യമുയരുമെന്ന വിലയിരുത്തലിലാണ് അദ്ദേഹത്തിന്റെ താല്പര്യം മറികടന്നും സുരക്ഷയൊരുക്കാന്‍ പോലീസ് തീരുമാനിച്ചത്.
ദല്‍ഹിയിലും കെജ്രിവാളിന് മതിയായ സുരക്ഷയൊരുക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ ദല്‍ഹി പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കെജ്് രിവാള്‍ അറിയാതെയായിരിക്കും സുരക്ഷയൊരുക്കുക.
ശനിയാഴ്ച ദല്‍ഹിയില്‍ കെജ് രിവാള്‍ സംഘടിപ്പിച്ച ജനതാ ദര്‍ബാര്‍ ജനക്കൂട്ടത്തിന്റെ തള്ളിക്കയറ്റം മൂലം ഇടയ്ക്കു വെച്ച് നിര്‍ത്തേണ്ടി വന്നിരുന്നു. നേരത്തെ പാര്‍ട്ടി മന്ത്രിയായ രാഖി ബിര്‍ളയുടെ കാറിനു നേരെയും ആക്രമണമുണ്ടായിരുന്നു. ഈ സാഹചര്യങ്ങള്‍ പരിഗണിച്ചാണ് കെജ് രിവാളിന് സുരക്ഷയൊരുക്കാന്‍ ഷിന്‍ഡെ ദല്‍ഹി പോലീസിന് നിര്‍ദേശം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: