മരട്: കാനകള്‍ കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങളായി മാറിയതോടെ ജനം ദുരിതത്തിലായി. നഗരപ്രാന്തങ്ങളിലേയും നാട്ടിന്‍പുറങ്ങളിലേയും അശാസ്ത്രീയമായ അഴുക്കുചാല്‍ നിര്‍മാണമാണ് കൊതുക് മുട്ടയിട്ടു പെരുകി രോഗഭീതി പടര്‍ത്തിയിരിക്കുന്നത്. മുമ്പെങ്ങുമില്ലാത്ത വിധമാണ് കൊതുകുശല്യം വര്‍ധിച്ചിരിക്കുന്നത്. വൈകുന്നേരങ്ങളില്‍ കൂട്ടത്തോടെ വീടുകളിലേക്ക് ഇരച്ചെത്തുന്ന കൊതുകുപട രാത്രികാലങ്ങളില്‍ ജനക്കൂട്ടങ്ങളുടെ ഉറക്കം കെടുത്തുകയാണ്.
കാനകളുടെ നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് ഇവ മാലിന്യസംഭരണികളായി മാറുവാന്‍ മുഖ്യകാരണം. റോഡിലെത്തുന്ന മഴവെള്ളം വാര്‍ന്നുപോകുന്നതിനു മാത്രം ഉദ്ദേശിച്ചാണ് കാനകളുടെ നിര്‍മാണം. വീടുകളിലേയും ഫ്ലാറ്റുകളിലേയും ഹോട്ടലുകളിലേയും മലിനജലം കാനയിലേക്ക് ഒഴുക്കുന്നത് നിയമം മൂലം നിരോധിച്ചിട്ടുള്ളതാണ്. എന്നാല്‍ ഭൂരിഭാഗം സ്ഥലങ്ങളിലും ഇത് ലംഘിക്കപ്പെടുന്നതായാണ് കാണുന്നത്. ഹോട്ടലുകളില്‍ നിന്നുവരെ കുഴലുകള്‍ വഴി മാലിന്യം കാനകളിലേക്ക് ഒഴുക്കുന്നത് പതിവുകാഴ്ചയാണ്.
പഞ്ചായത്തുകളിലും നഗരസഭകളിലും കാന നിര്‍മാണം പണം ചോര്‍ത്താനുള്ള ഉപാധിയായാണ് കരുതുന്നത്. പേരിന് കാനകള്‍ നിര്‍മിക്കുകയും സ്ലാബിട്ട് മൂടാന്‍ പോലും തയ്യാറാവാതെ ബില്ലുകള്‍ മാറി കരാറുകാരും ജനപ്രതിനിധികളും തുക വീതം വെക്കലാണ് നടക്കുന്നതെന്നാണ് ആക്ഷേപം. നീരൊഴുക്ക് ക്രമപ്പെടുത്തിയിട്ടുണ്ടോ എന്നുപോലും പരിശോധനയില്ല. നിര്‍മാണത്തില്‍ ഗുണനിലവാരവും പാലിക്കപ്പെടാറില്ല. ഇത്തരത്തില്‍ നിര്‍മിക്കുന്ന കാനകളാണ് അഴുക്കു നിറഞ്ഞ് പിന്നീട് കൊതുകു പെരുകുന്ന മാലിന്യ സംഭരണികളായിത്തീര്ന്നിരിക്കുന്നത് എന്നാണ് ആക്ഷേപം ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: