ചെന്നൈ: ഡിഎംകെയില്‍ നിന്നും പുറത്താക്കിയവരെ തള്ളിപ്പറഞ്ഞു കൊണ്ട് അഴഗിരി. ശനിയാഴ്ച്ച ഡിഎംകെ പ്രസിഡന്റ് എം.കരുണാനിധിയെ മകനും മുന്‍ കേന്ദ്രമന്ത്രിയുമായ എം.കെ അഴഗിരി സന്ദര്‍ശിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് അഴഗിരിയുടെ തള്ളിപ്പറയല്‍. അച്ചടക്കലംഘനം കാട്ടിയ പ്രവര്‍ത്തകര്‍ക്കെതിരെ പാര്‍ട്ടി നടപടി എടുത്തുവെന്നായിരുന്നു അഴഗിരിയുടെ പ്രതികരണം. ഡിഎംകെ പൊട്ടിത്തെറിയുടെ വക്കിലാണെന്ന വാര്‍ത്തയും അഴഗിരി നിഷേധിച്ചു. പാര്‍ട്ടിയില്‍ ഭിന്നിപ്പില്ലെന്ന് പാര്‍ട്ടി വക്താവ് ടികെഎസ് ഇളങ്കോവനും വ്യക്തമാക്കി. അഴഗിരി-കരുണാനിധി സന്ദര്‍ശനത്തിലൂടെ ഇത് വ്യക്തമായെന്നും ഇളങ്കോവന് പറഞ്ഞു.
അഴഗിരി അയഞ്ഞതിനെ തുടര്‍ന്ന് വിടുതലൈ ചിരുതൈഗല്‍ കച്ചി നേതാവ് തോഴന് തിരുമവലാവന്‍ ഡിഎംകെയുമായി സംഖ്യമുണ്ടാക്കുന്നതിന് വിജയ്കാന്തുമായി ശനിയാഴ്ച്ച ചര്‍ച്ച നടത്തി. പാര്‍ട്ടിയില്‍ വിഭാഗീയത വരുത്തുന്നു എന്നാരോപിച്ചാണ് അഴഗിരിയുടെ അടുത്ത വിശ്വസ്തരെ ഡിഎംകെയില്‍ നിന്നും പുറത്താക്കിയത്. പുറത്താക്കലിനെതിരെ അഴഗിരിയുടെ ഭാഗത്ത് നിന്നും അസ്വസ്ഥതകള്‍ ഉണ്ടായിരുന്നെങ്കിലും പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് കരുണാനിധിയുമായി കൂടിക്കാഴ്ച്ച നടത്തി പ്രശ്നങ്ങള്‍ താത്കാലികമായി അവസാനിപ്പിച്ചത്.
കരുണാനിധിയുടെ പിന്‍ഗാമി ആരാണെന്നതിനെ ചൊല്ലി ഡിഎംകെയില്‍ വര്‍ഷങ്ങളായി തര്‍ക്കം നിലനില്‍ക്കുകയാണ്. എന്നാല്‍ ഏതാനം ആഴ്ച്ചകള്‍ക്ക് മുമ്പാണ് പ്രശ്നം കൂടുതല്‍ വഷളായത്.
തമിഴ്നാട് പ്രതിപക്ഷ നേതാവും സിനിമാ താരവുമായ വിജയകാന്തിന്റെ പാര്‍ട്ടിയായ ഡിഎംഡികെയുമായി ലോകസഭാ തെരഞ്ഞെടുപ്പില്‍ കരുണാനിധിയുടെ ഡിഎംകെ നീക്ക് പോക്ക് ഉണ്ടാക്കാന്‍ തീരുമാനമാനിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനത്തെ അഴഗിരി എതിര്‍ത്തിരുന്നു. തുടര്‍ന്ന് ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ അഴഗിരി പാര്‍ട്ടിവിരുദ്ധ പരാമര്‍ശം നടത്തിയിരുന്നു. ഇതിനാല്‍ ഡിഎംഡികെയുമായുള്ള സഖ്യത്തിന് സാധ്യത മങ്ങിയിരുന്നു. തുടര്‍ന്ന് ഡിഎംകെയിലെ ഔദ്യോഗിക വിഭാഗമായ സ്റ്റാലിന് പക്ഷം കരുണാനിധിയോട് പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് കരുണാനിധി അഴഗിരിക്കെതിരെ രംഗത്തെത്തിയിരുന്നു. പാര്‍ട്ടിവിരുദ്ധ നിലപാട് തുടരുകയാണെങ്കില്‍ അഴഗിരിയേയും ഡിഎംകെയില്‍ നിന്നും പുറത്താക്കുമെന്ന് പാര്‍ട്ടി പ്രസിഡന്റ് അറിയിച്ചിരുന്നു.
ഏതാനം ആഴ്ച്ചകള്‍ക്ക് മുമ്പ് അഴഗിരിയുടെ ശക്തികേന്ദ്രമായ ഡിഎംകെ മധുരാ ഘടകം നേതൃത്വം പിരിച്ചുവിട്ടതോടെയാണ് പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ കൂടുതല്‍ വഷളായത്. മധുരയില്‍ പാര്‍ട്ടിവിരുദ്ധ പോസ്റ്ററുകള്‍ പതിച്ചു എന്നാരോപിച്ചായിരുന്നു നടപടി.
കരുണാനിധിയുടെ പിന്‍ഗാമിയായി എം.കെ.സ്റ്റാലിനെ അംഗീകരിക്കാന്‍ കഴിയില്ലെന്നും തന്റെ മനസില്‍ ഡിഎംകെയ്ക്ക് കരുണാനിധിയല്ലാതെ മറ്റൊരു നേതാവ് ഇല്ലെന്നും അഴഗിരി പരാമര്‍ശം നടത്തിയിരുന്നു. തത്കാലം ഡിഎംകെയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെങ്കിലും സുനാമിക്കു മുമ്പുള്ള ശാന്തതയായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഈ സംഭവങ്ങളെ നോക്കിക്കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: