കൊല്ഹപൂര്: ടോള്‍ പിരിവിനെതിരെ മഹാരാഷ്ട്രയില്‍ നടക്കുന്ന സമരം അക്രമത്തിലേക്ക്. മഹാരാഷ്ട്രയിലെ കൊല്ഹാപൂര് ജില്ലയില്‍ രണ്ട് ടോള്‍ ബൂത്തുകള്‍ കത്തിച്ച പ്രതിഷേധക്കാര്‍ അഞ്ച് ടോള്‍ ബൂത്തുകള്‍ കൊള്ളയടിച്ചതായും, ടോള്‍ ബൂത്തുകളിലെ കമ്പ്യൂട്ടറുകളും സിസിടിവികളും കാബിനുകളും നശിപ്പിച്ചതായും പോലീസ് അറിയിച്ചു. എന്നാല്‍ ഇത് ശരിയല്ലെന്നാണ് സമരക്കാര്‍ അറിയിച്ചത്. സമരം തകര്‍ക്കാനുള്ള സര്‍ക്കാര്‍ നടപടിയുടെ ഭാഗമാണ് ഇത്തരം പ്രചരണങ്ങളെന്ന് അഭിപ്രായമുയരുന്നു ജില്ലയിലെ ഒമ്പത് ടോള്‍ ബൂത്തുകള്ക്കെതിരെയാണ് ഒരാഴ്ച്ചയായി പ്രതിഷേധം ശക്തമായിരിക്കുന്നത്. ഞായറാഴ്ച്ച രാത്രി മുതല്‍ ടോള്‍ പിരിക്കല്‍ നിര്‍ത്തുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും വാക്ക് പാലിക്കാതെ ടോള്‍ പിരിവ് തുടര്‍ന്നതോടെയാണ് പരിസരവാസികള്‍ പ്രതിഷേധം ആരംഭിച്ചത്. പൊതുജനങ്ങളില്‍ നിന്നും ടോള്‍ പിരിക്കുന്നത് അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചെന്നാണ് വിവരം. ഇന്ന് ശിവസേന സംസ്ഥനത്ത് ഹര്‍ത്താല്‍ നടത്തും.
ടോള്‍ പിരിവിന് പകരം റോഡ് നിര്‍മ്മാണത്തിനുള്ള തുക കൊല്ഹപൂര് മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്നും ഈടാക്കി, പണം റോഡ് നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിച്ച ഐഡിയല്‍ റോഡ് ബില്‍ഡറിന് കൈമാറാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നതുമാണ്. എന്നാല്‍ ടോള്‍ പിരിവ് നിര്‍ത്തുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് പറഞ്ഞ് ഐഡില്‍ റോഡ് ബില്‍ഡേഴ്സ് ടോള്‍ പിരിവ് പുനരാരംഭിക്കുകയായിരുന്നുവെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.
ഇതേസമയം ടോള്‍ പിരിവ് അവസാനിപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് ടോള്‍ വിരുദ്ധ കമ്മിറ്റി നേതാവ് എന്‍.ഡി. പാടീല് പറഞ്ഞു.സംസ്ഥാന സഹകരണമന്ത്രി ഹര്ഷവര്ദ്ധന് പട്ടേല്‍ പ്രക്ഷോഭം നിയന്ത്രണ വിധേയമാണെന്നും ടോള്‍ പിരിവ് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം ഉടനുണ്ടാകുമെന്ന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: