രാഷ്ട്രജീവിതത്തെ മുറുകെപ്പിടിക്കാന്‍ കൊതിക്കുന്ന ഒരു പൗരന്റെ ധര്‍മ്മം കൃത്യമായി നിര്‍വഹിക്കുന്നുണ്ട് ‘നരേന്ദ്രമോദി – നവഭാരതത്തിന്റെ നായകന്’ എന്ന ഗ്രന്ഥം. രാഷ്ട്രത്തെ നയിക്കാന്‍ നിയുക്തനായേക്കാവുന്ന ഒരു വ്യക്തിത്വത്തെ അഭിമാനത്തോടെ വരവേല്‍ക്കാന്‍ പാകത്തിന് പൊതുമനസിന് വെളിച്ചം പകരുക എന്ന മഹത്തായ പൗരധര്‍മ്മമാണത്. അതുകൊണ്ടുതന്നെ അത് കാലത്തിന്റെ ഇച്ഛയും കാലഘട്ടത്തിന്റെ അനിവാര്യതയുമാകുന്നു.
ഒരു ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിനില്ക്കുമ്പോള് പുറത്തിങ്ങിയ പുസ്തകത്തിന് നിര്‍വഹിക്കാനൊരു രാഷ്ട്രീയ ദൗത്യമുണ്ടെന്ന വിലയിരുത്തലുകള്‍ സ്വാഭാവികമാണ്. എന്നാല്‍ അതിനുമെത്രയോ അപ്പുറത്താണ് എഴുത്തുകാരന്റെ ചിന്തകള്‍ വ്യാപരിക്കുന്നത്. ഒരു പതിറ്റാണ്ടിലേറെയായി മോദിവിരുദ്ധപ്രചാരണത്തിന്റെ കൊടുംവിഷം മലീമസമാക്കിയ മലയാളത്തിലാണ് ഈ കൃതി രചിക്കപ്പെടുന്നത് എന്നത് ഒരു നിയോഗമാണ്. ആമുഖത്തില്‍ സൂചിപ്പിക്കുന്നത് പോലെ ഏതിരുള്‍ക്കുഴിമേലിലും പ്രകാശത്തിന്റെ രശ്മികളെ വിടാതെ പിന്തുടരുക എന്ന കവിധര്‍മ്മം പാലിക്കുകയാണ് എഴുത്തുകാരന് ചെയ്യുന്നത്.
ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ പൊതുചര്‍ച്ചയായിമാറുകയും ഒടുവില്‍ നായകനായി അംഗീകരിക്കപ്പെടുകയും ചെയ്യുന്ന ഒരു വ്യക്തിത്വത്തെ സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുകയാണ് മുരളി പാറപ്പുറം ചെയ്യുന്നത്. ഒരു ജീവചരിത്രം എഴുതുന്ന അപരനല്ല ഇവിടെ എഴുത്തുകാരന്. ആശയവും ദര്‍ശനവും ഒരുപോലെ ഇണങ്ങിച്ചേര്‍ന്ന വ്യക്തിത്വങ്ങളുടെ സമ്മേളനം എന്ന നിലയില്‍ എഴുത്തുകാരനും വിഷയവും ഇവിടെ പലപ്പോഴും താദാത്മ്യപ്പെടുന്നു.
അതുകൊണ്ടുതന്നെ അദ്ദേഹം ഗുജറാത്തിന്റെ ഗൗരവത്തെ ലോകസമക്ഷം അവതരിപ്പിക്കുന്നത് ആത്മാഭിമാനത്തിന്റെ പ്രതീകങ്ങളായ അപൂര്‍വസഹോദരിമാരിലൂടെയാണ്. വിട്ടുവീഴ്ചയില്ലാത്ത ദേശീയബോധത്തിന്റെ ഒട്ടനവധി ഉദാഹരണങ്ങളിലൂടെ മുന്നേറുന്ന അധ്യായങ്ങളുടെ തുടക്കമാണത്. എന്തുകൊണ്ട് മോദി വ്യത്യസ്ഥനാകുന്നു എന്നതിന്റെ മികച്ച സൂചകമാണ് ഗുജറാത്തിന് നേരെ എതിര് ദിശയില്‍ സ്ഥിതി ചെയ്യുന്ന പശ്ചിമബംഗാള്‍. അവിടെ മൂന്നരപ്പതിറ്റാണ്ട് പിന്നിട്ട ഇടത് ഭരണം ദേശാഭിമാനത്തിന്റെ സകല പ്രതീകങ്ങളെയും തകര്‍ത്ത് സമൂഹത്തെ പട്ടിണിയിലേക്ക് വലിച്ചിഴച്ചപ്പോള്‍ മോദി ഗുജറാത്തിന്റെ മണ്ണില്‍ നിന്ന് വളരുകയായിരുന്നു.
‘ഞാന്‍ എന്റെ സത്യത്തോടൊപ്പമാണ്, അത് എന്റെ സൂര്യനാകുന്നു’ എന്ന നരേന്ദ്രമോദിയുടെ ജീവിത ദര്‍ശനത്തെ അതേ പടി ആവിഷ്കരിക്കാന്‍ കഴിഞ്ഞു എന്നതാണ് മുരളി പാറപ്പുറത്തിന്റെ മികവ്. ഇത് സത്യത്തിന്റെ സാക്ഷ്യപത്രമാണ്. വായിച്ച് അവസാനിപ്പിക്കുമ്പോള്‍ പല പ്രഖ്യാപിത മനുഷ്യാവകാശക്കാരുടെയും മാധ്യമമേലാളന്മാരുടെയും ബുദ്ധിജീവികളുടെയും വിഗ്രഹങ്ങള്‍ തകര്‍ന്നുവീഴുമെന്നുറപ്പാണ്. സംഘടിതവും നികൃഷ്ടവുമായ പ്രചാരവേല കൊണ്ട് തകര്‍ക്കാന്‍ അവര്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും പിന്നെയും പിന്നെയും ഉദിച്ചുകൊണ്ടിരുന്ന സത്യത്തെ വിളിച്ചുപറയുക എന്ന വ്യാസധര്‍മ്മം പാലിക്കുകയാണ് ഈ പുസ്തകം ചെയ്യുന്നത്.
ഇത് നീതിയുടെ നേര്‍ക്കാഴ്ചയാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലം നുണപ്രചാരണങ്ങള്‍കൊണ്ട് വോട്ട്ബാങ്ക് രാഷ്ട്രീയക്കാരും കുത്തക മാധ്യമങ്ങളും തുടര്‍ച്ചയായി വേട്ടയാടിയ ഒരു വ്യക്തിയുടെ അതിജീവനത്തിന്റെ കഥയാണിത്. കള്ളന്മാര് പോലീസാവുകയും അഴിമതിക്കാര്‍ ഭരണം നടത്തുകയും കൊലപാതകികള്‍ വിധി നിര്‍ണയിക്കുകയും ചെയ്യുന്ന കലികാല വിശേഷത്തിന്റെ ഇരയാണ് മോദി. വേട്ടനായ്ക്കള്‍ക്കൊപ്പം ഓടിയ ബുദ്ധിജീവികള്‍ മോദിയുടെ ജീവിതത്തെ പാടേ നിരാകരിക്കുകയും അദ്ദേഹം നടന്നു തീര്‍ത്ത കനല്‍വഴികള്‍ കണ്ടില്ലെന്ന് നടിക്കുകയും ചെയ്തു. ഈ ഭാണ്ഡത്തില്‍ മുത്തുമാലകളില്ലെന്ന് കടലിന്റെ മധ്യത്തില്‍ നിന്ന് വിളിച്ച് പറഞ്ഞ മോദിയുടെ ധൈഷണിക ധീരത അവര്‍ കാണാന്‍ കൂട്ടാക്കിയില്ല. ഗാന്ധി വധത്തിന്റെ ദുരാരോപണം ആര്‍എസ്എസിന് മേലുന്നയിച്ച് രാജ്യത്ത് കുടുംബവാഴ്ച നടത്തി തടിച്ച് ചീര്‍ത്തവരുടെ പിന്മുറക്കാര് മരണത്തിന്റെ വ്യാപാരി എന്ന് മോദിയെ അപഹസിച്ചു. ഗോധ്രയുടെ കണ്ണുനീര്, ഒരു കലാപവും കുറേ കെട്ടുകഥകളും. സുപ്രീം കോടതിയുടെ ക്ലീന്‍ചിറ്റ് എന്നീ അധ്യായങ്ങളിലൂടെ ഈ ആരോപണങ്ങളുടെ പൊള്ളത്തരങ്ങളെ തുറന്നുകാട്ടുന്നുണ്ട് ഈ പുസ്തകം. ഗ്രാമങ്ങളെയും നഗരങ്ങളെയും കോര്‍ത്തിണക്കി പുഴയും പാടവും കാടും മുടിക്കാതെ മോദി നടപ്പാക്കിയ മോഡിണോമിക്സ് എന്ന സാമ്പത്തിക തന്ത്രം സര്‍വസാധാരണക്കാരനും പ്രേരണയാണ്.
ഇത് പ്രപഞ്ചത്തെ സ്നേഹിക്കുന്ന ഒരാളുടെ ദര്‍പ്പണമാണ്. ജലത്താല്‍ തീര്‍ത്ത ചങ്ങല, രാത്രിയിലെപ്പൊഴോ ഘനീഭവിക്കുന്ന മഞ്ഞുതുള്ളി, മുഖങ്ങളൊരുപാടുള്ള മേഘം….. സ്നേഹത്തെ ഇങ്ങനെ ജീവിതത്തോട് ചേര്‍ത്ത് പിടിക്കുമ്പോള്‍തന്നെ ആത്മവിശ്വാസത്തിന്റെ മഹാമേരുവായി വിരിഞ്ഞുനില്ക്കാനും കഴിയുന്ന കവിയാണ് മോദിയെന്ന് ഈ രേഖാചിത്രം നമ്മോട് വിളിച്ചുപറയുന്നു.
നാം പൊട്ടിപ്പോകുന്ന നീര്‍ക്കുമിളകളല്ല
പ്രശാന്തസുന്ദരമായ തീരവുമല്ല
നാം കടലിന്റെ മധ്യമാണ്.
മോദി എന്ന പ്രേരണയെക്കുറിച്ച്, മോദിക്ക് പ്രേരണയായവരെക്കുറിച്ച്, മോദിയെന്ന ഭരണാധികാരിയെക്കുറിച്ച് , മനുഷ്യസ്നേഹിയെക്കുറിച്ച്, രാഷ്ട്രതന്ത്രജ്ഞനെക്കുറിച്ച്, സാമ്പത്തിക വിദഗ്ധനെക്കുറിച്ച് ഈ പുസ്തകം ഏറെപ്പറയാതെ എല്ലാം പറയുന്നു.
നരേന്ദ്രമോദി- നവഭാരതത്തിന്റെ നായകന് എന്ന പുസ്തകത്തിന്റെ പ്രസാധനത്തിലൂടെ ചരിത്രപരമായ ഒരു ദൗത്യം നിര്‍വഹിക്കുന്നുണ്ട് അങ്കമാലി ബുദ്ധ ബുക്സ് എന്ന് പറയാതെവയ്യ. ഇതിനകം മലയാളസാഹിത്യമേഖലയില്‍ ലബ്ധപ്രതിഷ്ഠ നേടേണ്ടിയിരുന്ന കരുത്തനായ ഒരു എഴുത്തുകാരനെ എല്ലാ കരുത്തോടെയും അവതരിപ്പിക്കുന്നു എന്നതാണ് ആ മഹത്തായ ദൗത്യം. മോദിയെക്കുറിച്ച് പറയാറുള്ള ആ വാചകം ഇവിടെയും പ്രസക്തമാണ്, ‘നിങ്ങള്‍ക്ക് ഈ എഴുത്തുകാരനെ എതിര്‍ക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യാം, ഒരിക്കലും അവഗണിക്കാനാകില്ല.’ ലളിതവും അതേസമയം മൂര്‍ച്ചയുമുള്ള ഭാഷാ ശൈലികൊണ്ട് അനുഗൃഹീതനായ മുരളി പാറപ്പുറം ഈ പുസ്തക രചനയിലൂടെ ഒരു എഴുത്തുകാരന് എന്ന നിലയില്‍ ഇതുവരെ നേരിട്ടിരുന്ന പരിമിതികളെ ഉല്ലംഘിക്കുകയാണ്. നമുക്ക് മുന്നില്‍ വിശാലമായ സമുദ്രമുണ്ട് എന്ന മോദി വാക്യം എഴുത്തുകാരന്റെയും പ്രേരണയാണ്.
നരേന്ദ്ര മോദി നവഭാരതത്തിന്റെ നായകന്
മുരളി പാറപ്പുറം
ബുദ്ധബുക്സ് അങ്കമാലി
വില: 200
എം. സതീശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: