മട്ടാഞ്ചേരി: ഫോര്‍ട്ടുകൊച്ചി ടൂറിസം കേന്ദ്രത്തിലെ അനധികൃതമായി കയ്യേറിയ കടകള്‍ പൊളിച്ചുനീക്കി. ഫോര്‍ട്ടുകൊച്ചി കമാലക്കടവ്, ചീനവല സ്ക്വയര്‍, നെഹ്റു പാര്‍ക്ക് പരിസരം, ബാസ്റ്റിന് ബംഗ്ലാവ് പരിസരം, കടപ്പുറം തുടങ്ങിയ കേന്ദ്രങ്ങളിലെ 200 ഓളം വരുന്ന അനധികൃത കയ്യേറ്റങ്ങളാണ് അധികൃതര്‍ ഒഴിപ്പിച്ചത്. തുറമുഖ ട്രസ്റ്റ്, റവന്യൂ വിഭാഗം, കോര്പ്പറേഷന് തുടങ്ങിയ ഏജന്‍സി അധികൃതരും പോലീസും ചേര്‍ന്നാണ് മണിക്കൂറുകള്‍ നീണ്ട അനധികൃത കുടിയൊഴിപ്പിക്കലിന് നേതൃത്വം നല്‍കിയത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനകം ഇത് മൂന്നാം തവണയാണ് ടൂറിസം മേഖലയില്‍ അധികൃതര്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത്. ചെറുകിട കച്ചവടക്കാര്‍ മുതല്‍ മധ്യനിര വ്യാപാര കേന്ദ്രങ്ങള്‍ വരെ പൊളിച്ചുനീക്കിയ റവന്യൂ-പോലീസ് അധികൃതര്‍ വന്കിടകയ്യേറ്റങ്ങള്ക്കെതിരെ കണ്ണടച്ചത് ഏറെ പ്രതിഷേധത്തിനും പരാതിക്കുമിടയാക്കിയിട്ടുണ്ട്. പൈതൃക ടൂറിസം കേന്ദ്രങ്ങളിലെ റോഡുകളിലും തുറസ്സായ സ്ഥലത്തും കടപ്പുറത്തും തീരദേശത്തുമെല്ലാം കെട്ടി ഉയര്‍ത്തിയ ചായക്കടകള്‍ മുതല്‍ മീന്‍ വില്‍പ്പന കേന്ദ്രങ്ങള്‍ വരെപൊളിച്ചുനീക്കിയവയിലുള്പ്പെടുന്നുണ്ട്. ഈ മേഖലയിലെ മൂന്ന് കടകള്‍ക്ക് കോടതി സ്റ്റേ ഉള്ളതിനാല്‍ അവ നിലനിര്‍ത്തി ഒപ്പം കുടുംബശ്രീ സ്വയംതൊഴില്‍ സംരംഭമായുള്ള ചായക്കട നീക്കിയതിനെതിരെ പരാതി ഉയര്‍ന്നെങ്കിലും കളക്ടറുടെ ഉത്തരവ് ചൂണ്ടിക്കാട്ടി ഇതും നീക്കം ചെയ്തു. ജില്ലാ കളക്ടര്‍ ഷെയ്ഖ് പരീത്, സബ് കളക്ടര്‍ സ്വാഗത് ഭണ്ഡാരി, അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ എം.ബിനോയ്, ഫോര്‍ട്ടുകൊച്ചി സിഐ ജയരാജ്, എസ്ഐമാരായ എസ്.രാജേഷ്, സജീവ്, യേശുദാസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ വന്‍ സന്നാഹത്തോടെയാണ് വ്യാഴാഴ്ച രാവിലെ 6 മുതല്‍ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചു നീക്കിയത്. ഹെറിറ്റേജ് കണ്‍സര്‍വേഷന്‍ സൊസൈറ്റിയുടെ യോഗ ഹാളില്‍ ഉയര്‍ന്ന പരാതിയും കോടതി വിധിയുമാണ് അനധികൃത കയ്യേറ്റ കടകള്‍ പൊളിച്ചുനീക്കിയതിനിടയാക്കിയതെന്ന് ചൂണ്ടിക്കാട്ടുന്നു. അനധികൃത കടകള്‍ പൊളിച്ചുനീക്കിയ റവന്യൂ നഗരസഭ ടൂറിസം ഏജന്‍സികള്‍ കടയുടമകളെ പുനരധിവസിപ്പിക്കുവാനുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിനോ ആസൂത്രണം ചെയ്യുന്നതിനോ തയ്യാറാകാത്തതാണ് വീണ്ടും കയ്യേറ്റങ്ങള്ക്കിടയാക്കുന്നതെന്ന് പറയുന്നു. ഓരോ ഘട്ടങ്ങളിലും പ്രതിഷേധമുയര്‍ത്തി വ്യാപാരികളും സംഘടനാ പ്രതിനിധികളും രംഗത്തെത്താറുണ്ടെങ്കിലും പുനരധിവാസം ഇന്നും മരീചികയായി നിലകൊള്ളുകയാണ്. അനധികൃത കയ്യേറ്റങ്ങള്‍ ടൂറിസ്റ്റ് മേഖലക്ക് കളങ്കമുണ്ടാക്കുന്നുവെന്നാണ് അധികൃതപക്ഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: