തിരുവനന്തപുരം : കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് ചികിത്സ ഉള്‍പ്പെടെയുള്ള സഹായം ലഭ്യമാക്കാനുള്ള പദ്ധതി നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി വിളിച്ചുചേര്‍ത്ത പോലീസ് ഉദ്യോഗസ്ഥരുടെ യോഗശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുറ്റകൃത്യങ്ങള്‍ നടക്കുമ്പോള്‍ പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കാനാകുന്നുവെങ്കിലും പരിക്കേല്‍ക്കുകയും മറ്റും ചെയ്യുന്ന ഇരകള്‍ക്ക് മതിയായ സഹായം ലഭ്യമാക്കാന്‍ കഴിയുന്നില്ല. ഇത്തരത്തില്‍ ഇരകളാകുന്നവര്‍ക്ക് ചികിത്സാ സഹായം ഉള്‍പ്പെടെയുള്ളവ സര്‍ക്കാരിന്റെ ഉത്തരവാദിത്വമായി എടുത്തായിരിക്കും ഈ പദ്ധതി. ഇത് വൈകാതെ നടപ്പാക്കും. പെറ്റി കേസുകള്‍ കോടതിയ്ക്കുള്ളില്‍ എത്തിക്കാതെ പിഴ ഈടാക്കി കേസ് അവസാനിപ്പിക്കും. എസ്പി മാര്‍ക്ക് ഇതിന് അധികാരമുണ്ടായിരിക്കും.
സംസ്ഥാനത്ത് സ്റ്റേഷന് ഓഫീസര്‍ ഉള്‍പ്പടെ വനിതാ ഉദ്യോഗസ്ഥര്‍ മാത്രമുള്ള ആറ് പോലീസ് സ്റ്റേഷനുകള്‍ ആരംഭിക്കും. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലായിരിക്കും ഇത് സ്ഥാപിക്കുക. മാര്‍ച്ച് ഒന്ന് മുതല്‍ ഈ സ്റ്റേഷനുകള്‍ പ്രവര്‍ത്തന സജ്ജമാകും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടഞ്ഞ് സംസ്ഥാനത്തെ ‘നിര്‍ഭയ കേരളം’ ആക്കി മാറ്റുകയാണ് ലക്ഷ്യം. പുരുഷ പോലീസ് ഉദ്യോഗസ്ഥരെ പോലെ വനിതാ ഉദ്യോഗസ്ഥര്‍ക്കും എല്ലാത്തരം കേസുകള്‍ അന്വേഷിക്കുന്നതിലും വൈഭവമുണ്ട്.അതുകൂടി കണക്കിലെടുത്താണ് വനിതകള്‍ മാത്രമുള്ള സ്റ്റേഷനുകള്‍ ആരംഭിക്കുന്നത്. എല്ലാത്തരം കേസുകളും ഇവിടെ കൈകാര്യം ചെയ്യം. ജില്ലകളില്‍ ഏതൊക്കെ സ്ഥലത്താണ് സ്റ്റേഷന് സ്ഥാപിക്കുന്നതെന്നും സ്റ്റേഷന് പരിധി നിശ്ചയിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളും ഡി.ജി.പിയുടെ നേതൃത്വത്തില്‍ പിന്നീട് തീരുമാനിക്കും. ആലപ്പുഴ നൂറനാട് പാലമേല്‍ പഞ്ചായത്തില്‍ കമാന്റോ പരിശീലനകേന്ദ്രം ആരംഭിക്കും. ഇവിടെ അതിന്റെ ഹെഡ്ക്വാര്‍ട്ടേഴ്സ് ആക്കും. പോലീസ് വകുപ്പിന് ആവശ്യത്തിന് സ്ഥലമുള്ളതിനാലാണ് എല്ലാ സൗകര്യങ്ങളുമുള്ള കമാന്റോ പരിശീലന കേന്ദ്രം സ്ഥാപിക്കുന്നത്. അതിനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. പോലീസുകാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനായി എസ്.പിമാരുടെ നേതൃത്വത്തില്‍ പോലീസ് അദാലത്ത് സംഘടിപ്പിക്കും. അര്‍ഹതപ്പെട്ട പലതും നിഷേധിക്കപ്പെടുമ്പോള്‍ അത് പോലീസുകാരുടെ പ്രവര്‍ത്തനത്തെ ബാധിക്കും. അത് ഒഴിവാക്കുന്നതിനാണ് അദാലത്ത്.
സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഹൈടെക് കുറ്റകൃത്യങ്ങള്‍ മോണിട്ടര്‍ ചെയ്യുന്നതിനായി കെല്‍ട്രോണുമായി സഹകരിച്ച് പദ്ധതി നടപ്പാക്കും. കുറ്റകൃത്യങ്ങള്‍ തടയുന്നതിനും ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കാനും സഹായകരമായ തരത്തിലാണ് ഇത് രൂപകല്പന ചെയ്യുന്നത്. കേരള പോലീസ് സൈബര്‍ ഡോം പദ്ധതിക്കുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ്രെകെംബ്രാഞ്ച് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അവിടെ രണ്ടുകൊല്ലത്തിലേറെ ജോലി ചെയ്യുന്നവര്‍ക്ക് പ്രോത്സാഹനം നല്‍കും. ്രെകെംബ്രാഞ്ചിലേക്ക് കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കുകയും വിശ്വാസ്യത വര്‍ധിപ്പിക്കുകയും ചെയ്യും. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളെ സര്‍ക്കാര്‍ ഗൗരവമായി കാണും. ക്രിമിനല്‍ ബന്ധമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഡി.ജി. പി തലത്തില്‍ തന്നെ നിരീക്ഷണമുണ്ട്. ഇത് ഗൗരവമായിത്തന്നെയെടുക്കും.
ക്വട്ടേഷന്‍, ഗുണ്ടാ, ബ്ലേഡ് മാഫിയകളെ അമര്‍ച്ച ചെയ്യുന്നതിനുള്ള തീരുമാനവും യോഗം കൈക്കൊണ്ടു. മാവോവാദികള്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതി തയ്യാറാക്കും. കേരളത്തില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ കമ്മീഷണറേറ്റ് നടപ്പാക്കുമെന്നും ചെന്നിത്തല പറഞ്ഞു. ആഭ്യന്തര സെക്രട്ടറി എല്‍. രാധാകൃഷ്ണന്, ഡി.ജി.പി കെ.എസ്. ബാലസുബ്രഹ്മണ്യന്, എ.ഡി.ജി.പി. എം.എന്‍. കൃഷ്ണമൂര്‍ത്തി എന്നിവരും സന്നിഹിതരായിരുന്നു. പോലീസ്, ക്രൈംബ്രാഞ്ച് വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: