ആലപ്പുഴ: ബിഎസ്എന്‍എല്ലിന്റെ റീച്ചാര്‍ജ് കൂപ്പണുകളുടെയും സിം കാര്‍ഡുകളുടെയും വില്പനയില് കോടികളുടെ ക്രമക്കേട് നടത്തിയ ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥര്‍ ഇതിന് മുമ്പും ക്രമക്കേട് നടത്തിയപ്പോള്‍ ഇവരെ രക്ഷിച്ചത് കേന്ദ്രസഹമന്ത്രിയും ഡിസിസി പ്രസിഡന്റും. കേസ് സംബന്ധിച്ച് കൂടുതല്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ കുടുങ്ങിയേക്കും. കേസ് ഒതുക്കിത്തീര്‍ക്കാന്‍ വന്‍ രാഷ്ട്രീയ സമ്മര്‍ദ്ദം. ഇതിനിടെ ആലപ്പുഴയില്‍ നടന്ന ക്രമക്കേടുകളെ സംബന്ധിച്ച് ജനറല്‍ മാനേജരെ തിരുവനന്തപുരം ചീഫ് ജനറല്‍ മാനേജര്‍ വിളിച്ചുവരുത്തി വിശദീകരണം ചോദിച്ചു.
ഇപ്പോള്‍ സിബിഐ ചോദ്യം ചെയ്തുവരുന്ന ആലപ്പുഴ ബിഎസ്എന്‍എല്‍ ഓഫീസിലെ അക്കൗണ്ട്സ് ഓഫീസര്‍ തോമസ് മാത്യു, ജൂനിയര്‍ അക്കൗണ്ടസ് ഓഫീസര്‍ സാജന് വര്‍ക്കി എന്നിവര്‍ ഇതിനു മുമ്പ് കായംകുളത്തെ ഒരു ഫ്രാഞ്ചൈസിക്ക് 25 ലക്ഷം രൂപയുടെ റീച്ചാര്‍ജ് കൂപ്പണുകള്‍ പണം വാങ്ങാതെ നല്‍കിയത് ബിഎസ്എന്‍എല്‍ വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇവര്‍ നല്കിയ ചെക്ക് മടങ്ങിയതിനെ തുടര്‍ന്നാണ് കള്ളി വെളിച്ചത്തായത്. തുടര്‍ന്ന് ഇരുവരെയും സ്ഥലം മാറ്റി. കേന്ദ്രസഹമന്ത്രി കെ.സി.വേണുഗോപാലും, ഡിസിസി പ്രസിഡന്റ് എ.എ.ഷുക്കൂറും ഇടപെട്ട് അന്ന് ഇരുവരെയും തിരികെ കൊണ്ടുവരികയായിരുന്നു.
ഇതിലൊരു ഉദ്യോഗസ്ഥനെ കണ്ണൂരിലേക്കും മറ്റൊരാളെ പാലക്കാട്ടേക്കുമാണ് സ്ഥലം മാറ്റിയത്. എന്നാല്‍ മന്ത്രി ഇടപെട്ട് ഒരാളെ എറണാകുളത്തേക്കും മറ്റൊയാളെ പത്തനംതിട്ടയിലേക്കും കൊണ്ടുവരികയായിരുന്നു. ഇവരുടെ ഇടപെടലും അന്വേഷണവിധേയമാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. വര്‍ഷങ്ങളായി ഫ്രാഞ്ചൈസികള്‍ ബിഎസ്എന്‍എല്ലിന്റെ പണം ഉപയോഗിച്ച് ബിസിനസ് നടത്തി വരികയായിരുന്നു. കൂപ്പണുകള്‍ വാങ്ങി വിറ്റ ശേഷം മാത്രമാണ് ഇവര്‍ പണം നല്‍കിയിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയാതെ ഈ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് മാത്രമായി കോടികളുടെ ക്രമക്കേടുകള്‍ നടത്താന്‍ കഴിയില്ലെന്നാണ് സിബിഐയുടെ വിലയിരുത്തല്‍.
ആദ്യത്തെ ക്രമക്കേട് സംബന്ധിച്ച് ബിഎസ്എന്‍എല്‍ വിജിലന്‍സ് അന്വേഷണം നടത്തിവരികയാണ്. ഇപ്പോള്‍ നടന്ന ക്രമക്കേടും വിജിലന്‍സ് കണ്ടെത്തി സിബിഐക്ക് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ സിബിഐ ചോദ്യം ചെയ്തേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: