തിരുവനന്തപുരം: കുറഞ്ഞ മാതൃമരണനിരക്കിന്റെ കാര്യത്തില്‍ ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളത്തിന് വീണ്ടും പ്രഥമസ്ഥാനം. 2010-12 ലെ സാമ്പിള്‍ രജിസ്ട്രേഷന് സര്‍വ്വേയുടെ അടിസ്ഥാനത്തിലാണ് ഈ അംഗീകാരം. ഒരുലക്ഷത്തിന് അറുപത്തിയാറ് എന്ന നിരക്കിലേക്കാണ് ഇത് കുറഞ്ഞിട്ടുള്ളത്. 2007-09 ലെ നിരക്ക് ഒരു ലക്ഷത്തിന് എണ്‍പത്തിയൊന്ന് ആയിരുന്നു. മാതൃമരണനിരക്കില്‍, 2010-12 കാലയളവില്‍ 19 ശതമാനം കുറവാണ് കേരളത്തില്‍ രേഖപ്പെടുത്തിയത്. രണ്ടാംസ്ഥാനം മഹാരാഷ്ട്രയ്ക്കും (87) മൂന്നാംസ്ഥാനം തമിഴ്നാടിനുമാണ് (90). കൂടുതല്‍ മരണനിരക്ക് രേഖപ്പെടുത്തിയത് ആസാമിലാണ്; 328. ഇന്ത്യയിലെ നിരക്ക് നൂറ്റിഎഴുപത്തിയെട്ട് ആണ്.
വിവിധ പദ്ധതികളുടെ ഫലപ്രദമായ നിര്‍വ്വഹണത്തിലൂടെയാണ് കേരളം ഈ മേഖലയില്‍ ശ്രദ്ധേയമായ പുരോഗതി കൈവരിക്കുന്നത്. മാതൃമരണനിരക്ക് ഇനിയും കുറയ്ക്കുന്നതിനായി, തിരഞ്ഞെടുക്കപ്പെട്ട എട്ട് ആശുപത്രികളില്‍ ചികിത്സാനിലവാരം ഉയര്‍ത്തുന്നതിനുള്ള പ്രത്യേക പദ്ധതി നടപ്പിലാക്കിവരികയാണ്. ഉയര്‍ന്ന ചികിത്സാ നിലവാരം ഉറപ്പുവരുത്തുന്നതിനുള്ള എന്‍എബിഎച്ച് ദേശീയാംഗീകാരം തിരുവനന്തപുരത്തെ തൈക്കാടും കോഴിക്കോട്ടെ കോട്ടപ്പറമ്പിലുമുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികള്‍ ഈയിടെ കരസ്ഥമാക്കുകയുണ്ടായി. കൂടുതല്‍ പ്രസവങ്ങള്‍ നടക്കുന്ന എറണാകുളം ജനറല്‍ ആശുപത്രിയും, ചേര്‍ത്തല താലൂക്കാശുപത്രിയും ഇതേ അംഗീകാരം കരസ്ഥമാക്കി. കൂടുതല്‍ ആശുപത്രികള്‍ എന്‍എബിഎച്ച് നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ ഒട്ടേറെ ആശുപത്രികളില്‍ ‘കാഷ്’ പദ്ധതി പ്രകാരമുള്ള പ്രവര്‍ത്തനങ്ങളും നടന്നുവരുന്നുണ്ട്. ഇതിനകം പതിനാല് ആശുപത്രികള്‍ക്ക് കാഷ് അംഗീകാരം കരസ്ഥമാക്കുവാന്‍ സാധിച്ചു.
പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിക്കാലത്ത് സംസ്ഥാനത്തെ മാതൃമരണനിരക്ക് നാല്‍പ്പതാക്കി കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ഇതിനായി പ്രത്യേക പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കും. ഓരോ ആരോഗ്യ ബ്ലോക്കിനേയും കേന്ദ്രീകരിച്ചുകൊണ്ട് സ്ഥാപനതല സര്‍വ്വേ നടത്തും. ആശുപത്രികളില്‍ റഫറല്‍ സമ്പ്രദായം ഏര്‍പ്പെടുത്തും. മെഡിക്കല്‍ കോളേജുകളിലും പ്രസവം നടക്കുന്ന എല്ലാ ആശുപത്രികളിലും ബ്ലഡ് സ്റ്റോറേജ് യൂണിറ്റുകള്‍ തുടങ്ങുമെന്നും പ്രധാന ആശുപത്രികളില്‍ രക്തഘടകങ്ങള്‍ വേര്‍തിരിയ്ക്കുന്ന യൂണിറ്റുകള്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: