തിരുവനന്തപുരം: ഇ-സാക്ഷരതാ യജ്ഞം ദേശീയ തലത്തില്‍ വ്യാപിപ്പിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ്. യുവജനങ്ങളെ പ്രത്യുല്‍പ്പാദനപരമായ തൊഴിലുകളില്‍ തിളങ്ങുവാന്‍ സഹായിക്കുന്ന പദ്ധതി കേരളത്തില്‍ ആരംഭിക്കുന്നത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്ക്കരിച്ച് പി.എന്‍.പണിക്കര്‍ വിജ്ഞാന് വികാസ് കേന്ദ്രത്തിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന സമ്പൂര്‍ണ്ണ ഇ-സാക്ഷരതാ യജ്ഞം കനകക്കുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണതലത്തിലും വിദ്യാഭ്യാസം ഇ-കൊമേഴ്സ് തുടങ്ങിയ സേവനമേഖലകളിലും വന്മാറ്റങ്ങളുണ്ടാക്കുവാന് വിവര സാങ്കേതികവിദ്യയ്ക്ക് കഴിയും. സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെക്കപ്പെടുന്ന ഗ്രാമീണ സാമൂഹിക വിജയഗാഥകളിലൂടെ സാമൂഹിക മൂലധനം സ്വരൂപിക്കുവാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സാക്ഷരതയില്‍ കേരളം കൈവരിച്ച പുരോഗതിക്ക് പി.എന്‍.പണിക്കരോട് കടപ്പെട്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കേരള മോഡല്‍ വികസനത്തിന്റെ അടിസ്ഥാനശിലയാണ് ലൈബ്രറി പ്രസ്ഥാനം. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ 47 ഗ്രന്ഥശാലകളുമായി എളിയ നിലയില്‍ ആരംഭിച്ച ഗ്രന്ഥശാല സംഘത്തിന്റെ കീഴില്‍ ഇന്ന് ആയിരക്കണക്കിന് ഗ്രന്ഥശാലകളുണ്ട്. കാന്‍ഫെഡുമായി കൈകോര്‍ത്ത് ഗ്രന്ഥശാലാ സംഘം നടത്തിയ പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ സാംസ്കാരിക, വിദ്യാഭ്യാസരംഗത്ത് വന്‍ മാറ്റങ്ങള്‍ വരുത്തി. കേരളം ഭാരതത്തിന് സംഭാവന ചെയ്ത മഹദ്വ്യക്തികളില്‍ ഒരാളാണ് പി.എന്‍.പണിക്കരെന്നും പ്രധാനമന്ത്രി പറഞ്ഞു.
സമ്പൂര്‍ണ്ണ സാക്ഷരതയില്‍ നിന്നും സമ്പൂര്‍ണ്ണ ഇ-സാക്ഷരതയിലേക്കുള്ള പ്രയാണത്തിലാണ് കേരളമെന്ന് ആധ്യക്ഷത വഹിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇ-ഗവര്ണന്സില് ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങള്‍ക്കും മാതൃകയാണ് കേരളം. ഒട്ടുമിക്ക സേവനങ്ങളും ഓണ്‍ലൈന്‍ വഴി സുഗമമാക്കിയ ആദ്യ സംസ്ഥാനമാണ് കേരളം. മുപ്പത്തിമൂന്ന് മാസംകൊണ്ട് ഇ-സാക്ഷരത ഫലപ്രാപ്തിലെത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കേരളീയരുടെ വായനാശീലം വളര്‍ത്തുന്നതില്‍ പി.എന്‍.പണിക്കര്‍ വഹിച്ച പങ്ക് അവിസ്മരണീയമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഗവര്‍ണ്ണര്‍ നിഖില്‍ കുമാര്‍, രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പി.ജെ.കുര്യന്, കേന്ദ്ര മാനവ വിഭവശേഷി മന്ത്രി ശശിതരൂര്‍, വിദ്യാഭ്യാസമന്ത്രി അബ്ദുല്‍ റബ്ബ്, തൊഴില്‍് മന്ത്രി ഷിബുബേബിജോണ്‍ എന്നിവര്‍ സംബന്ധിച്ചു. ഉമ്മന്‍ ചാണ്ടി, അബ്ദുല്‍ റബ്ബ് എന്നിവര്‍ പ്രധാനമന്ത്രിക്ക് ഉപഹാരങ്ങള്‍ സമ്മാനിച്ചു. എന്‍.ബാലഗോപാല്‍ സ്വാഗതവും, പാലോട് രവി എം.എല്‍.എ. നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: