ന്യൂദല്‍ഹി: ദല്‍ഹി മെട്രോയ്ക്ക് നേരെ ഭീകരാക്രമണ സാധ്യതയുണ്ടെന്ന സൈനിക രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി. പുതുവര്‍ഷത്തിന്റെ ആദ്യ പത്തു ദിവസങ്ങളില്‍ മെട്രോ സ്റ്റേഷനുകള്‍ക്കു നേരെ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരര്‍ ആക്രമണം നടത്തിയേക്കാമെന്നാണ് മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് രാജ്യ തലസ്ഥാനത്തെ 140 മെട്രോസ്റ്റേഷനുകളിലായി അയ്യായിരത്തോളം സുരക്ഷാ സൈനികരെക്കൂടി വിന്യസിച്ചു.
അറസ്റ്റിലായ ഭീകരന് യാസിന് ഭട്കലിനെ മോചിപ്പിക്കുന്നതു ലക്ഷ്യമിട്ട് വിമാനറാഞ്ചലിന് സാധ്യതയുണ്ടെന്ന് ദല്‍ഹി ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ടിന് സൈനിക രഹസ്യാന്വേഷണ വിഭാഗം രണ്ടു ദിവസം മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. മെട്രോ റെയിലിനു നേരെ ഭീഷണിയുണ്ടെന്ന വിവരം ലഭിച്ച ഡിസംബര്‍ 31ന് തന്നെ സുരക്ഷാ സന്നാഹങ്ങള്‍ ശക്തമാക്കിയതായി ഡല്‍ഹി മെട്രോ റെയിലിന്റെ സുരക്ഷാചുമതലയുള്ള സിഐഎസ്എഫ് വ്യക്തമാക്കി.
മെട്രോയ്ക്ക് അകത്തേക്ക് കടക്കുന്നതിന് നിരവധി സുരക്ഷാ പരിശോധനകളുള്ളതിനാല് സ്റ്റേഷനുകള്‍ക്ക് പുറത്താവാം ആക്രമണ സാധ്യത കൂടുതലെന്ന വിലയിരുത്തലിലാണ് സിഐഎസ്എഫ്. ഇതേ തുടര്‍ന്ന് സ്റ്റേഷനുകള്‍ക്ക് പുറത്തായി വലിയ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. എട്ടുമണിക്കൂര്‍ ജോലി സമയം എന്നത് പത്തു മണിക്കൂറായി വര്‍ദ്ധിപ്പിച്ചു. രാജീവ് ചൗക്ക്, അശോക് പാര്‍ക്ക് മെയിന്‍,ഇന്റര്‍ലോക്ക്, കീര്‍ത്തി നഗര്‍, കാശ്മീരി ഗേറ്റ്, സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് തുടങ്ങിയ പ്രധാന സ്റ്റേഷനുകളിലും സുരക്ഷ കൂട്ടിയിട്ടുണ്ട്. 67 അതിവേഗ പ്രതികരണ ടീമിനെ പ്രത്യേകമായി നിയോഗിച്ചു.
മുംബൈയില്‍ സംഭവിച്ച മാതൃകയിലുള്ള ആക്രമണത്തിനുള്ള സാധ്യതകളാണ് പ്രധാനമായും മുന്നറിയിപ്പിലുള്ളത്. 34 ഡോഗ് സ്ക്വാഡുകളും കൂടുതല്‍ പരിശോധനകളുമായി രംഗത്തുണ്ട്. മെട്രോ റെയില്‍വേ സ്റ്റേഷനിലും ട്രെയിനുകളിലുമായി 5300 സിസിടിവി ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്.
ക്യാമറകളിലൂടെയുള്ള നിരീക്ഷണവും കൂടുതല്‍ കാര്യക്ഷമമാക്കിയിട്ടുണ്ട്, ദിവസവും 22 ലക്ഷത്തിലധികം ജനങ്ങളാണ് ദല്‍ഹി മെട്രോയിലൂടെ യാത്ര ചെയ്യുന്നത്.
ദല്‍ഹി മെട്രോയുടെ ഉത്തംനഗര്‍ സ്റ്റേഷന് ആക്രമിക്കുമെന്ന് നോയിഡ പോലീസ് സ്റ്റേഷനിലേക്ക് വന്ന അജ്ഞാത ടെലിഫോണ്‍ സന്ദേശവും സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ സിഐഎസ്എഫിനെ നിര്‍ബന്ധിതമാക്കി. നോയിഡ സീനിയര്‍ എസ്.പി. അശോക് കുമാര്‍ സിങ്ങിനാണ് അജ്ഞാത സന്ദേശമെത്തിയത്. ഇതേ തുടര്‍ന്ന് ഉത്തം നഗര്‍ സ്റ്റേഷനില്‍ ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും പരിശോധന നടത്തി.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: