ഇന്ന് ജനുവരി ഒന്നാം തീയതിയാണ് ഇതെഴുതാനിരിക്കുന്നത്. പുതുവര്‍ഷാഘോഷമായി ചുറ്റുപാടും വെടിപടഹധ്വനികള്‍ ഇന്ന് പുലരുന്നതിന് മുമ്പ്, അര്‍ധരാത്രി മുതല്‍ തന്നെ കേള്‍ക്കാന്‍ തുടങ്ങി. ഹാപ്പി ന്യൂ ഇയര്‍ സന്ദേശങ്ങള്‍ മൊബെയിലിലൂടെ ശബ്ദമായും എസ്എംഎസ് ആയും ധാരാളം കിട്ടിക്കൊണ്ടിരിക്കുന്നു. എന്റെ ചെറുപ്പകാലത്ത് ജനുവരി ഒന്നിന് ആഘോഷമുണ്ടായിരുന്നില്ല. ആ ദിവസംതന്നെ ആരും അറിയാറും ഓര്‍ക്കാറുമുണ്ടായിരുന്നില്ല. കാരണം അന്നത്തെ കാര്യവ്യവഹാരങ്ങളൊക്കെ ത്തന്നെ മലയാള (കൊല്ല)വര്‍ഷത്തിലാണ് നടത്തിക്കൊണ്ടിരുന്നത്. പഞ്ചാംഗവും കാലാന്തരവും (കലണ്ടര്‍) മലയാള തീയതിയനുസരിച്ചു തന്നെയായിരുന്നു. ഔദ്യോഗികമായി സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു വന്നതും അപ്രകാരം തന്നെ. അതിലെ അക്കങ്ങളും മലയാളത്തിലായിരുന്നു. ഇംഗ്ലീഷ് മാസവും തീയതിയും അതിലെ കള്ളികളുടെ ചുവട്ടില്‍ എഴുതിയിരുന്നുവെന്നു മാത്രം. ചിങ്ങം ഒന്നാംതീയതിയാണ് അക്കാലത്ത് വര്‍ഷാരംഭം. കര്‍ക്കിടകം 31 വര്‍ഷാവസാനവും. ആടി അറുതി, ആവണിപ്പിറപ്പ് എന്ന രണ്ടുദിവസങ്ങള്‍ അക്കാലത്ത് പള്ളിക്കൂടങ്ങളില്‍ അവധിയായിരുന്നു. ഏതായാലും ചിങ്ങം ഒന്നിന് ആഘോഷങ്ങളില്ലായിരുന്നു.
ബ്രിട്ടീഷ് ഭരണം നമ്മുടെ മേല്‍ കെട്ടിയേല്‍പ്പിച്ചതാണ് ക്രിസ്തുവര്‍ഷം, ജനുവരി, ഫെബ്രുവര്യാദി മാസങ്ങളും ഭാരതത്തിലെ മറ്റു സ്ഥലങ്ങളില്‍ വിക്രമ സംവത്സരവും ശകാബ്ദവും നിലനിന്നു. തമിഴ്നാട്ടിലും കൊല്ലവര്‍ഷം തന്നെയായിരുന്നു. വിക്രമാബ്ദത്തിന് ചൈത്രമാസത്തില്‍ പുതുവര്‍ഷാരംഭം. അതിന് വര്‍ഷപ്രതിപ്രദ, യുഗാദി തുടങ്ങിയ പേരില്‍ ആഘോഷങ്ങളുമുണ്ടായിരുന്നു. ബ്രിട്ടീഷുകാര്‍ നാടുവിട്ടപ്പോള്‍ അവര്‍ കെട്ടിയേല്‍പ്പിച്ച കാലഗണനാരീതിയും വലിച്ചെറിയേണ്ടതായിരുന്നു.
പക്ഷേ അവര്‍ ചുമലില്‍ വെച്ചു കെട്ടിയ നുകം അഭിമാനമായി കരുതിയ നേതൃത്വം ഭാഷയും ഭരണരീതിയും കാലഗണനയുമൊക്കെ അലങ്കാരമായി സ്വീകരിക്കുന്നു. ലോകത്ത് സ്വാഭിമാനമുള്ള ഒരു രാജ്യവും തങ്ങളുടേതായ സമ്പ്രദായങ്ങളെ പുനരുദ്ധരിക്കാതിരുന്നില്ല. ലോകമെങ്ങും ചിതറിക്കിടന്ന ഇസേയേല് ജനത, തങ്ങളുടെ വാഗ്ദത്തഭൂമി കൈവശമായപ്പോള്‍ 2000 വര്‍ഷത്തെ പഴക്കമുള്ള ഹീബ്രുഭാഷയെ വീണ്ടെടുത്ത് ഏറ്റവും നൂതന വിഷയങ്ങള്‍ക്ക് പ്രയോഗിക്കാന്‍ ഉപയുക്തമാകാത്തക്കവിധം വളര്‍ത്തി. 120 കോടി ജനങ്ങളുള്ള ഭാരതത്തിന് ഇക്കാര്യത്തില്‍ 45 ലക്ഷം മാത്രം ജനങ്ങളുള്ള ഇസേയേലിന്റെ ശേഷി കൈവരിക്കാന്‍ കഴിഞ്ഞില്ല.
നവവത്സരാഘോഷം മദ്യമഹോത്സവം തന്നെയായിരുന്നുവെന്ന് സംസ്ഥാനത്തെ ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പനയില്‍നിന്ന് മനസ്സിലാകുന്നു. ഓരോ നഗരവും വിദേശമദ്യപാനോത്സവത്തില് ഒന്നിനൊന്നു മത്സരിക്കുകയായിരുന്നു. ചെറുപ്പത്തില്‍ ഏതു നാടിനേയും പരിഹസിക്കാനായി പ്രചരിച്ചിരുന്ന ഒരു ശ്ലോകമുണ്ട്.
നാടു നാടു മഹാനാട്
നേരുകേടിന്റെയുത്ഭവം
അന്നം നാസ്തി ജലം നാസ്തി
കള്ളുകൊണ്ട് മഹോത്സവം
ഇന്ന് മഹോത്സവം കള്ളുകൊണ്ടല്ല. കാരണം കള്ളു ചെത്ത് എന്നേ അവസാനിപ്പിച്ചു കഴിഞ്ഞു. കുപ്പിയും പെയ്ന്റും മതിയിന്ന്, ജാറയും ചിരട്ടയും കോപ്പയും ഇന്നു കാണാനില്ല. പൊടികലക്കി പതപ്പിച്ചെടുക്കുന്ന വിഷമാണ് കള്ള് എന്ന പേരില്‍ വില്‍ക്കപ്പെടുന്നത്.
ചങ്ങമ്പുഴ പാടിയ
“വെള്ളം ചേര്‍ക്കാതെടുത്തോരമൃതിന് സമമാം നല്ലിളം കള്ള്” ഇന്ന് എവിടെ കിട്ടുമോ ആവോ?
ആവണിപ്പിറപ്പും വിഷു(വര്‍ഷപ്രതിപദ)വും നാം ആഘോഷിച്ചിരുന്നത് ഭാരതീയ പാരമ്പര്യത്തിനനുസരിച്ചുള്ള ചടങ്ങുകള്‍ നടത്തിയായിരുന്നു. ഇന്ന് അവയൊക്കെ വര്‍ഗീയതയുടെ ലക്ഷണങ്ങളായി. വിഷുവിനേയും ഓണത്തേയും വിദ്യാരംഭത്തെത്തന്നെയും വര്‍ഗീയതയുടെ (ഹൈന്ദവതയുടെ പിടിയില്‍നിന്ന് വിടുവിച്ചു മതേതരമാക്കാനുള്ള ശ്രമം കുറേ വര്‍ഷങ്ങളായി നടന്നുവരുന്നുണ്ടല്ലൊ. അതേപോലെ ജനുവരി ഒന്നിന് ഹൈന്ദവപാരമ്പര്യപ്രകാരമുള്ള ഒരാഘോഷം നടത്താന്‍ ശ്രീനാരായണഗുരു സ്വാമികല് തന്റെ ഭക്തന്മാര്ക്ക് നിര്‍ദ്ദേശം നല്‍കിയതിന്റെ ഫലമായി നടന്നുവരുന്ന ശിവഗിരി തീര്‍ത്ഥാടനത്തേയും മതേതര മൂടുപടമിടിക്കാന് അതില്‍ പങ്കെടുത്ത് പ്രഭാഷണം നടത്താന്‍ അവസരം കിട്ടുന്നവരൊക്കെ ശ്രമിക്കാറുണ്ട്.
ഇക്കാര്യങ്ങള്‍ എഴുതുമ്പോള്‍ മനസ്സില്‍ മറ്റൊരു ജനുവരി ഒന്നിന്റെ ഓര്മ ഉണര്‍ന്നുവരുന്നു. 1968 ജനുവരി ഒന്നാം തീയതിയാണത്. ഭാരതീയ ജനസംഘത്തിന്റെ 14-ാം അഖിലഭാരത സമ്മേളനത്തിന്റെ ഭാഗമായി മാതൃഭൂമിയുടെ ഭാഷയില്‍ “ഹിമാലയത്തില്‍നിന്നുത്ഭവിച്ച് ഉത്തരേന്ത്യയിലൊഴുകുന്നഗംഗ ഗതിമാറി ദക്ഷിണേന്ത്യയിലേക്ക് കുതിച്ചോട്ടം നടത്തിയതുപോലെ കാണപ്പെട്ട് ഇന്ത്യയുടെ വിവിധഭാഗങ്ങളുടെ സവിശേഷതകളെല്ലാം കൂടെ കൊണ്ടുവന്ന” മഹാശോഭായാത്രയും സമാപനസമ്മേളനവും മറ്റും കഴിഞ്ഞതിന്റെ അടുത്ത ദിവസമായിരുന്നു ഡിസംബര്‍ 31. ജനസംഘത്തിന്റെ തുടക്കം മുതല്‍ തന്നെ അതിന് സാരഥ്യം വഹിക്കുകയും രാജ്യത്തിന് നൂതനമായൊരു രാജനൈതികദര്ശനവും അത് പ്രായോഗികമാക്കാനുള്ള കര്‍മപദ്ധതിയും തയ്യാറാക്കിയ പണ്ഡിത ദീനദയാല്‍ ഉപാധ്യായ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട്, തന്റെ ആദ്യഘട്ടം അത്യന്തം വിജയകരമാംവിധം നിര്‍വഹിച്ചതിന്റെ അടുത്തദിവസമായിരുന്നു അത്. കോഴിക്കോട് നഗരമാകെ ഉത്സവപ്പിറ്റേന്നിന്റെ തളര്ച്ചയിലായിരുന്നപ്പോള് ദീനദയാല്‍ജി അടുത്ത കര്‍മ പരിപാടിയിലേക്ക് കടന്നു കഴിഞ്ഞു. സമ്മേളനാനന്തരം അടുത്ത ദിവസം, കോഴിക്കോട്ടെ പ്രമുഖ പൗരന്മാരടങ്ങുന്ന സ്വാഗത സമിതി അളകാപുരി ഹോട്ടല്‍ ആഡിറ്റോറിയത്തില്‍ ദീനദയാല്‍ജിക്ക് ഒരു സ്വീകരണം നല്കി. അതുല്യമായ ഒരു അഭിനന്ദന സദസ്സായിരുന്നു അത്. നഗരത്തിലെ പ്രമുഖരായ ഒട്ടേറെ വ്യക്തികള്‍ അതില്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസങ്ങളില്‍ കോഴിക്കോട് നഗരം ദര്‍ശിച്ച വിവരണങ്ങള്‍ക്ക് വഴങ്ങാത്ത ദൃശ്യങ്ങള്‍ക്ക് പുറമേ, സര്വപ്രശ്നസ്പര്ശിയും ഭാഷാത്മക സമീപനംകൊണ്ട് മനസ്സിനെ ഉദ്ഫുല്ലമാക്കുന്നതുമായ ദീനദയാല്‍ജിയുടെ അധ്യക്ഷ പ്രസംഗവും ആ സദസ്യരെയാകെ പ്രബുദ്ധരാക്കിയിരുന്നു. വന്നവരില്‍ ജനസംഘത്തിന്റെ മിക്ക ദേശീയ നേതാക്കളും പങ്കെടുത്തു. ദേവഗിരി കോളേജിന്റെ മാനേജര്‍ ഫാദര്‍ മലേനിയസ് അക്കൂട്ടത്തില്‍ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ജനസംഘത്തെപ്പറ്റി കൂടുതല്‍ അറിയാനും തെറ്റിദ്ധാരണകള്‍ നീക്കാനും സഹകരിക്കാനും തങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെന്ന് ഫാദര്‍ തന്റെ അഭിനന്ദന പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.
തലേന്ന് സമ്മേളനത്തിന്റെ സമാപന ഭാഷണത്തില്‍ ജനസംഘം ഭാരത രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തിയായി വളര്‍ന്നു കഴിഞ്ഞെന്നും ഭാരതത്തിലെ എല്ലാ വിഭാഗങ്ങളുടേയും വിശ്വാസമാര്ജിക്കണമെന്നും ദീനദയാല്‍ജി പ്രതിനിധികളോട് പറഞ്ഞിരുന്നു. എല്ലാ വിഭാഗങ്ങളുടേയും എന്നതുകൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത് ഹൈന്ദവേതര വിഭാഗത്തെയാവുമെന്ന ധാരണയിലായിരുന്നു ഫാ.മലേനിയസ് സംസാരിച്ചത്.
തങ്ങള്‍ക്ക് ക്രിസ്ത്യന്‍, മുസ്ലിം വിഭാഗങ്ങളുടെ ചിന്താഗതികളും ആശങ്കകളും അടുത്തറിയാന്‍ അവസരമുണ്ടായിട്ടില്ലെന്നും ആ വിഭാഗത്തില്‍പ്പെട്ടവര്‍ തുറന്ന മനസ്സോടെ ശങ്ക കൂടാതെ മുന്നോട്ടുവന്ന് സഹകരിച്ചാലേ അത് സാധിക്കുകയുള്ളൂവെന്നും ചൂണ്ടിക്കാട്ടി, അതിനായി അവരോട് ദീനദയാല്‍ജി ആഹ്വാനം ചെയ്തു
1967-ാ0 ആണ്ട് ആ പരിപാടിയോടെ അവസാനിച്ചു. അടുത്തനാള്‍ 1968 ജനുവരി ഒന്നാംതീയതി പുതുവത്സര ദിനത്തില്‍ ദീനദയാല്‍ജി കോഴിക്കോടിനോടു വിടപറഞ്ഞു. സമ്മേളനാവശ്യത്തിനായി അഞ്ചുദിവസം ദീനദയാല്‍ജി താമസിച്ച അളകാപുരി ഹോട്ടലുടമയും ജീവനക്കാരും അദ്ദേഹത്തിന് ഹൃദ്യമായ യാത്രയയപ്പ് നല്കി. അളകാപുരിയില്‍നിന്നും പുറപ്പെട്ട് അദ്ദേഹം മൈസൂറിലേക്കാണ് പോയത്. കേരളത്തെ സംബന്ധിച്ചിടത്തോളം അത് അന്തിമമായ വിടവാങ്ങലായിരുന്നു. ഭാരതത്തിന്റെ രാജനീതിക്കും സാംസ്ക്കാരിക മേഖലയ്ക്കും അമൂല്യമായ സംഭാവനകള്‍ തുടര്‍ന്നും നല്‍കാനുള്ള വ്യക്തിയെന്ന് രാജ്യം മുഴുവന്‍ പ്രതീക്ഷയോടെ കാത്തിരുന്ന ദീനദയാല്‍ 41-ാം ദിവസം ദുരൂഹസാഹചര്യത്തില്‍ വധിക്കപ്പെടുകയായിരുന്നു.
അളകാപുരിയിലെ ചടങ്ങില്‍ വെച്ച് ദീനദയാല്‍ജി രണ്ട് പ്രഖ്യാപനങ്ങള്‍ നടത്തി. സമ്മേളന പിറ്റേന്ന് പുതിയ കേന്ദ്രീയ കാര്യസമിതിയെ പ്രഖ്യാപിക്കുകയായിരുന്നു അക്കാലത്ത് പതിവ്. അധ്യക്ഷന്‍, ഉപാധ്യക്ഷന്‍, പൊതു കാര്യദര്‍ശി, ദേശീയകാര്യദര്ശിമാര്, കോശാധ്യക്ഷന്‍ എന്നിവര്‍ക്ക് പുറമെ അംഗങ്ങളും ചേര്‍ന്നതായിരുന്നു കാര്യസമിതി. സംസ്ഥാനത്തിന്റെ മാത്രം ചുമതല വഹിച്ചുവന്ന പരമേശ്വര്‍ജിയെ ദേശീയ കാര്യദര്‍ശിയായും സംസ്ഥാന കാര്യദര്‍ശിയായിരുന്ന രാജേട്ടനെ കാര്യസമിതിയംഗമായും ദീനദയാല്‍ജി നിയമിച്ചു. നാലുപതിറ്റാണ്ടിലേറെക്കാലം ജനസംഘത്തിന്റെയും ബിജെപിയുടെ ദേശീയ നേതൃനിരയില്‍ തിളങ്ങി നില്ക്കുന്ന രാജേട്ടനെ ആദ്യമായി ആ രംഗത്തേക്ക് നയിച്ചത് ദീനദയാല്‍ജിയുടെ അന്നത്തെ നടപടിയായിരുന്നു. തന്റെ കാഴ്ചപ്പാടിലും ധാരണയിലും ദീനദയാല്‍ജി നല്കിയ പുതിയ വെളിച്ചത്തെപ്പറ്റി രാജേട്ടന് ജീവിതാമൃതം എന്ന ആത്മകഥയില്‍ വിവരിക്കുന്നുണ്ടല്ലൊ. അവിസ്മരണീയമായിരുന്നു 1968 ലെ ജനുവരി ഒന്ന്.
പി. നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: